ADVERTISEMENT

കോഴിക്കോട്∙ എംജി സർവകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ– എഎസ്എഫ്ഐ തർക്കം കെഎസ്‌യുവിന്റെ മേൽ കെട്ടിവയ്ക്കേണ്ടെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്. ജനാധിപത്യ രീതിയിൽ മത്സരിക്കാനിറങ്ങിയ വിദ്യാർഥി സംഘടനാ പ്രവർത്തകരെ മർദിച്ച ശേഷം ന്യായീകരിക്കാനിറങ്ങിയാൽ തൊണ്ട തൊടാതെ വിഴുങ്ങാൻ സിപിഎമ്മിനു മസ്തിഷ്കം പണയം വെച്ചവരല്ല ഇവിടെ ഉള്ളവരെന്നും കെ.എം.അഭിജിത്ത് പറഞ്ഞു. എഐഎസ്എഫ് പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചു പത്രസമ്മേളനം നടത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവിനു പത്രസമ്മേളനത്തിലൂടെ മറുപടി നൽകുകയായിരുന്നു അഭിജിത്ത്. 

എംജി സർവകലാശാലയിൽ  നടന്നത് പച്ചയായ അട്ടിമറി

ഉത്തരേന്ത്യയിൽ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവരൊന്നും എംജി സർവകലാശാലയിൽ നടത്തിയ അട്ടിമറി ശ്രദ്ധിച്ചില്ല. ഒക്ടോബർ 21 നായിരുന്നു എംജി സർവകലാശാലയിലെ തിരഞ്ഞെടുപ്പ്. മുൻഗണനാ അടിസ്ഥാനത്തിലുള്ള പ്രിഫറൻസ് വോട്ട് ആണെന്നു തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ കൃത്യമായി പറഞ്ഞിരുന്നു. 15 സ്ഥാനങ്ങളിലേക്കു മത്സരിക്കുന്ന മത്സരാർഥികളുടെ പേരുകൾ ഒരു ബാലറ്റ് പേപ്പറിൽ എഴുതി വോട്ടർമാർക്ക് ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ മാർക്ക് ചെയ്യാൻ കഴിയുന്ന വിധത്തിലായിരുന്നു കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തിരഞ്ഞെടുപ്പ് നടത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇക്കുറി ബാലറ്റ് പേപ്പർ 7 എണ്ണമാക്കി വിഭജിച്ചു. എസ്എഫ്ഐ നേതാക്കൾക്കു വിജയിച്ചു വരാൻ വേണ്ടിയായിരുന്നു ഇത്. ‌സംഘപരിവാർ കുതന്ത്രം ഉപയോഗിച്ച് ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ വകഭേദമാണ് ഇടതു സർക്കാരിന്റെ കീഴിൽ എസ്എഫ്ഐ നടത്തിയത്. 

ഒക്ടോബർ 20 ന് ഉച്ചയ്ക്കാണ് വോട്ടിങ് പാറ്റേൺ മാറ്റിയത് ഞങ്ങൾ അറിയുന്നത്. കോടതിയെ സമീപിച്ച് തിരഞ്ഞെടുപ്പു സ്റ്റേ വാങ്ങാൻ പോലും സമയമില്ല. 21 നു രാവിലെ വിസിയെ കണ്ട് കാര്യം പറഞ്ഞു. ഇങ്ങനെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് ഭൂഷണമല്ലെന്ന് അറിയിച്ചു. വിസിക്ക് ബോധ്യമായി. വിസി റിട്ടേണിങ് ഓഫിസറെ വിളിച്ചു. എന്നാൽ ഇടതു നേതാവ് പറഞ്ഞത് തിരഞ്ഞെടുപ്പ് നടന്നോട്ടെ, മറ്റു കാര്യങ്ങൾ പിന്നീടു നോക്കാമെന്നാണ്. അതെന്തിനാണ്? തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞാൽ പിന്നെ തിരഞ്ഞെടുപ്പു കേസായി മാത്രമേ കോടതിയെ സമീപിക്കാനാകൂ. തീരുമാനമാകുന്നതു വരെ എസ്എഫ്ഐക്കാർക്ക് സ്ഥാനങ്ങളിൽ തുടരാം. എസ്എഫ്ഐക്കാർ ജയിക്കുന്നോ ഇല്ലയോ എന്നുള്ളതല്ലല്ലോ പ്രശ്നം. ചെറിയൊരു പ്രതിപക്ഷ ശബ്ദം പോലും ഇല്ലാതിരിക്കാൻ ഒരു സംവിധാനത്തെ ആകെ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചു എന്നതാണു പ്രശ്നം. 

ജനാധിപത്യം സംരക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ്  നിർത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു ഞങ്ങൾ വിസിയെ ഉപരോധിച്ചു. എന്നാൽ പിണറായി തമ്പ്രാന്റെ കുട്ടികൾ ജനാധിപത്യം കശാപ്പു ചെയ്താലും കുഴപ്പമില്ല, ഞങ്ങൾ ഇടപെട്ടാൽ തമ്പ്രാൻ കോപിക്കും എന്ന മട്ടിലായിരുന്നു അധികൃതരുടെ മറുപടി. ഒരു തിരഞ്ഞെടുപ്പ് ഇത്രയും ലാഘവത്തോടെ അട്ടിമറിച്ചിട്ട് സർവകലാശാലയെ നയിക്കാൻ ഇവർക്കൊക്കെ എന്തു യോഗ്യതയാണുള്ളത്?

1248-km-abhijith
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്

ഞാനടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു  നീക്കുമ്പോൾ എസ്എഫ്ഐക്കാർ ഞങ്ങളെ നോക്കി ആക്രോശിക്കുകയും തെറിവിളിക്കുകയുമായിരുന്നു. എന്നിട്ട് അവർ മുദ്രാവാക്യം വിളിക്കുകയാണ്. ‘‘സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്’’ എന്ന്. ഇതാണ് ഇവരുടെ ജനാധിപത്യം. 

അങ്ങാടിയിൽ തോറ്റതിന് അമ്മയോടു വേണ്ട 

എസ്എഫ്ഐ അക്രമത്തെ ന്യായീകരിച്ചു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവിന്റെ വാർത്താ സമ്മേളനം കണ്ടു. ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ ഞങ്ങളാരും മസ്തിഷ്കം പാർട്ടിക്കു പണയം വച്ചിട്ടില്ല. എഐഎസ്എഫ് സംഘർഷത്തിനു പിന്നിൽ കെഎസ്‌യു ആണെന്നാണ് സച്ചിന്റെ ആരോപണം. എഐഎസ്എഫ് കെഎസ്‌യുവുമായി മുന്നണിയുണ്ടാക്കിയെന്നാണ് ആരോപണം. ഞങ്ങൾ ആരുമായും മുന്നണിയുണ്ടാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് അട്ടിമറി ജനങ്ങൾ ചർച്ച ചെയ്യുമ്പോൾ കെഎസ്‌യുവിന്റെ മേൽ പഴി ചാരാൻ എസ്എഫ്ഐക്കു നാണമാകുന്നില്ലേ?

ഇതു വെറും എഐഎസ്എഫ്–എസ്എഫ്ഐ തർക്കമായി ചർച്ച ചെയ്യേണ്ട കാര്യമല്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്നു പറയുന്നത് അതിനേക്കാൾ ഗുരുതരമായ പ്രശ്നമാണ്. 

മുഖ്യമന്ത്രിയുടെ മൂക്കിൻ ചുവട്ടിലാണ് ഇതെല്ലാം നടക്കുന്നത്. വനിതാ നേതാക്കൾ കയ്യേറ്റം ചെയ്യപ്പെടുന്നു. ചെറിയൊരു പ്രതിപക്ഷ ശബ്ദം പോലും ഉയർന്നു വരാതിരിക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നത്. ഇനിയും ജനാധിപത്യത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നതിനു മുൻപ് എസ്എഫ്ഐയുടെ കൊടിയിലെ ജനാധിപത്യം എന്ന വാക്ക് മായ്ച്ചു കളയുന്നതാണ് നല്ലത്. 

പാർട്ടി സെക്രട്ടറിയുടെ വാക്കിനു പുല്ലുവില

ക്യാംപസുകളിൽ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്നും ജനാധിപത്യ വാദികളാകണമെന്നും എസ്എഫ്ഐയോടു പറയുന്നതിനേക്കാൾ നല്ലത് കല്ലുകളോടു പറയുന്നതാണ്. ഞങ്ങൾ പറയുന്നതു കേൾക്കേണ്ട, പാർട്ടി പറയുന്നതെങ്കിലും അനുസരിക്കാൻ എസ്എഫ്ഐ തയാറാകണം. സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ കോടിയേരി ബാലകൃഷ്ണൻ എസ്എഫ്ഐക്കു മുന്നറിയിപ്പു കൊടുത്തതാണ്, ക്യാംപസുകളിൽ പാർട്ടി കോട്ടകൾ വേണ്ട, ഏകാധിപത്യ കോട്ടകളാക്കരുതെന്ന്. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് എസ്എഫ്ഐ പുല്ലുവിലയാണു കൽപിക്കുന്നതെന്ന് ഇതോടെ മനസ്സിലായി. അതുകൊണ്ടാണ് സ്വന്തം മുന്നണിയിലെ ആളുകളെപ്പോലും ചാടി വീണു ചവിട്ടുന്ന ദൃശ്യങ്ങൾ കാണേണ്ടി വന്നത്.

പുറത്തു പറയാൻ കഴിയുന്ന വാക്കുകളും പ്രവൃത്തിയുമാണോ എസ്എഫ്ഐ ഒരു പെൺകുട്ടിയോടു ചെയ്തത്? ആറേഴു കൊല്ലം സിപിഎം കൊണ്ടു നടന്ന തട്ടിപ്പുകാരിയാണു സരിത എസ്. നായർ. അവരുടെ വാക്കുകൾ ഏറ്റെടുത്ത് കേരളത്തിലെ തെരുവുകളിൽ സമരം നടത്തിയ എസ്എഫ്ഐക്കാരാണ് കൃത്യമായ രാഷ്ട്രീയ ബോധമുള്ള എഐഎസ്എഫ് വനിതാ നേതാവിനോട് ഈ മട്ടിൽ  സംസാരിച്ചത്. പരാതി പറഞ്ഞപ്പോൾ പരാതിക്കാരിയെ മോശപ്പെട്ടവളാക്കാനാണു ശ്രമം. സമൂഹമാധ്യമങ്ങളിൽ അവഹേളിക്കാനും അപമാനിക്കാനും എസ്എഫ്ഐ പെൺകുട്ടികൾ തന്നെ രംഗത്തു വന്നു.  

sfi-aisf-5
എംജി സർവകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന എസ്എഫ്ഐ– എഎസ്എഫ്ഐ സംഘർഷം.

എന്നാലും സർവകലാശാലകളിലെ തിരഞ്ഞെടുപ്പുകളിൽ ഞങ്ങൾ ജയിക്കുന്നുണ്ട്, അതുകൊണ്ട് ഞങ്ങളാണ് ഏറ്റവും വലിയ വിദ്യാർഥി സംഘടന എന്നതാണ് ഇവരുടെ ഭാവം. സംഘപരിവാറും ഇതു തന്നെയാണു പറയുന്നത്. ഞങ്ങൾ ജനാധിപത്യ ധ്വംസനം നടത്തിയാലെന്താ എല്ലാ തിരഞ്ഞെടുപ്പുകളിലും ഞങ്ങൾ ജയിക്കുന്നുണ്ടല്ലോ എന്നതാണ് അവരുടെ നിലപാട്. അതേ നിലപാടിൽ ആർഎസ്എസിനെ കവച്ചു വയ്ക്കുന്ന രീതിയിലാണ് എസ്എഫ്ഐയുടെ പോക്ക്. ഇവരെ നിലയ്ക്കു നിർത്താൻ പാർട്ടിയും സർക്കാർ സംവിധാനങ്ങളും തയാറാകണം. വെല്ലുവിളിച്ച് എസ്എഫ്ഐ മുന്നോട്ടു പോകുമ്പോൾ  സർക്കാരും പൊലീസും നോക്കു കുത്തിയാകരുത്. 

കാനം രാജേന്ദ്രൻ ആ പണി വേറെ ആരെയെങ്കിലും ഏൽപിക്കണം

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അവസ്ഥയെ കുറിച്ചോർത്തു വലിയ പ്രയാസമുണ്ട്. അദ്ദേഹത്തിനു സർക്കാരിനെയും പിണറായിയെയും മാത്രം പേടിച്ചാൽ പോര, ഇപ്പോൾ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെയും പേടിക്കേണ്ട അവസ്ഥയാണ്. പിണറായിയോടു വല്ലതും എതിർത്തു പറഞ്ഞാൽ താങ്ങാൻ കഴിയാത്ത കാര്യങ്ങൾ പിണറായി മറുപടി പറഞ്ഞെന്നു വരും. അതുകൊണ്ടാണ് എഐഎസ്എഫ് നേതാവിന് അടികിട്ടിയിട്ടും വാ തുറക്കാത്തത്. മന്ത്രിസഭയിലുണ്ടല്ലോ അഞ്ചു മന്ത്രിമാർ. അവരെന്താ പ്രതികരിക്കാത്തത്?

1248-ksu-president

എഐഎസ്എഫ് നേതാക്കൾക്ക് അടി കിട്ടിയപ്പോൾ അവർക്കൊപ്പമല്ലാതിരുന്നിട്ടു കൂടി ഞങ്ങൾ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എസ്എഫ്ഐക്കാർക്കെതിരെ പ്രതിഷേധിച്ചു. ഞങ്ങൾ ചെയ്ത അത്രയെങ്കിലും ഇടപെടാൻ സിപിഐ തയാറായോ? പ്രതിഷേധിക്കുന്നു എന്ന ഒരു വാക്കു പോലും പറയാൻ കഴിയാത്ത കാനം രാജേന്ദ്രൻ ആ പദവി മറ്റാർക്കെങ്കിലും നൽകുന്നതാണു നല്ലത്. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം കെഎസ്‌യു തുടരും. ഇതിൽ ഒപ്പം നിൽക്കാൻ എത്തുന്ന ജനാധിപത്യ, മതേതര വിശ്വാസികളായ എല്ലാ സംഘടനകളെയും കൂടെ ചേർക്കും.

സാംസ്കാരിക നായകർ അവാർഡിനു വേണ്ടി ക്യൂവിലാണ്

എസ്എഫ്ഐ പ്രവർത്തകയായ അനുപമ സ്വന്തം കുഞ്ഞിനു വേണ്ടി തെരുവിൽ അലയുകയാണ്. കേരളത്തിലെ സാംസ്കാരിക നായകർക്കൊന്നും ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഒന്നുമുണ്ടാകില്ല. അവരൊക്കെ കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച അവാർഡുകൾക്കായി വരി നിൽക്കുകയാണ്. അവാർഡുകൾ കിട്ടാൻ വേണ്ടി അവർ പലതും പറയും, സർക്കാരിനെ പ്രശംസിക്കും. നാട്ടിൽ നടക്കുന്ന അഴിമതികൾക്കൊന്നും എതിരെ ഒന്നും പറയില്ലെന്നും കെ.എം.അഭിജിത്ത് പറഞ്ഞു. 

English Summary: SFI subverting democracy in MG varsity: Kerala Student Union president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com