ADVERTISEMENT

കൽപറ്റ ∙ കേരള മോഡലിൽനിന്നു പഠിച്ച് ‘സെമി കേഡർ’ ആകാനൊരുങ്ങി തമിഴ്നാട് കോൺഗ്രസ്. ടിഎൻസിസി പ്രസിഡന്റ് കെ.എസ്.അഴഗിരി നേരിട്ടെത്തിയാണ് കേരളത്തിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളെക്കുറിച്ചുള്ള പഠനം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽനിന്ന് ഹൈക്കമാൻഡ് ഏറ്റവും കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളിലൊന്നാണു തമിഴ്നാട്. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ മത്സരിച്ച് 18 എണ്ണത്തിൽ വിജയിക്കാൻ കോൺഗ്രസിനായിരുന്നു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 8 സീറ്റും നേടി. ഡിഎംകെയ്ക്കൊപ്പം യുപിഎ മുന്നണിയായി മത്സരിച്ച കോൺഗ്രസിനു സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തമിഴ്നാട്ടിലുണ്ടായത്. ഇതു നിലനിർത്തണമെങ്കിൽ സംഘടനാതലത്തിലും അഴിച്ചുപണി വേണമെന്നതിനാലാണു കേരള മോഡലിനെക്കുറിച്ചു പഠിക്കാൻ അഴഗിരി വയനാട്ടിലെത്തിയത്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ നെന്മേനി മണ്ഡലത്തിൽ മാത്രം 34 ബൂത്തൂകളിലായി 204 യൂണിറ്റ് കമ്മിറ്റികളാണ് ഡിസിസി രൂപീകരിച്ചത്. മറ്റു മണ്ഡലങ്ങളിലും യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം നടക്കുന്നു. കോൺഗ്രസിൽ വരുത്തിയ പുതിയ മാറ്റങ്ങളെക്കുറിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവരോട് അഴഗിരി ചോദിച്ചറിഞ്ഞു. ജില്ലയിലെ പാർട്ടി പ്രവർത്തകരുമായും തമിഴ്നാട് കോൺഗ്രസ് പ്രതിനിധികൾ ചർച്ച നടത്തി. തമിഴ്നാട് നീലഗിരിയിലെ ഭൂപ്രശ്നങ്ങളിൽ കോൺഗ്രസ് നടത്താനുദ്ദേശിക്കുന്ന തുടർപ്രക്ഷോഭങ്ങളെക്കുറിച്ച് ആലോചിക്കാനായി ഗൂഡല്ലൂരിൽ നടന്ന സന്ദർശനത്തിനിടെയാണ് അഴഗിരി വയനാട്ടിലുമെത്തിയത്.

കേരളത്തിലെ സെമി കേ‍‍ഡർ സിസ്റ്റം പകർത്താനായാൽ മാത്രമേ ഒറ്റയ്ക്കു ജയിക്കാവുന്ന പാർട്ടിയായി തമിഴ്നാട്ടിലെ കോൺഗ്രസിനു മാറാനാകൂവെന്ന് ടിഎൻസിസി ജനറൽ സെക്രട്ടറി കോശി ബേബി മനോരമയോടു പറഞ്ഞു. കാമരാജ് യുഗത്തിനുശേഷം അധികാരത്തിൽനിന്നു തുടർച്ചയായി വിട്ടുനിൽക്കേണ്ടിവന്നതിന്റെ പോരായ്മകൾ തമിഴ്നാട്ടിലെയും സംഘടനാസംവിധാനത്തിനുണ്ട്. കോൺഗ്രസിന് ഒരു ബൂത്ത് കമ്മിറ്റി പോലും ഇല്ലാത്ത പഞ്ചായത്തുകൾ ഒട്ടേറെ.‌‌

vd-satheeshan-k-sudhakran
വി.ഡി.സതീശൻ, കെ.സുധാകരൻ

നേരത്തെ കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ജില്ലകളിൽപോലും അണികൾ കൂട്ടത്തോടെ ഡിഎംകെയിലേക്കും അണ്ണാഡിഎംകെയിലേക്കും പോയി. തമിഴ്നാട്ടിൽ ബിജെപി പതിയെ ശക്തിപ്രാപിക്കുന്നതും ഹൈക്കമാൻഡ് കണക്കിലെടുക്കുന്നുണ്ട്. അധികാരമില്ലെങ്കിലും, കേരളം രാജ്യത്തുതന്നെ കോൺഗ്രസിനു ശക്തമായ സംഘടനാസംവിധാനമുള്ള സംസ്ഥാനമാണ്. കേരളത്തിലെ സംഘടനാരീതി അതേപടി നടപ്പിലാക്കുന്നതിൽ തമിഴ്നാട്ടിലെ പാർട്ടിക്കു പ്രായോഗിക പ്രശ്നങ്ങളുണ്ടാകും. എങ്കിലും പരമാവധി കെട്ടുറപ്പുള്ള സംഘടന വാർത്തെടുക്കാനാണു ശ്രമമെന്നു കോശി ബേബി പറഞ്ഞു.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 48 സീറ്റുകളിൽ മത്സരിച്ച് 34 ഇടങ്ങളിൽ വിജയിച്ച പാർട്ടിയാണെങ്കിലും പിന്നീട് തമ്മിലടിയും ഗ്രൂപ്പിസവും കോൺഗ്രസിന്റെ ശക്തി വീണ്ടും ക്ഷയിപ്പിച്ചു. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് തമിഴ്നാട്. ആകെയുള്ള 39ൽ പരമാവധി സീറ്റുകൾ നേടിയെടുക്കണമെന്ന ലക്ഷ്യത്തോടെയാണു കോൺഗ്രസ് പ്രവർത്തനം. ഡിഎംകെ സഖ്യത്തിലാണ് പ്രതീക്ഷയത്രയുമെങ്കിലും സ്വന്തം നിലയ്ക്കു മുന്നേറണമെങ്കിൽ ജൂനിയർ പാർട്ണർ ആയാൽ പോരെന്ന തിരിച്ചറിവും തങ്ങൾക്കുണ്ടെന്നു നേതാക്കൾ പറയുന്നു.

രാഹുൽ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ
രാഹുൽ ഗാന്ധി

മികച്ച കേഡർമാരെ കണ്ടെത്താനായി തമിഴ്നാട്ടിൽ ഗ്രൗണ്ട് സീറോ സർവേയ്ക്ക് ഇതിനോടകം കോൺഗ്രസ് തുടക്കമിട്ടിട്ടുണ്ട്. 12 സർക്കിളുകളായി തിരിച്ചാണു സർവേ. 5 ഇടത്ത് സർവേ പൂർത്തിയായി. യുവാക്കൾ, സ്ത്രീകൾ, ദലിതർ എന്നിവരിൽനിന്നുൾപ്പെടെ പുതിയ കേഡർമാരെ കണ്ടെത്തി വളർത്തിയെടുക്കാനാണ് പാർട്ടി തീരുമാനമെന്ന് നേതാക്കൾ പറഞ്ഞു. സജീവമല്ലാതായ അണികളെയും നേതാക്കളെയും കണ്ടെത്തി മുഖ്യധാരയിലേക്കു കൊണ്ടുവരികയും ലക്ഷ്യമാണ്. നിലവിൽ 32 വൈസ് പ്രസിഡന്റുമാരും 57 ജനറൽ സെക്രട്ടറിമാരും 104 സെക്രട്ടറിമാരുമാണ് കോൺഗ്രസിനു തമിഴ്നാട്ടിലുള്ളത്. ജംബോ കമ്മിറ്റികളെ അഴിച്ചുപണിതു സംഘടനയിൽ പുതുജീവൻ കൊണ്ടുവരികയാണു പ്രധാന കടമ്പ.

English Summary: Tamil Nadu Congress ready to copy KPCC ‘semi cadre’ system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com