രക്ഷകരായി കേരളത്തിന്റെ സൈന്യം റെഡി!; ആലുവയിൽ തമ്പടിച്ച് 13 വള്ളങ്ങൾ
Mail This Article
കൊച്ചി∙ ഇടുക്കി ഡാം ഉള്‍പ്പെടെ തുറന്ന പശ്ചാത്തലത്തില്‍ 2018-ലേതിനു സമാനമായ പ്രളയ സാഹചര്യമുണ്ടായാല്‍ സാധിക്കും വിധം തടയിടാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ആലുവ പ്രദേശത്ത് തമ്പടിച്ച് കടലിന്റെ മക്കൾ. നേരത്തെ ദുരന്തമുഖത്ത് സമാനതകളില്ലാത്ത സേവനം കാഴ്ച വച്ച് രാജ്യത്തിന്റെ തന്നെ പ്രശംസ പിടിച്ചു പറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യം. കൊച്ചിയുടെ വൈപ്പിൻ, ചെല്ലാനം തീര മേഖലയിൽ നിന്നുള്ള 13 വള്ളങ്ങളാണ് ആലുവ പ്രദേശത്തു തമ്പടിച്ചിരിക്കുന്നത്. ഓരോ ബോട്ടിലും നാലിൽ അധികം തൊഴിലാളികളുമുണ്ട്.
നിലവിൽ അടിയന്തര സാഹചര്യമില്ലെങ്കിലും അപ്രതീക്ഷിതമായി ഒരു സാഹചര്യം രൂപപ്പെട്ടാൽ അതിനെ നേരിടാൻ കലക്ടറേറ്റിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് കടലിനോടു പൊരുതുന്ന കരുത്തുമായി ഇവർ എത്തിയിരിക്കുന്നത്. ആലുവാപ്പുഴ കവിഞ്ഞു വെള്ളമെത്തിയാൽ ആളുകളെ ഒഴിപ്പിക്കേണ്ട സ്ഥലങ്ങളെല്ലാം മുന്നിൽ കണക്കാക്കിയാണ് സംഘത്തിന്റെ നിൽപ്. കഴിഞ്ഞ പ്രാവശ്യം പ്രളയമുണ്ടായപ്പോൾ രക്ഷാ പ്രവർത്തനത്തിനെത്തിയ വള്ളങ്ങൾക്കുണ്ടായ നഷ്ടങ്ങൾ പരിഹരിക്കുമെന്ന വാഗ്ദാനങ്ങൾ പാഴായെങ്കിലും ചെയ്യാനുള്ളതു ചെയ്യുമെന്നാണ് പ്രതികരണം. അടിയന്തര സാഹചര്യമുണ്ടായാൽ കൂടുതൽ വള്ളങ്ങൾ എത്തിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം വൈകിട്ടോടെ എത്തുമെങ്കിലും കാര്യമായി ജലനിരപ്പ് ഉയരില്ലെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും ജില്ലാ ഭരണകൂടം ഇടപെട്ട് കടുത്ത സുരക്ഷാ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. വിവിധ മേഖലകളിൽ ദേശീയ ദുരന്ത നിവാരണ സേനയെ സജ്ജമാക്കിയിട്ടുണ്ട്. ഇടമലയാറിന്റെ രണ്ട് ഷട്ടറുകളും രാവിലെ ഉയർത്തിയിരുന്നു. അതിനു ശേഷവും ഭൂതത്താൻ കെട്ടിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം എത്തുമ്പോഴും പെരിയാർ ജലനിരപ്പ് ഒരു പരിധിയിൽ കൂടുതൽ ഉയരില്ല എന്നത് ആശ്വാസകരമാണ്. 2018ൽ പെരിയാർ നിറഞ്ഞു കിടക്കുമ്പോഴായിരുന്നു ഡാമുകൾ തുറന്നത് എന്നതാണ് ദുരന്തത്തിനു വഴിയൊരുക്കിയത്.
English Summary: Fisherman ready for rescue operations if water level increases in periyar