ഇളയ സഹോദരനെന്ന് മമത; ടെന്നിസ് ഇതിഹാസം പെയ്സ് തൃണമൂലിൽ
Mail This Article
പനജി ∙ ഇന്ത്യൻ ടെന്നിസ് ഇതിഹാസം ലിയാൻഡർ പെയ്സ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിയുടെ സാന്നിധ്യത്തിൽ ഗോവയിലെ ചടങ്ങിലാണു പെയ്സ് പാർട്ടി അംഗത്വമെടുത്തത്. അടുത്ത വർഷം ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ താരത്തിന്റെ സാന്നിധ്യം നേട്ടമാകുമെന്നാണു തൃണമൂലിന്റെ കണക്കുക്കൂട്ടൽ.
‘മമതയുടെ സാന്നിധ്യത്തിൽ ലിയാൻഡർ പെയ്സ് തൃണമൂൽ അംഗത്വമെടുത്ത വിവരം പങ്കിടുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇരുവരും ഒന്നിക്കുമ്പോൾ, 2014 മുതൽ രാജ്യത്തെ ഓരോരുത്തരും കാത്തിരിക്കുന്ന ജനാധിപത്യത്തിന്റെ സൂര്യോദയം സംഭവിക്കുമെന്നു ഞങ്ങൾ ഉറപ്പുതരുന്നു’– തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്തു പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദ്വിദിന സന്ദർശനത്തിലാണു മമത.
‘എന്റെ ഇളയ സഹോദരനെ പോലെയാണ് പെയ്സ്. രാജ്യത്തിന്റെ യുവജനക്ഷേമ കായിക മന്ത്രിയായിരുന്ന കാലം തൊട്ട് എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. ഞങ്ങളോടൊപ്പം ചേർന്നതിനു നന്ദി. ഞാൻ വളരെയധികം സന്തോഷത്തിലാണ്’– പാർട്ടി പതാക കൈമാറി മമത പറഞ്ഞു. ബോളിവുഡ് നടി നഫീസ അലി, മൃണാളിനി ദേശ്പ്രഭു തുടങ്ങിയവരും തൃണമൂലിൽ ചേർന്നു. ഗോവ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്നു മമത പ്രഖ്യാപിച്ചു.
English Summary: Tennis player Leander Paes joins TMC in presence of Mamata Banerjee in Goa