പട്ടികവർഗ വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്; തുടക്കമിട്ട് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ ‘വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് പുതിയ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. 1 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കാണ് ലാപ്ടോപ് ലഭിക്കുക. 10, 12 ക്ലാസുകളില്‍ പഠിക്കുന്ന ലാപ്ടോപ് ആവശ്യമുള്ള പട്ടികജാതി കുട്ടികള്‍ക്കും ഈ ഘട്ടത്തില്‍ ലഭ്യമാക്കും.
14 ജില്ലകളിലുമായി 45,313 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ലാപ്‍ടോപ്പുകള്‍ ഉറപ്പാക്കി ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൂടുതൽ പരിഗണന നല്‍കി ഡിജിറ്റല്‍ വിഭജനത്തെ ഇല്ലാതാക്കുന്നതിനായി സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് ഈ പദ്ധതി കൂടുതൽ ഊർജം പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നിനു നികുതിയുള്‍പ്പെടെ 18,000 രൂപ എന്ന നിരക്കില്‍ 81.56 കോടി രൂപയ്ക്കുള്ള ലാപ്‍ടോപ്പുകളാണ് ഒരു മാസത്തിനകം വിതരണം ചെയ്യുക. നവംബറിൽ വിതരണം പൂര്‍ത്തിയാക്കും.
English Summary: CM Pinarayi Vijayan inaugurates free laptop scheme for ST students