കൊടുംക്രൂരതയ്ക്ക് കൊലക്കയറോ?; കേരള പൊലീസിന് ഒരു പൊൻതൂവൽ
Mail This Article
കൊല്ലം∙ ഉത്രയുടെ കുടുംബത്തിനൊപ്പം കേരളാ പൊലീസിനും ഏറെ സന്തോഷം നൽകുന്നതാണ് ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന കോടതിയുടെ കണ്ടെത്തൽ. പ്രതിക്കു പരമാവധി ശിക്ഷയായ തൂക്കുക്കയർ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരും ബന്ധുക്കളും കരുതുന്നത്. സൂരജിനെ രാവിലെ കോടതിയിൽ എത്തിച്ചപ്പോൾ കാണാന്‍ വലിയ ആൾക്കൂട്ടം തന്നെ ഉണ്ടായിരുന്നു.
ഏറെ ശ്രമപ്പെട്ടാണ് സൂരജിനെ പൊലീസ് കോടതിക്കുള്ളില്‍ കയറ്റിയത്. കോടതിയില്‍ സൂരജിന്റെ വീട്ടുകാര്‍ ആരും ഉണ്ടായിരുന്നില്ല. പക്ഷേ മകളുടെ ഘാതകന് എന്തു ശിക്ഷയാണു ലഭിക്കുന്നതെന്നറിയാന്‍ ഉത്രയുടെ അച്ഛനും സഹോദരനും രാവിലെ തന്നെ എത്തി.
മികവാർന്ന അന്വേഷണമായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഉത്രയുടെ അച്ഛൻ പറഞ്ഞു. ഉത്രയുടെ അമ്മ അഞ്ചല്‍ ഏറത്തെ വീട്ടില്‍ ടിവിയിലൂടെ കോടതി നടപടികള്‍ അറിഞ്ഞുകൊണ്ടിരുന്നു. ദൃക്സാക്ഷികളില്ലാത്ത കൊലപാതം കോടതിക്കു മുന്നില്‍ തെളിയിച്ച സംഘത്തിനു പൊലീസ് മേധാവി അനിൽകാന്ത് അഭിനന്ദനം അറിയിച്ചു.
വിവിധ വകുപ്പുകളുടെ സഹകരണം കൊണ്ടാണു കൊലപാതകം തെളിയിക്കാനായതെന്ന് അന്വേഷണ സംഘ തലവനും മുന്‍ കൊല്ലം റൂറല്‍ എസ്പിയുമായിരുന്ന ഹരിശങ്കര്‍ പറഞ്ഞു. കിട്ടിയ തെളിവുകളെല്ലാം കൂട്ടിയിണക്കി ഇതിൽ കൊലപാതകം അല്ലാതെ മറ്റൊരു സാഹചര്യമില്ലെന്ന രീതിയിൽ കോടതിയിൽ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും ഹരിശങ്കർ പറഞ്ഞു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി എ.അശോകന്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷ് തുടങ്ങിയവരും കോടതിയില്‍ എത്തിയിരുന്നു.
English Summary : Police got appreciation in Uthra murder case investigation