ലോകവിപണിയെ വീഴ്ത്തി ‘ഒമിക്രോൺ’; ഇന്ത്യയ്ക്ക് ഭീഷണി വിദേശഫണ്ടുകളുടെ നയം
Mail This Article
കൊച്ചി ∙ വിദേശ ഫണ്ടുകളുടെ വിൽപനയിൽ വലഞ്ഞുനിന്ന ഇന്ത്യൻ വിപണിക്ക് പുതിയ കോവിഡ് വകഭേദം ഒമിക്രോണിന്റെ രംഗപ്രവേശം വെള്ളിയാഴ്ച 3 ശതമാനത്തിനടുത്തു തിരുത്തൽ നൽകി. ലോക വിപണിയെയും ഒമിക്രോൺ വീഴ്ത്തിയിരിക്കുകയാണ്. 57,000 പോയിന്റിലേക്കു വീണ സെൻസെക്‌സും 17,000 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റിയും തിങ്കളാഴ്ചത്തെ ഏഷ്യൻ വിപണിയുടെയും അമേരിക്കൻ സൂചിക ഫ്യൂച്ചറുകളുടെയും ചലനങ്ങൾക്കനുസരിച്ച് വ്യാപാരം ആരംഭിക്കുകയും പിന്നീട് വിദേശ ഫണ്ടുകളുടെ വിൽപന നയത്തിനനുസരിച്ച് ചലിക്കുകയും ചെയ്യും.
ഇന്ത്യൻ വിപണിയുടെ മുന്നേറ്റ സാധ്യത കുറച്ചു കാണുന്ന വിദേശ ഫണ്ടുകളുടെ സമീപകാല നയങ്ങൾ ഇന്ത്യൻ വിപണിക്കു വൈറസിനേക്കാൾ ഭീഷണിയാണ്. പുതിയ സാഹചര്യത്തിലെ വിപണി സാധ്യതകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.
ബാങ്കിങ്, ഫിനാൻസ്, മെറ്റൽ, ഓട്ടോ, റിയൽറ്റി സെക്ടറുകളാണ് വൈറസ് ബാധയിൽ വൻ വീഴ്ച നേരിട്ടത്. മികച്ച വിലകളിൽ വൈറസ് അത്രമേൽ ‘ബാധിക്കാത്ത’ സെക്ടറുകളിൽ വാങ്ങൽ ആരംഭിച്ചേക്കാമെന്നതും നാളെ വിപണിക്കു പ്രതീക്ഷയാണ്. നാളെ ആരംഭിച്ച് ഡിസംബർ 23ന് അവസാനിക്കുന്ന ഇന്ത്യൻ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന 26 സുപ്രധാന ബില്ലുകളിൽ ചിലതും ഇന്ത്യൻ വിപണിക്ക് ആശ്വാസമെത്തിച്ചേക്കാം. ബാങ്കിങ്, വൈദ്യതി, ഇൻസോൾവെൻസി ബില്ലുകൾ ഇന്ത്യൻ വിപണിക്ക് മുന്നേറ്റം ഉറപ്പിക്കും.
ഒമിക്രോൺ
ലോകത്തിനു ഭീഷണിയായി ആഫ്രിക്കയിൽ ഉദിച്ച പുതിയ വൈറസ് ബ്ലാക്ക് ഫ്രൈഡേയിൽ ലോക വിപണിയിൽ രക്തവർണം കലർത്തി. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക മീറ്റിങ്ങും പുതിയ വൈറസ് അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന ദക്ഷിണാഫ്രിക്കൻ, ബ്രിട്ടിഷ് ശാസ്ത്രജ്ഞരുടെ പ്രസ്താവനകളും വെള്ളിയാഴ്ച ഓസ്ട്രേലിയൻ, ജാപ്പനീസ് വിപണികളുടെ വൻ വീഴ്ചകളോടെ ലോക വിപണിയുടെ വീഴ്ചയ്ക്ക് തുടക്കമിട്ടു. പുതിയ വൈറസ് നിയന്ത്രിതമാകുമെന്ന വാർത്തയ്ക്കായി കാത്തിരിക്കുകയാണ് ലോക വിപണി. അടുത്ത ആഴ്ച പകുതിയോടെ ആശ്വാസ വാർത്തകൾ വിപണി പ്രതീക്ഷിക്കുന്നു. ക്ലിനിക്കൽ ടെസ്റ്റുകളുടെ ഫലങ്ങൾ വരാൻ ആഴ്ചകളെടുത്തേക്കാം.
വിദേശഫണ്ടുകൾ ചൈനയിലേക്ക്
രണ്ടാംപാദ ഫലപ്രഖ്യാപനങ്ങൾ അവസാനിച്ചതിനെ തുടർന്ന് ഇന്ത്യൻ വിപണിയിൽ ആരംഭിച്ച വിദേശ ഫണ്ടുകളുടെ വിറ്റഴിക്കൽ പേടിഎമ്മിന്റെ ലിസ്റ്റിങ് പരാജയവും റിലയൻസ്-ആരാംകോ ഡീൽ പരാജയവും ഉച്ചസ്ഥായിലെത്തിച്ചു. യൂറോപ്പിലെ കോവിഡ് വ്യാപനവും ഫെഡ് പലിശ നിരക്ക് ഉയർത്തുമെന്ന് ഉറപ്പായതും താങ്ക്സ് ഗിവിങ്ങിനു ശേഷം വിപണി ആലസ്യത്തിലേക്ക് വീഴുമെന്നതും അമേരിക്കൻ ഫണ്ടുകളുടെ ഇന്ത്യൻ വിപണിയിലെ വിൽപനയ്ക്ക് ആധാരമാണ്.
വെള്ളിയാഴ്ചത്തെ 5,786 കോടി രൂപയുടേതടക്കം 21,123 കോടി രൂപയുടെ വിൽപന ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ ആഴ്ച മാത്രം നടത്തിയ അമേരിക്കൻ ഫണ്ടുകളാണ് ഇന്ത്യൻ വിപണിയുടെ യഥാർഥ ഭീഷണി. വൈറസ് അല്ല. ഇന്ത്യൻ വിപണിയിലെ അമിത വീഴ്ച ഒരു തരം കളമൊരുക്കലാണെന്നും കരുതേണ്ടി വരും. കഴിഞ്ഞ മാസങ്ങളിൽ ടെക്, റിയൽറ്റി ഓഹരി വീഴ്ചകളുടെ പശ്ചാത്തലത്തിൽ വലിയ തിരുത്തൽ നേരിട്ട ചൈനീസ് വിപണിയെ കഴിഞ്ഞ മാസങ്ങളിൽ വൻ കുതിപ്പു നേടിയ ഇന്ത്യൻ വിപണിക്കു മുകളിൽ ഗോൾഡ് മാൻ സാക്‌സും ബ്ലാക്ക് റോക്കും പ്രതിഷ്ഠിച്ചപ്പോൾ നോമുറയും ഗോൾഡ്മാൻ സാക്‌സും ഇന്ത്യൻ വിപണിയുടെ മുന്നേറ്റ സാധ്യതകൾ കുറച്ചു കാണുന്നതും ശ്രദ്ധിക്കുക.
മോർഗൻ സ്റ്റാൻലിയും ഇന്ത്യൻ ഓഹരികളും അമിത വിലകളിലാണെന്നു വിലയിരുത്തി ദിവസങ്ങൾക്കുള്ളിൽ തിരുത്തിപ്പറഞ്ഞെങ്കിലും അവർ ഇന്ത്യൻ വിപണിയിലെ വിൽപന തുടരുകയാണെന്നു കണക്കുകൾ പറയുന്നു.
അമേരിക്കൻ വിപണി സാധ്യതകൾ
പുതിയ വൈറസ് ബാധ അമേരിക്കൻ ഫെഡിനെ പലിശ ഉയർത്തൽ അടക്കമുള്ള കടുത്ത തീരുമാനങ്ങളിൽനിന്നു പിന്തിരിപ്പിച്ചേക്കാമെന്നതും ക്രൂഡിന്റെ വീഴ്ച പണപ്പെരുപ്പ നിയന്ത്രണത്തിന് സഹായകരമാകുമെന്നതും അമേരിക്കയിൽ കോവിഡ് കണക്കുകളിൽ കുറവു കാണിക്കുന്നതും അമേരിക്കൻ വിപണിക്ക് തിരിച്ചുവരവിനുള്ള സാധ്യത നൽകുന്നു.
ഓഹരികളും സെക്ടറുകളും
∙ രണ്ടു പൊതുമേഖല ബാങ്കുകളുടെ വിറ്റഴിക്കൽ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി ബാങ്കിങ് നിയമങ്ങളുടെ പരിഷ്കരണത്തിനായി ബാങ്കിങ് ലോ അമന്റ്മെന്റ് ബിൽ ഒക്ടോബർ 29ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പാസാക്കപ്പെട്ടാൽ ഇന്ത്യൻ പൊതുമേഖല ബാങ്കുകൾ വൻ കുതിപ്പു നേടിയേക്കും.
∙ പൊതുമേഖലാ ഓഹരികൾ ദീർഘകാല നിക്ഷേപകർക്കു മികച്ച വിലകളിൽ നിക്ഷേപത്തിനായി പരിഗണിക്കാവുന്നതാണ്.
∙ ഇലക്ട്രിസിറ്റി അമന്റ്മെന്റ് ബിൽ 2021, നാളെ ആരംഭിക്കുന്ന ഇന്ത്യൻ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പാസാക്കപ്പെട്ടേക്കാവുന്നത് പവർ സെക്ടർ ഓഹരികൾക്കും അനുകൂലമാണ്.
∙ ഒമിക്രോൺ വൈറസ് ലോക വ്യാപകമായി ഇന്നലെ ഫാർമ സെക്ടർ ഓഹരികൾക്ക് മുന്നേറ്റം നൽകി. കോവിഡ് വാക്സീൻ അടക്കമുള്ള ഔഷധ നിർമാണ കമ്പനികൾക്കും, ഫാർമ കയറ്റുമതി കമ്പനികൾക്കും മുന്നേറ്റ സാധ്യതയുണ്ട്. സിപ്ല, റെഡ്‌ഡീസ് ലാബ്സ്, ഡിവിസ് ലാബ്സ്, ഫൈസർ, ആസ്ട്രാസെനക മുതലായ ഫാർമ ഓഹരികൾ ഇന്നലെ മുന്നേറ്റം നേടി. സൺ ഫാർമ, ഗ്ലാൻഡ് ഫാം മുതലായ ഓഹരികൾ ഇന്നലെ തിരുത്തൽ നേരിട്ടതും ശ്രദ്ധിക്കുക.
∙ ലബോറട്ടറി ഓഹരികളിലും ഇന്നലെ വാങ്ങൽ പ്രകടമായിരുന്നു. ഡോക്ടർ ലാൽ പത് ലാബ്സ്, മെട്രോപോളിസ് ഹെൽത്ത് കെയർ, വിജയ ഡയഗ്നോസ്റ്റിക്സ് മുതലായ ഇന്നലെ മുന്നേറ്റം നേടിയ ലാബ് ഓഹരികൾ ഇനിയും പ്രതീക്ഷയിലാണ്.
∙ ഹോസ്പിറ്റൽ ഓഹരികളിലും പുതിയ വൈറസ് ആഗമനത്തെ തുടർന്ന് ഇന്നലെ വാങ്ങൽ കണ്ടെങ്കിലും മികച്ച വിലകളിലെ വിൽപന ഹോസ്പിറ്റൽ ഓഹരികൾക്കു തിരുത്തൽ നൽകി. അപ്പോളോ ഹോസ്പിറ്റൽ, കിംസ്, ആസ്റ്റർ, കെഎംസി സ്പെഷ്യൽറ്റി, ഷെൽബി, ഫോർട്ടിസ് മലർ മുതലായ ഹോസ്പിറ്റൽ ഓഹരികളൂം ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമാണ്.
∙ ടെക് ഓഹരികളിലും ഈ ഇടിവിൽ നിക്ഷേപം പരിഗണിക്കാം. വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ് ഓഹരികൾക്കൊപ്പം മികച്ച മിഡ് ക്യാപ് ഐടി ഓഹരികളും ഈ ഇറക്കത്തിൽ സ്വന്തമാക്കാം. സെൻസാർ ടെക്ക്, കെപിഐടി ടെക്ക്, സയിന്റ്, നസാര ടെക്ക്, ക്യാമ്സ് മുതലായ ഓഹരികൾ നിക്ഷേപത്തിന് അനുകൂലമാണ്.
∙ ടിസിഎസ് 3,300 രൂപ നിരക്കിൽ ദീർഘകാല നിക്ഷേപത്തിന് അനുകൂലമാണ്.
∙ സ്പേസ് ടെക്ക് ഓഹരികൾ ഈ ഇടിച്ചിലിൽ സ്വന്തമാക്കാൻ ശ്രമിക്കുക. എംടാർ ടെക്, ടൺല മുതലായവ ദീർഘകാല നിക്ഷേപത്തിന് അനുകൂലമാണ്.
∙ വി ഓഹരികൾ ദീർഘ കാല നിക്ഷേപത്തിന് കൊറോണ തിരുത്തലിൽ മുൻഗണന നൽകാം. ഒലേക്ട്രാ, ടാറ്റ മോട്ടോർസ്, മഹിന്ദ്ര, ഗ്രീവ്സ് കോട്ടൺ, രത്തൻ ഇന്ത്യ മുതലായ ഓഹരികൾ ശ്രദ്ധിക്കാം.
ക്രിപ്റ്റോ കറൻസി റെഗുലേറ്ററി ബിൽ
നാളെ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ക്രിപ്റ്റോ കറൻസി-ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബില്ലുകൾ അവതരിപ്പിക്കപ്പെടുന്നത് ഇന്ത്യയിലെ ക്രിപ്റ്റോ ആരാധകർക്ക് ആവേശം പകരും. ഇന്ത്യയുടെ പുതിയ ക്രിപ്റ്റോ കറൻസി നിലവിൽ വരികയും, സ്വകാര്യ ക്രിപ്റ്റോ കറൻസികളുടെ പ്രവർത്തനം ഇന്ത്യയിൽ നിരോധിക്കുകയും ചെയ്യുന്നതാണ് ബിൽ.
സ്റ്റാർ ഹെൽത്ത് ഐപിഒ
∙ 2006ൽ പ്രവർത്തനമാരംഭിച്ച്, ഇന്ത്യൻ ഹെൽത്ത് ഇൻഷുറൻസ് മേഖലയുടെ 16% കയ്യാളുന്ന സ്റ്റാർ ഹെൽത്തിന്റെ ഐപിഒ നവംബർ 30ന് ആരംഭിക്കുന്നു. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 870- 900 രൂപ നിരക്കിൽ 7,250 കോടി രൂപ സമാഹരിക്കുന്ന ഐപിഒയ്ക്ക് ജുൻജുൻവാല അടക്കമുള്ള പിന്തുണയുമുണ്ട്. പുത്തൻ കോവിഡ് വൈറസിന്റെ സാന്നിധ്യം ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഐപിഒയ്ക്കു വലിയ സ്വീകാര്യത കൊടുത്തേക്കാം.
∙ മൈനിങ് സപ്ലയർ ആയ ടെഗാ ഇൻഡസ്ട്രീസിന്റെ ഐപിഒ ഡിസംബർ ഒന്നിന് ആരംഭിക്കുന്നു. 10 രൂപ മുഖവിലയുള്ള ഓഹരിയുടെ വില 443-453 രൂപയാണ്.
ക്രൂഡ് ഓയിൽ
ജോ ബൈഡനെ കൊണ്ടു കഴിയാത്തതാണ് പുതിയ ഒമിക്രോൺ കോവിഡ് വൈറസ് ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിലിനോട് ചെയ്തത്. പുതിയ കോവിഡ് സാഹചര്യങ്ങൾ സ്വാഭാവികമായും എണ്ണയുടെ ആഗോള ഉപഭോഗം കുറയ്ക്കുമെന്നതും, അമേരിക്കൻ എണ്ണ ഉത്പാദനം റെക്കോർഡ് നിലയിലേക്കെത്തുന്നതും, അമേരിക്കയുടെ റിസർവ് ക്രൂഡ് ഓയിൽ വിൽപനയില്ലാതെ തന്നെ ക്രൂഡിന് ഇന്നലെ 10 ഡോളറിന്റെ തിരുത്തൽ നൽകി. അമേരിക്കൻ ക്രൂഡിന്റെ വില 13 % വീണ് 68 ഡോളറിലെത്തിയപ്പോൾ, ബ്രെന്റ് ക്രൂഡ് 72 ഡോളറിൽ പിടിച്ചുനിന്നു. ക്രൂഡ് ഓയിൽ വില വീണത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്.
സ്വർണം
വീണ്ടും കോവിഡ് ഭീതി പടർന്നതും, വിപണി വീഴ്ചയും സ്വർണത്തിന് മുന്നേറ്റ സാധ്യതയൊരുക്കുന്നു. 1800 ഡോളറിന് മുകളിൽ കയറിയാൽ രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും മുന്നേറിയേക്കും. 1830 ഡോളറാണ് സ്വർണത്തിന്റെ അടുത്ത ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്ക്– വാട്സാപ്: 8606666722, ഇമെയിൽ: buddingportfolios@gmail.com
English Summary: New Covid variant Omicron triggers global alarm, market sell-off