ADVERTISEMENT

മുംബൈ∙ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ മകൻ ഋഷികേശ് ദേശ്മുഖ്, പിതാവ് അനധികൃതമായി സമ്പാദിച്ച കള്ളപ്പണം വെളുപ്പിക്കുന്നതിൽ സജീവ പങ്കാളിയായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക കോടതിയിൽ. ഋഷികേശിന്റെ  മുൻകൂർ ജാമ്യാപേക്ഷയ്ക്കു മറുപടിയായി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിട്ടുള്ളത്. ജാമ്യാപേക്ഷയിൽ  അടുത്ത മാസം 4ന് കോടതി വാദം കേൾക്കും.

ഋഷികേശിന് അറസ്റ്റിൽനിന്ന് സംരക്ഷണം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടി. അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാൻ ഋഷികേശ് പിതാവിനെ  സഹായിച്ച രീതിയും വിവരിച്ചു. 

വിവിധ ബാറുകളിൽ നിന്നും റസ്റ്ററന്റുകളിൽ നിന്നും മുൻ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ വഴി കൈക്കൂലിയായി പിരിച്ചെടുത്ത  4.70 കോടി രൂപയിൽ നിന്നു ഒരു തുക ഋഷികേശ്  ആദ്യം ഹവാല വഴി തന്റെ കൂട്ടാളികൾക്ക് കൈമാറി.  

ഇതു പിന്നീട് ഡൽഹി ആസ്ഥാനമായുള്ള ‘കടലാസ്’ കമ്പനികളുടെ സഹായത്തോടെ സംഭാവനകളുടെ  രൂപത്തിൽ ദേശ്മുഖ് കുടുംബം നടത്തുന്ന ട്രസ്റ്റിൽ നിക്ഷേപിക്കുകയായിരുന്നു. ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ച 11 കമ്പനികൾ നിയന്ത്രിച്ചിരുന്നത് അനിൽ ദേശ്മുഖും കുടുംബാംഗങ്ങളുമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ കമ്പനികളിൽ മിക്കവയിലും  ഋഷികേശ് ഡയറക്ടറോ ഓഹരി ഉടമയോ ആണ്-സത്യവാങ്മൂലത്തിൽ പറയുന്നു.

6 സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന ഋഷികേശ് ഇതുവരെ അന്വേഷണവുമായി  സഹകരിച്ചില്ലെന്നും  ഇഡി കോടതിയെ അറിയിച്ചു. 

നഗരത്തിലെ ബാറുടമകളിൽനിന്ന് പ്രതിമാസം 100 കോടി രൂപ കോഴ പിരിച്ചെടുക്കാൻ മുൻ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നുവെന്ന മുൻ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ ആരോപണത്തിൽ സിബിഐ കേസെടുത്തതിനു പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കേസിൽ ഈ മാസം 1ന് ഇഡി അറസ്റ്റു ചെയ്ത ദേശ്മുഖ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

 

English Summary : Ex-Maharashtra minister Anil Deshmukh's son active participant in money laundering case: ED to court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com