കൊച്ചി–ലക്ഷദ്വീപ് യാത്രയ്ക്കിടെ എംവി കവരത്തി യാത്രാക്കപ്പലിൽ തീപിടിത്തം
Mail This Article
കൊച്ചി∙ കൊച്ചിയിൽ നിന്നു ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കിടെ എംവി കവരത്തി യാത്രാക്കപ്പലിൽ തീപിടിത്തം. എൻജിൻ റൂമിലാണു തീ പിടിച്ചത്. കപ്പലിലെ അഗ്നിരക്ഷാ വിഭാഗം ഉടൻ തീയണച്ചതിനാൽ ആളപായമില്ല.
വൈദ്യുതി ബന്ധം മുറിഞ്ഞതോടെ എൻജിന്റെ പ്രവർത്തനം നിലച്ച കപ്പൽ കടലിൽ ഏറെ നേരം നിയന്ത്രണം വിട്ട് ഒഴുകി. എസി, ഫാൻ മുതലയാവ പ്രവർത്തിക്കാതായതിനാൽ കപ്പലിലെ ക്യാബിനുകൾക്കുള്ളിലെ അസഹ്യമായ ഉഷ്ണം മൂലം യാത്രക്കാരും വലഞ്ഞു.
കൊച്ചിയിൽനിന്നു ചൊവ്വാഴ്ച രാത്രി പുറപ്പെട്ട കപ്പൽ ഇന്നലെ രാവിലെ കവരത്തിയിലെത്തി. ഇവിടെനിന്ന് ആന്ത്രോത്തു ദ്വീപിലേക്കു പോകുന്നതിനിടെയാണ് ഉച്ചയ്ക്ക് 12.30ന് എൻജിൻ റൂമിൽ തീ പടർന്നത്. കവരത്തിയിൽനിന്ന് 29 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പൽ. ഷോർട്ട് സർക്യൂട്ട് ആണു തീപിടിത്തത്തിനു കാരണമെന്നാണു പ്രഥമിക നിഗമനം. 322 യാത്രക്കാരും ഉദ്യോഗസ്ഥരും കന്റീൻ ജീവനക്കാരുമുൾപ്പെടെ 85 ക്രൂ അംഗങ്ങളുമാണു കപ്പലിലുള്ളത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
സംഭവമറിഞ്ഞയുടൻ ലക്ഷദ്വീപ് തുറമുഖ വകുപ്പിന്റെ മറ്റൊരു യാത്രാക്കപ്പലായ എംവി കോറൽ അപകടസ്ഥലത്തേക്കു പുറപ്പെട്ടു. എംവി കവരത്തിയിലെ യാത്രക്കാരെ ഈ കപ്പലിൽ സുരക്ഷിതമായി ആന്ത്രോത്തിലെത്തിക്കും. അപകടത്തിലായ കപ്പലിനെ കോറലിന്റെ സഹായത്തോടെ കെട്ടിവലിച്ചു തുറമുഖത്തെത്തിക്കാനും ശ്രമിക്കും.
English Summary: Ship on the way to Lakshadweep catches fire, no casualities