ADVERTISEMENT

ബംഗാളിന്റെ ഗര്‍ജിക്കുന്ന സിംഹമെന്നാണ് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി എടുത്തണിയുന്ന വിശേഷണം. ആ ‘ഗര്‍ജനം’ ഇന്ന് ദേശീയ രാഷ്ട്രീയത്തിൽ അലകളുണ്ടാക്കുന്നുണ്ട്. അത് ബിജെപിയെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ശക്തയായ പ്രതിയോഗിയായി മമത പരിഗണിക്കപ്പെടുകയാണ്, കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് ഫലത്തിലൂടെ. കെട്ടിവച്ച കാശും കിട്ടാതെ ബിജെപി വട്ടംകറങ്ങുമ്പോള്‍, ബംഗാളില്‍ ബിജെപിയുടെ ഭാവി എന്തെന്ന ചോദ്യവും ഉയരുന്നുണ്ട്.

∙ വായടപ്പിച്ച മറുപടി

ഒക്ടോബര്‍ 30ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഖര്‍ദ, ശാന്തിപുര്‍, ഗോസബ, ദിന്‍ഹത എന്നീ നാലു സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. ദിന്‍ഹതയില്‍ തൃണമൂലിന്റെ ഉദയന്‍ ഗുഹയോട് ബിജെപി സ്ഥാനാര്‍ഥി അശോക് മൊണ്ടാല്‍ പരാജയപ്പെട്ടത് 1.64 ലക്ഷം വോട്ടിനാണ്. സ്വാതന്ത്ര്യത്തിനുശേഷം ബംഗാളില്‍ ഒരു സ്ഥാനാര്‍ഥി നേടുന്ന എക്കാലത്തെയും വലിയ ഭൂരിപക്ഷമായിരുന്നു അത്. ആകെ പോള്‍ ചെയ്തതില്‍ 84 ശതമാനം വോട്ടും തൃണമൂലിന് ലഭിച്ചു.

INDIA-POLITICS-VOTE-WEST BENGAL
ഭവാനിപുർ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി വിജയിച്ചതിനു പിന്നാലെ പാർട്ടി പ്രവർത്തകർ നടത്തിയ പ്രകടനം. (Photo: DIBYANGSHU SARKAR / AFP)

കൂച്ച് ബിഹാര്‍ എംപിയായ നിഷിത് പ്രാമാണിക് 57 വോട്ടിനാണ് മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദയന്‍ ഗുഹയെ പരാജയപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതോടെ നിഷിത് എംഎല്‍എ സ്ഥാനം രാജിവച്ച് എംപിയായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്തിടെ നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേന്ദ്ര സഹമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ദിന്‍ഹതയ്ക്കു പുറമേ ഗൊസാബ, ഖര്‍ദാ മണ്ഡലങ്ങളിലും ബിജെപിക്ക് കെട്ടിവച്ച കാശുപോയി. സൗത്ത് 24 പര്‍ഗാനാസിലെ ഗോസബ സീറ്റില്‍ 1.43 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൃണമൂലിന്റെ സുബ്രത മൊണ്ടല്‍ ബിജെപി സ്ഥാനാര്‍ഥി പലാഷ് റാണയെ പരാജയപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസിന് പോള്‍ ചെയ്തതില്‍ 87.19 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് ഒന്‍പത് ശതമാനം മാത്രമാണ് ലഭിച്ചത്.

ഖര്‍ദ മണ്ഡലത്തില്‍ മുതിര്‍ന്ന തൃണമൂല്‍ നേതാവ് സോവൻദേബ് ചതോപാധ്യായ ബിജെപിയുടെ ജോയ് സാഹയെ 93,832 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ചതോപാധ്യായ 1,14,086 വോട്ടുകള്‍ നേടിയപ്പോള്‍ സാഹ 20,254 വോട്ടുകള്‍ നേടി. പോള്‍ ചെയ്തതില്‍ 73.59 ശതമാനം വോട്ട് തൃണമൂല്‍ കോണ്ഡഗ്രസ് നേടി. തൃണമൂല്‍ എംഎല്‍എയുടെ മരണത്തെ തുടര്‍ന്നാണ് ഈ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

INDIA-POLITICS-VOTE-RESULTS
ഭവാനിപുർ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി വിജയിച്ചതിനു പിന്നാലെ പാർട്ടി പ്രവർത്തകർ നടത്തിയ പ്രകടനം. (Photo: DIBYANGSHU SARKAR / AFP)

നാദിയ ജില്ലയിലെ ശാന്തിപുരിലാണ് ബിജെപിക്ക് കുറച്ചെങ്കിലും ചെറുത്തുനില്‍ക്കാനായത്. തൃണമൂല്‍ സ്ഥാനാര്‍ഥി ബ്രജകിഷോര്‍ ഗോസ്വാമിയോട് 64,675 വോട്ടിനാണ് ബിജെപിയുടെ നിരഞ്ജന്‍ ബിശ്വാസ് പരാജയപ്പെട്ടത്. പോള്‍ ചെയ്തതില്‍ 54.89 ശതമാനം വോട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചു. ബിജെപിയുടെ സിറ്റിങ് എംപിയായ ജഗന്നാഥ് സര്‍ക്കാര്‍ എംപി സ്ഥാനം നിലനിര്‍ത്തുന്നതിനായി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാത്തതിനെ തുടര്‍ന്നാണ് ശാന്തിപുരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യഥാക്രമം തൃണമൂല്‍ എംഎല്‍എമാരായ കാജല്‍ സിന്‍ഹ, ജയനാഥ നസ്‌കര്‍ എന്നിവര്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ഖര്‍ദാഹ, ഗോസബ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്.

സെപ്റ്റംബര്‍ 30ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 65 ശതമാനം വോട്ട് വിഹിതത്തോടെ (58,000 വോട്ടുകള്‍ക്ക്) ഭവാനിപുര്‍ മണ്ഡലത്തില്‍ മമത വിജയിച്ചിരുന്നു. അന്ന് ഉപതിരഞ്ഞെടുപ്പു നടന്ന സംസര്‍ഗഞ്ച്, ജാംഗിപുര്‍ സീറ്റുകളും തൃണമൂല്‍ തൂത്തുവാരി. ഉപതിരഞ്ഞെടുപ്പ് ഫലം കൂടി കണക്കാക്കുമ്പോള്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഈ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ഇതുവരെയുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ വിജയമായി. ആകെ 294 സീറ്റുകളില്‍ പാര്‍ട്ടി 215 സീറ്റുകള്‍ നേടി. 2016-നെക്കാള്‍ (211) കൂടുതല്‍. 2011 ല്‍ ഇടതുപക്ഷ ഭരണം അട്ടിമറിച്ച ആദ്യ തവണയേക്കാള്‍ (184) മുപ്പതോളം സീറ്റ് കൂടുതല്‍. ഇക്കുറി നേടിയ ഗംഭീര വിജയം ദേശീയതലത്തിലും ‘ദീദി’യുടെ പദവി ഉയര്‍ത്തി. നരേന്ദ്ര മോദിക്കും ബിജെപിക്കും ബദലായി മാറാവുന്ന ദേശീയ നേതാവായി മമതയ്ക്ക് ഉയര്‍ന്നുവരാന്‍ കഴിയുമെന്ന് ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും ഉറച്ചുവിശ്വസിക്കുന്നു.

Show more

∙ ബിജെപിക്ക് ഇതെന്തു പറ്റി?

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മമതയെ തൂത്തെറിയുമെന്ന വെല്ലുവിളിയുമായി 2021 മേയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അങ്കത്തിനിറങ്ങിയത്. സീറ്റുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ പുരോഗതിയുണ്ടാക്കിയെങ്കിലും, ആ പുരോഗതിയുടെ ഗ്രാഫ് ഉയരുന്നതിനു പകരം താഴുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശുപോലുമില്ലാതെ പരാജയപ്പെട്ടതിനു പുറമേ, ചേക്കേറിയ നേതാക്കള്‍ പലരും പഴയ കൂട്ടിലേക്ക് തിരിച്ചുപോകുന്നുമുണ്ട്. കാല്‍ ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നതാണ് നിലവില്‍ ബിജെപിയുടെ അവസ്ഥ.

ബംഗാളിലെ ജനങ്ങള്‍ ബിജെപിയെ തിരിഞ്ഞുനോക്കുന്നില്ലെന്നു തോന്നിക്കുന്നതാണ് നിലവിലെ തിരഞ്ഞെടുപ്പു ഫലം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 40.64 ശതമാനം വോട്ട് വിഹിതം നേടിയ ശേഷം (18 സീറ്റ്) ബംഗാളില്‍ അധികാരം പിടിച്ചെടുത്തേക്കുമെന്നുവരെ ഒരു ഘട്ടത്തില്‍ വിലയിരുത്തപ്പെട്ട പാര്‍ട്ടിക്ക്, മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം 38.13 ശതമാനമായി കുറഞ്ഞു (77 സീറ്റ്). ഉപതിരഞ്ഞെടുപ്പോടെ വോട്ടുവിഹിതം 37.97 ശതമാനമായി കുറഞ്ഞു. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തോടുള്ള അതൃപ്തിയാണ് തിരിച്ചടിക്കു കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു. നിസ്സാര സംഭവങ്ങള്‍ക്കും വര്‍ഗീയ നിറം നല്‍കുവെന്നും ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നതിനു പകരം സംഘര്‍ഷമുണ്ടാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

Show more

∙ അടിയൊഴുക്ക് ശക്തം

മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പല തൃണമൂല്‍ നേതാക്കളും ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. മമതയെ നിലംപരിശാക്കി ബിജെപി അധികാരത്തിലേറുമെന്നും അധികാരക്കസേരയില്‍ ഇടംകിട്ടുമെന്നുമുള്ള പ്രതീക്ഷയായിരുന്നു ആ കൂടുമാറ്റത്തിനു പിന്നില്‍. എന്നാല്‍ അത്തരം സ്വപ്നങ്ങളെ തകർക്കുന്നതായിരുന്നു തിരഞ്ഞെടുപ്പു ഫലം. പ്രതീക്ഷിച്ച സീറ്റുകള്‍ പലതും നഷ്ടമായി. ഇതോടെ നേതാക്കളുടെ മുഖവും മാറി.

കൂടു മാറി വന്നതില്‍ മമതയുടെ വലംകയ്യായിരുന്ന സുവേന്ദു അധികാരി മാത്രമാണ് ഭേദപ്പെട്ട നിലയില്‍ ബിജെപിയുടെ മാനം കാത്തത്. നന്ദിഗ്രാമില്‍ മമതയെ തോല്‍പിച്ച് പ്രതിപക്ഷ നേതാവായി. പക്ഷേ തോറ്റുതുന്നംപാടിയവരും അല്ലാത്തവരും പഴയ തട്ടകത്തിലേക്കു തന്നെ മടങ്ങി. ചില ബിജെപി നേതാക്കളും പാര്‍ട്ടി വിട്ടു. അതില്‍ പ്രമുഖരും പ്രാദേശിക നേതാക്കളുമുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായി കൃഷ്ണനഗര്‍ സൗത്തില്‍നിന്നു വിജയിച്ച മുകുള്‍ റോയ് മകന്‍ ശുഭ്രാംശുവിനൊപ്പം തൃണമൂലിലേക്ക് മടങ്ങി. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍മന്ത്രി റജീബ് ബാനര്‍ജി, മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ, കാളിഗഞ്ച് എംഎല്‍എ സൗമന്‍ റോയ്, ബിഷ്ണുപുര്‍ എംഎല്‍എ തന്മയ് ഘോഷ്, വടക്കന്‍ ബംഗാളിലെ റായ്ഗഞ്ചില്‍നിന്നുള്ള എംഎല്‍എ കൃഷ്ണ കല്യാണി, ഫിറോസ് കമാല്‍ ഗാസി തുടങ്ങി നീണ്ട നിരയാണ് തൃണമൂലിലേക്കു ‘വണ്ടികയറിയത്’.

INDIA-POLITICS-VOTE-MAMATA
മമത ബാനർജി (Photo: DIBYANGSHU SARKAR / AFP)

∙ മുന്നിൽ തകർച്ചയോ

ബംഗാളില്‍ ബിജെപി തകർച്ച നേരിടുകയാണെന്നാണ് തിരഞ്ഞെടുപ്പുഫലങ്ങളും പിന്നാലെയുള്ള കൊഴിഞ്ഞുപോക്കുകളും സൂചിപ്പിക്കുന്നത്. ആറ് മാസം മുന്‍പു നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് വൻ പ്രഹരമാണ് നല്‍കിയതെങ്കില്‍, ഒക്ടോബറില്‍ നടന്ന നാലു നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയെ സംപൂജ്യമാക്കി. മമതയെ ചെറുക്കാന്‍ സംസ്ഥാനത്ത് ബിജെപിക്കു ശക്തനായൊരു നേതാവില്ലെന്നതും പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും തെളിഞ്ഞുനില്‍ക്കുന്നു. സെപ്റ്റംബറില്‍, സംസ്ഥാന അധ്യക്ഷനായിരുന്ന ദിലീപ് ഘോഷിനെ മാറ്റി സുകന്ത മജുംദറിനെ അധ്യക്ഷനായി നേതൃത്വം നിയമിച്ചെങ്കിലും അതിന്റെ ഫലങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രകടമായില്ല. സുവേന്ദു അധികാരിയും ദിലീപ് ഘോഷും ഇടയ്ക്കിടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ മമതയെ കണക്കറ്റു പരിഹസിക്കുന്നുണ്ടെങ്കിലും അതൊക്കെ ബംഗാളിന്റെ മകളെന്ന ലേബലിലേക്ക് മമതയെ ഉയര്‍ത്തുകയേ ചെയ്യുന്നുള്ളൂ.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് ഒന്നിലധികം സന്ദര്‍ശനങ്ങള്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മമതയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും ‘പുറത്തുനിന്നുള്ളവരുടെ’ ആക്രമണത്തിനിരയായ ‘ബംഗാളിന്റെ മകള്‍’ ആയി സ്വയം ചിത്രീകരിക്കാന്‍ അതു മമതയെ സഹായിച്ചു. ‘ദീദി’ക്കെതിരായ വിമര്‍ശനങ്ങളെ ബംഗാളികളും മുഖവിലയ്ക്കെടുക്കുന്നില്ല.

പാര്‍ട്ടി പ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടു. മേയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെയുണ്ടായ ആക്രമണങ്ങളില്‍ പരുക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്ത പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നതിനു പകരം പാര്‍ട്ടി നിശബ്ദത പാലിച്ചത് പ്രവര്‍ത്തകരില്‍ വിമുഖതയുണ്ടാക്കി. ബംഗാളില്‍ മിക്കയിടത്തും പാര്‍ട്ടിക്ക് സജീവ പ്രവര്‍ത്തകരില്ലെന്നതും തിരിച്ചടിയായി. പ്രചാരണത്തിനും വോട്ടര്‍മാരെ അണിനിരത്തുന്നതിനും താഴേത്തട്ടില്‍ പ്രവര്‍ത്തകരില്ലാത്തത് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിലും പ്രതിഫലിച്ചു. നിലവിലെ തളര്‍ച്ച തുടരുകയാണെങ്കില്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രകടനം ദയനീയമായേക്കും. പിഴവുകൾ തിരുത്തി ബിജെപി നീങ്ങിയില്ലെങ്കിൽ ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് കാവി നിറം മാഞ്ഞുപേയേക്കാം.

English Summary: West Bengal bypolls: Mamata Banerjee's TMC wins all 4 assembly seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com