മോന്‍സന്റെ ശേഖരത്തിലെ 35 വസ്തുക്കള്‍ വ്യാജം; പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട് നൽകി
Mail This Article
കൊച്ചി∙ മോന്‍സന്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന പുരാവസ്തുക്കള്‍ വ്യാജമെന്ന് സംസ്ഥാന പുരാവസ്തുവകുപ്പ്. ശേഖരത്തിലെ 35 വസ്തുക്കള്‍ വ്യാജമെന്ന് കണ്ടെത്തി. വിശദാംശങ്ങള്‍ ഉൾപ്പെടുത്തി പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കി. കൃഷ്ണന്റെ ഉറി, അംശവടി തുടങ്ങിയവ വ്യാജവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ശബരിമല താളിയോലയുടെ പരിശോധന ഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും.
മോൻസന്റെ പക്കലുള്ള പുരാവസ്തുക്കൾ വ്യാജമാണെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ചിനും മറ്റു അന്വേഷണ ഏജൻസികൾക്കും വ്യക്തമായിരുന്നു.പക്ഷേ കേസിന്റെ ഭാഗമായി കോടതിയെ ധരിപ്പിക്കുന്നതിനും മോൻസനെതിരായ ശിക്ഷാനടപടികൾ ഉറപ്പാക്കുന്നതിനും ഇതു ശാസ്ത്രീയമായി തെളിയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അതിനുവേണ്ടിയാണ് സംസ്ഥാന പുരാവസ്തു വകുപ്പിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലും പുരാവസ്തുക്കൾ കൊടുത്തത്. ആദ്യഘട്ടത്തിൽ ലഭിച്ച പരിശോധന ഫലത്തിലാണ് 35 വസ്തുക്കൾ വ്യാജമെന്ന് കണ്ടെത്തിയത്. ഇനി ബാക്കിയുള്ളവയുടെയും ഫലം ലഭിക്കാനുണ്ട്. ഇതുകൂടാതെ, കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടും ലഭിക്കാനുണ്ട്. എല്ലാ വസ്തുക്കളുടെയും പരിശോധനഫലം വന്നശേഷമാകും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനൊപ്പം ഈ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കുക.
English Summary: State Archeology Department given report about monson mavunkal antique collection