കോഴിക്കോട് പിവിഎസ് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. ടി.കെ.ജയരാജ് അന്തരിച്ചു
Mail This Article
കോഴിക്കോട്∙ പിവിഎസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറും ചീഫ് സർജനും പ്രശസ്ത യൂറോളജി സർജനുമായ തളി ‘കല്പക’യിൽ ഡോ. ടി.കെ.ജയരാജ് (82) അന്തരിച്ചു. 2006 മുതൽ മാതൃഭൂമി ഡയറക്ടറാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് ബിരുദം നേടിയ ജയരാജ്, കേരള ഗവ. സർവീസിൽ അസിസ്റ്റന്റ് സർജനായാണ് കരിയർ തുടങ്ങിയത്. എംഎസ്, എഫ്‌ഐസിഎസ്, എഫ്ഐഎംഎസ്എ ബിരുദങ്ങളും നേടി.
1965 മുതൽ 1974 വരെ വിവിധ സർക്കാർ ആശുപത്രികളിൽ അസിസ്റ്റന്റ് സർജനായി പ്രവർത്തിച്ചു. 1976-ൽ കോഴിക്കോട് പിവിഎസ് ഹോസ്പിറ്റൽ തുടങ്ങിയതുമുതൽ അതിന്റെ നേതൃത്വത്തിൽ അദ്ദേഹമുണ്ടായിരുന്നു. എളിയനിലയിൽ തുടങ്ങിയ സ്ഥാപനത്തെ മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാക്കി വളർത്തുന്നതിൽ നിർണായകപങ്കു വഹിച്ചു. രാജ്യാന്തരതലത്തിൽ നടന്ന മെഡിക്കൽ സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ ഭരണസമിതിയംഗം, കേരള ചാപ്റ്റർ പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ്, കാലിക്കറ്റ് യൂറോളജി ക്ലബ് പ്രസിഡന്റ്, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ്, ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ വലപ്പാട്ട് മലബാർ ഡിസ്ട്രിക്ട് ബോർഡിൽ സ്‌കൂൾ അധ്യാപകനായിരുന്ന എടമുട്ടം തണ്ടയം പറമ്പിൽ കുഞ്ഞുകൃഷ്ണന്റെയും കാർത്യായനിയുടെയും മകനായി 1939 ജൂലൈ ഏഴിനാണ് ജനനം. കെടിസി സ്ഥാപകനും പ്രമുഖ വ്യവസായിയുമായ പി.വി.സാമിയുടെ മകൾ കുമാരി ജയരാജാണ് ഭാര്യ.
മക്കൾ: ഡോ.ജെയ്‌സി ബൈജു (ഹാർട്ട് ആൻഡ് വാസ്‌കുലാർ കെയർ, ഫ്ലോറിഡ, യുഎസ്), ഡോ.ദീപ സുനിൽ (പിവിഎസ് ഹോസ്പിറ്റൽ, കോഴിക്കോട്), ഡോ.ജയ് കിഷ് ജയരാജ് (ഡയറക്ടർ, പിവിഎസ്. ഹോസ്പിറ്റൽ), ഡോ.ദീഷ്മ രാജേഷ് (പിവിഎസ് ഹോസ്പിറ്റൽ). മരുമക്കൾ: ഡോ.പ്രദീപ് ബൈജു (ഹാർട്ട് ആൻഡ് വാസ്‌കുലാർ കെയർ, ഫ്ലോറിഡ, യുഎസ്), ഡോ.സുനിൽ രാഹുലൻ (ദുബായ്), ഡോ.ആര്യ ജയ് കിഷ് (പിവിഎസ് ഹോസ്പിറ്റൽ), ഡോ. രാജേഷ് സുഭാഷ് (പിവിഎസ് ഹോസ്പിറ്റൽ).
സഹോദരങ്ങൾ: സാവിത്രി (ഫറോക്ക്), സതി (അയ്യന്തോൾ), പരേതരായ ഡോ.ടി.കെ.രവീന്ദ്രൻ (കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ), ഗംഗാധരൻ (വിമുക്തഭടൻ), ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. കോളജ്, ചാലക്കുടി), സുരേന്ദ്രൻ (റിട്ട. ഇന്ത്യൻ റവന്യൂ സർവീസ്), സരോജിനി, സരസ്വതി. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, മുഴുവൻ സമയ ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായ പി.വി.ഗംഗാധരൻ എന്നിവർ ഭാര്യാസഹോദരന്മാരാണ്.
English Summary: Kozhikode PVS Hospital MD T.K Jayaraj passes away