ട്രെയിനിടിച്ച് ആനകൾ ചരിഞ്ഞു; എൻജിനിലെ ചിപ്പ് കൈക്കലാക്കി തമിഴ്നാട് ഉദ്യോഗസ്ഥർ
Mail This Article
പാലക്കാട്∙ ട്രെയിനിടിച്ച് കാട്ടാനകൾ ചരിഞ്ഞ സംഭവത്തില്‍ തമിഴ്നാട് വനം വകുപ്പിന്റെ അനധികൃത പരിശോധന. ട്രെയിനിനുള്ളിൽ കയറിയ വനം ഉദ്യോഗസ്ഥർ, വേഗനിയന്ത്രണ ചിപ്പ് കൈക്കലാക്കി. പാലക്കാട് റെയിൽവേ ഓഫിസിലെത്തിയ വനം ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചിരിക്കുകയാണ്. പാലക്കാട് ഒലവക്കോടാണു സംഭവം.
തമിഴ്നാട്ടിൽനിന്നെത്തിയ നാല് വനപാലകരെയാണ് ഒലവക്കോടിൽ റെയിൽവേ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണു കോയമ്പത്തൂരിനും വാളയാറിനും ഇടയിൽ ട്രെയിന്‍ തട്ടി മൂന്ന് കാട്ടാനകൾ ചരിഞ്ഞത്. ലോക്കോ പൈലറ്റിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമായതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ലോക്കോ പൈലറ്റിനെയും സഹപൈലറ്റിനെയും ചോദ്യം ചെയ്തു വിട്ടയച്ചു.
അതിനു ശേഷമാണ് വാളയാറിലുണ്ടായ ട്രെയിനിന്റെ എൻജിനിൽനിന്ന് തമിഴ്നാട് ഉദ്യോഗസ്ഥർ ചിപ്പ് കൈക്കലാക്കിയത്. തുടർന്ന് ട്രെയിനിന്റെ വേഗം അറിയാൻ ചിപ്പ് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥർ ഒലവക്കോടേക്കു വന്നു. റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യമുന്നയിച്ചപ്പോഴാണ് തമിഴ്നാട് ഉദ്യോഗസ്ഥർ ട്രെയിനിൽ കയറിയ കാര്യം പുറത്തറിയുന്നത്. ചിപ്പ് കൈമാറാൻ വനപാലകർ തയാറായിട്ടില്ല.
English Summary: Elephant death, Tamilnadu officers blocked at Palakkad