മൂന്നു പേരുകൾ പറഞ്ഞാൽ രക്ഷിക്കാമെന്ന് ഇഡി വാഗ്ദാനം ചെയ്തു: സന്ദീപ് നായര്‍
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടെന്ന് നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍. മുൻ മന്ത്രി കെ.ടി.ജലീല്‍, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാനും സമ്മര്‍ദമുണ്ടായെന്നു സന്ദീപ് നായർ പറഞ്ഞു.
ഇവരുടെ പേര് പറഞ്ഞാല്‍ കേസില്‍നിന്നു രക്ഷിക്കാമെന്ന് ഇഡി വാഗ്ദാനം ചെയ്തു. സ്വര്‍ണക്കടത്തിലെ പങ്കിനെക്കുറിച്ച് പറയുന്നില്ല. കോണ്‍സുലേറ്റിനു ബാഗ് വന്നത് അറിഞ്ഞിരുന്നു. സ്വപ്ന സുരേഷിന്റെ കൂടെ ഒളിവില്‍ പോയത് സഹായിക്കാനാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഫ്ലാറ്റില്‍ പോയിട്ടുണ്ട്. ശിവശങ്കറിന് കേസില്‍ പങ്കില്ലെന്നാണ് വിശ്വാസമെന്നും സന്ദീപ് നായർ പറഞ്ഞു.
ലൈഫ് മിഷന്‍ ഇടപാടില്‍ കോണ്‍സുലേറ്റില്‍നിന്ന് കമ്മിഷന്‍ കിട്ടി. സര്‍ക്കാര്‍ പദ്ധതിയെന്ന് അറിയില്ലായിരുന്നു. കമ്മിഷന്‍ നിയമപരമാണ്. എല്ലാ കാര്യങ്ങളും കോടതിയെ ബോധിപ്പിക്കുമെന്നും സന്ദീപ് പറഞ്ഞു. പൂജപ്പുര ജയിലിലായിരുന്ന സന്ദീപ് നായർ, കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നാണ് ശനിയാഴ്ച ജയിൽ മോചിതനായത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വപ്ന സുരേഷും സരിത്തും സന്ദീപ് നായരുമടങ്ങുന്ന സംഘം വന്‍തോതില്‍ സ്വര്‍ണം കടത്തിയെന്നാണ് കേസ്. കൊഫേപോസ തള്ളിയെങ്കിലും സ്വപ്ന സുരേഷ് ജയിലില്‍ തന്നെയാണ്. എന്‍എഎ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചിതയാകൂ. സരിത്തിനെതിരായ കൊഫേപോസ നിലനില്‍ക്കുന്നതിനാല്‍ ഉടന്‍ പുറത്തിറങ്ങാനാകില്ല.
English Summary: Sandeep Nair against Enforcement Directorate