മാറ്റം വരുത്താന്‍ കഴിയുന്നതാണ് ഭരണഘടന: എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍
Mail This Article
തിരുവനന്തപുരം ∙ ഭരണഘടനയെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ഭരണഘടനാ അസംബ്ലി സംവാദങ്ങള്‍ സഹായകരമാണെന്ന് കേരള നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്ണന്‍ നായര്‍. കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുത്താന്‍ കഴിയുന്നതാണ് ഭരണഘടന. മൗലികാവകാശങ്ങള്‍ സംബന്ധിച്ച ഭരണഘടനയുടെ മൂന്നാംഭാഗം കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. നിർദേശക തത്വങ്ങളില്‍നിന്ന് മൗലികാവകാശങ്ങളിലേക്ക് ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അതിനാവശ്യമായ സംവാദങ്ങള്‍ ആണ് നടക്കേണ്ടതെന്നും എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.
കേരള സര്‍വകലാശാല നിയമപഠന വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ഭരണഘടനാ ദിന സെമിനാര്‍, സര്‍വകലാശാല സെനറ്റ് ചേംബറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിയമസഭാ സെക്രട്ടറി. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണഘടനയാണ് നമ്മുടേത്. ഇതുമൂലം ഭരണഘടനയില്‍ പഴുതുകള്‍ ഉണ്ടാകുമെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അത്തരമൊരു വിമര്‍ശനം അടിസ്ഥാനമില്ലാത്തത് ആയി മാറി. ഓരോ ആശയത്തിന്റെയും നിര്‍വചനത്തില്‍ ഭരണഘടന കൂടുതല്‍ വ്യക്തത വരുത്തുന്നുണ്ട്.
ഗാന്ധിജി മുന്നോട്ടുവച്ച ഗ്രാമസ്വരാജ് ഭരണഘടനയുടെ ഭാഗമാക്കാത്തതിലും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ പഞ്ചായത്തീരാജ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായ സംവിധാനമായി അവതരിപ്പിക്കപ്പെടുകയും ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഭരണഘടനാ അംസംബ്ലി എന്ന ആശയം ആദ്യം മുന്നോട്ട് വച്ചത് എം.എന്‍.റോയ് ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് അധികം ചര്‍ച്ച ചെയ്യാതെ പോയി എന്നും ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.
യുജിസി ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ പ്രെഫ. ഡോ.സജാദ് ഇബ്രാഹിം മുഖ്യപ്രഭാഷകനായിരുന്നു. നിയമപഠന വകുപ്പ് മേധാവി ഡോ.സിന്ധു തുളസീധരന്‍ സ്വാഗതവും അശ്വതി ജി.കൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട ഉപന്യാസ രചനയില്‍ ജേതാക്കളായവര്‍ക്ക് നിയമസഭാ സെക്രട്ടറി ഉപഹാരങ്ങള്‍ നല്‍കി. സെമിനാറിനോട് അനുബന്ധിച്ച് ഭരണഘടനാ പ്രതിജ്ഞ ചൊല്ലി.
ദ്വിദിന സെമിനാര്‍ ശനിയാഴ്ച സമാപിക്കും. സമാപന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരള സര്‍വകലാശാല സെനറ്റ് ചേംബറിലാണ് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറിന്റെ ഭാഗമായി വിവിധ സെഷനുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
English Summary: Change in fundamental rights is necessary; Legislative Secretary