എല്‍ഡിഎഫ് നീക്കം പാളി; കോട്ടയം നഗരസഭ നിലനിര്‍ത്തി യുഡിഎഫ്: ബിന്‍സി അധ്യക്ഷ
Mail This Article
കോട്ടയം∙ നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്. ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും നഗരസഭാ അധ്യക്ഷയായി സത്യപ്രതിജ്ഞ ചെയ്തു. രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന 27-ാം വാര്‍ഡ് അംഗം എല്‍ഡിഎഫിലെ ടി.എന്‍. മനോജിന് യോഗത്തിന് എത്താനാവാതിരുന്നതാണ് യുഡിഎഫിന് തുണയായത്.
തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫിലെ ഷീജ അനില്‍ 21 വോട്ടും യുഡിഎഫിലെ ബിന്‍സി സെബാസ്റ്റ്യന്‍ 22 വോട്ടും നേടി. ബിജെപിയിലെ റീബാ വര്‍ക്കി 8 വോട്ടാണ് നേടിയത്. ആദ്യ ഘട്ടത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയവര്‍ തമ്മില്‍ നടന്ന രണ്ടാം തിരഞ്ഞെടുപ്പിലും 22-21 ആയിരുന്നു വോട്ട് നില. 11 മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ബിന്‍സി തിരഞ്ഞെടുക്കപ്പെട്ടത്. 52 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് - 22, യുഡിഎഫ് -22, ബിജെപി - 8 എന്നിങ്ങനെയാണ് കക്ഷി നില.
സെപ്റ്റംബറില്‍ എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായത്. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരെ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് യുഡിഎഫ് വിട്ടുനിന്നിരുന്നു. എതിരില്ലാത്ത 29 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്.
English Summary: Bincy Sebastian elected Kottayam Municipal Council President