ADVERTISEMENT

ന്യൂഡൽഹി ∙ യെമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് നേരിയ ആശ്വാസം. വിചാരണ നടപടികളില്‍ പരിഭാഷകനെ വയ്ക്കാന്‍ യെമനിലെ അപ്പീല്‍ കോടതി അനുമതി നല്‍കി. കുറ്റസമ്മതത്തില്‍ ഉള്‍പ്പെടെ പുതുതായി വാദം കേള്‍ക്കാന്‍ ഇതോടെ സാധ്യത തെളിഞ്ഞതായി യെമനിലെ പൊതുപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം മനോരമ ന്യൂസിനോടു പറഞ്ഞു.   

യെമനില്‍ ഒരു മലയാളി യുവതി മരണം കാത്തുകിടക്കുന്നുവെന്ന വാര്‍ത്ത മനോരമ ന്യൂസിലൂടെ കേരളത്തെ അറിയിച്ചത് സാമുവല്‍ ജെറോം ആണ്. 2017ല്‍ നിയമനടപടികള്‍ തുടങ്ങിയതിനുശേഷമുള്ള ആദ്യത്തെ ആശ്വാസവാര്‍ത്തയാണിതെന്ന് സാമുവല്‍ പറഞ്ഞു. നിമിഷയ്ക്ക് അറബിഭാഷ അറിയില്ലെന്നു കോടതിയെ ബോധ്യപ്പെടുത്താനായി. ഇതോടെ വധശിക്ഷയ്ക്ക് വിധിച്ച കീഴ്ക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റസമ്മതമൊഴിയിലടക്കം പുതുതായി വാദം കേള്‍ക്കാന്‍ സാധ്യത തെളിഞ്ഞു. കുറ്റസമ്മതം അടിസ്ഥാനമാക്കിയായിരുന്നു കോടതിവിധി. 

ഇന്ത്യന്‍ എംബസി പ്രതിനിധി നാഫയോടൊപ്പം ജയിലിലെത്തി നിമിഷപ്രിയയെ കണ്ടിരുന്നു. ഒന്നരമണിക്കൂര്‍ സംസാരിച്ചു. നിമിഷയ്ക്ക് കുറ്റകൃത്യത്തില്‍ പറയുന്നത്ര പങ്കില്ലെന്ന് ബോധ്യപ്പെട്ടു. നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷ. ദയാധനം നല്‍കുന്നതില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും സാമുവല്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ ഒരുതവണ കണ്ടിരുന്നു. പക്ഷേ, നേരെ പോയി ദയാധനം എത്രയെന്ന് ചോദിക്കുന്നതല്ല ഗോത്രനിയമം. പുതിയ അംബാസിഡര്‍ ചുമതലയേറ്റെടുത്തശേഷം യെമനിലെ ഇന്ത്യന്‍ എംബസി കേസ് നടത്തിപ്പിന് ഊര്‍ജിതമായ പിന്തുണ നല്‍കുന്നതായും സാമുവല്‍ പറഞ്ഞു.  

English Summary: Yemen citizen murder; Nimisha Priya gets new relaxation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com