ഒറ്റപ്പെടുത്തരുത്; യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ല: ദക്ഷിണാഫ്രിക്ക
Mail This Article
ജൊഹാനസ്ബർഗ് ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിന്‍റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് ഒട്ടേറെ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയത് വേദനാജനകമാണ്. ലോക രാജ്യങ്ങളുടെ തീരുമാനം നിരാശാജനകമാണെന്നും യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും സിറിൽ റമഫോസ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് 18 രാജ്യങ്ങൾ യാത്രാനിരോധനം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രതികരണം.
ഒമിക്രോണിനെതിരെ വിവിധ രാജ്യങ്ങളിൽ ജാഗ്രത ശക്തമാണ്. തെക്കേ ആഫ്രിക്കയിലെ 10 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര യുകെ നിരോധിച്ചിരുന്നു. ജർമനി, ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയ്ക്കു പുറമേ ഹോങ്കോങ്, ഇസ്രയേൽ, ബൽജിയം എന്നിവിടങ്ങളിലും ഒമിക്രോൺ വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആശങ്കയുടെ സാഹചര്യത്തിൽ യുഎസ് 8 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി. കാനഡ, സൈപ്രസ് എന്നീ രാജ്യങ്ങളും യാത്ര വിലക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് ബംഗ്ലദേശും ശ്രീലങ്കയും പ്രവേശനവിലക്ക് ഏർപ്പെടുത്തി. ദക്ഷിണാഫ്രിക്കയും ഹോളണ്ടും തമ്മിൽ നടക്കാനിരുന്ന ഏകദിന ക്രിക്കറ്റ് പരമ്പര മാറ്റിവച്ചു. തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയും യുഎഇയും ഒമാനും പ്രവേശനവിലക്ക് ഏർപ്പെടുത്തി. യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയിരുന്നു. ഇറാന്‍, ബ്രസീല്‍, തായ്‌ലന്‍ഡ്, ഇസ്രയേല്‍, തുര്‍ക്കി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
English Summary: South African president calls for lifting of Omicron travel bans