‘ഉള്ളത് ഉടുതുണി മാത്രം’; കണ്മുന്നില് ഇരുനില വീട് അപ്രത്യക്ഷമായി: ഞെട്ടലില് പുഷ്പ
Mail This Article
മുണ്ടക്കയം (കോട്ടയം) ∙ ‘എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഇനി ഒന്നിൽനിന്ന് തുടങ്ങണം. ജീവൻ തിരിച്ചു കിട്ടിയല്ലോ, അതുതന്നെ ഭാഗ്യം. വീട്ടിൽനിന്ന് ഒന്നും എടുത്തില്ല. ഉടുത്തിരിക്കുന്ന വസ്ത്രം മാത്രമാണ് ഇപ്പോൾ ആകെ കൈയിലുള്ളത്.’– ഇതു പറയുമ്പോൾ പുഷ്പയുടെ കണ്ണുകളിൽ ഭീതി നിഴലിക്കുന്നുണ്ടായിരുന്നു. സുരക്ഷിതമെന്ന് വിശ്വസിക്കുന്ന വീട് കൺമുമ്പിൽ അപ്രത്യക്ഷമായതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല, മുണ്ടക്കയത്തെ ജെബിന്റെ ഭാര്യ പുഷ്പയ്ക്ക്.
കേരളം മുഴുവൻ കണ്ട ആ വിഡിയോയിലെ വീട് കൊല്ലംപറമ്പിൽ കെ.പി.ജെബിയുടെ 25 വർഷത്തെ അധ്വാനമാണ്. മുണ്ടക്കയം ടൗണിനു സമീപം കല്ലേപ്പാലം റോഡിലുള്ള വീടാണ് ശനിയാഴ്ച ഉച്ചയ്ക്കു 12.15ന് നാട്ടുകാർ നോക്കിനിൽക്കെ പ്രളയജലമെടുത്തത്. സ്വകാര്യബസ് ഡ്രൈവറായ ജെബി അപ്പോൾ പൊൻകുന്നത്തിനു സമീപം വെള്ളപ്പൊക്കത്തിൽ യാത്ര തടസ്സപ്പെട്ട ബസിലായിരുന്നു.
ഭാര്യ പുഷ്പയും മകൾ രേവതിയും മാത്രമായിരുന്നു വീട്ടിൽ. രാവിലെ ജോലിക്കു പോകും മുൻപ് ജെബി കുളിക്കാനിറങ്ങുമ്പോൾ പുഴ ശാന്തമായിരുന്നു. 10 മണിയോടെയാണു വെള്ളം ഉയർന്നത്. 12 മണിയോടെ അതിശക്തമായ കുത്തൊഴുക്കായി. പ്രദേശത്തു വിള്ളൽ കണ്ടതോടെ വീട്ടുകാരെ സമീപത്തുള്ളവർ വിളിച്ചു പുറത്തേക്കിറക്കി. ഇവരെല്ലാം നോക്കിനിൽക്കെയാണ് ഇരുനില വീട് ആറ്റിലേക്കു മറിഞ്ഞത്. അയൽവാസിയായ അമീർ ഇസ്മായിൽ പകർത്തിയ വിഡിയോ ആണ് പിന്നീടു കേരളം നെഞ്ചിടിപ്പോടെ കണ്ടത്.
‘സംഭവസമയം 25ഓളം പേർ വീട്ടിൽ ഉണ്ടായിരുന്നു. എല്ലാവരെയും പെട്ടെന്ന് ഇറക്കി വാതിൽ പൂട്ടി പുറത്തിറങ്ങി അരമണിക്കൂറിനകം വീട് പോയി. വീട് ഇടിയുമെന്ന് അറിയത്തില്ലല്ലോ, നല്ലൊരു വീടല്ലെ? അതിന് ചലനം സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. വീട് സുരക്ഷിതമാണെന്ന് കരുതിയാണ് അയൽക്കാരൊക്കെ വീട്ടിൽ വന്നു നിന്നത്. ഇനി ജീവിതം എങ്ങനെയാണെന്ന് ദൈവത്തിന് മാത്രമേ അറിയൂ. ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണം.’– പുഷ്പ നെഞ്ചിടിപ്പോടെ പറയുന്നു.
റോഡ് നിരപ്പിൽ ഒരു നിലയും അതിനു താഴെ മറ്റൊരു നിലയുമായിരുന്നു വീട്. രാത്രിയോടെ ജെബി എത്തിയെങ്കിലും വീടിരുന്ന സ്ഥലത്തേക്ക് പോയില്ല. രണ്ടു മക്കളിലൊരാൾ വിവാഹിതയായി. മറ്റൊരാൾ ബിരുദാനന്തരബിരുദത്തിനു പഠിക്കുന്നു. കുട്ടികൾ കളിച്ചു വളർന്നത് ഈ വീട്ടിലാണ്. അവരോട് എന്തു പറയുമെന്നറിയില്ല – ജെബിയുടെ വാക്കുകൾ മുറിഞ്ഞു.
പണവും രേഖകളും അടക്കമാണ് വെള്ളത്തിൽ ഒലിച്ചു പോയത്. കുടുംബശ്രീയിൽനിന്ന് ലോണെടുത്ത പൈസയും മകളുടെ സ്വർണം പണയംവച്ച തുകയും അടക്കം രണ്ടര ലക്ഷത്തോളം രൂപയും വീടിനോടൊപ്പം തന്നെ ഒലിച്ചു പോയെന്ന് ജെബി പറഞ്ഞു. സഹോദരന്റെ വീട്ടിലാണ് ഇപ്പോൾ താമസം. ജെബിയുടെ വീടിനു തൊട്ടടുത്ത ഷാസ് നികുഞ്ജത്തിൽ കണ്ണന്റെ വീടും അൽപസമയത്തിനുള്ളിൽ പൂർണമായും ആറ്റിലേക്കു പതിച്ചു. ഇവിടെ 17 വീടുകൾക്കു നാശമുണ്ട്.
English Summary: Mundakkayam House Collapse Reaction