ഗോപിക സുരേഷിന് മിസ് കേരള സൗന്ദര്യ കിരീടം; അന്‍സിക്കും അഞ്ജനയ്ക്കും സ്മരണാഞ്ജലി
Mail This Article
കൊച്ചി ∙ കണ്ണൂർ സ്വദേശി ഗോപിക സുരേഷിന് മിസ് കേരള സൗന്ദര്യ കിരീടം. ബെംഗളൂരുവിൽ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പും തൃശൂർ സ്വദേശി ഗഗന ഗോപാൽ സെക്കൻഡ് റണ്ണറപ്പുമായി. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് ഓഫ് എൻജിനീയറിങ്ങിൽ ബിടെക് രണ്ടാം വർഷ വിദ്യാർഥിനിയാണ് ലിവ്യ. ഗഗന ഓസ്ട്രേലിയയിലെ മെൽബണിൽ സ്പോർട്സ് ആൻഡ് എക്സസൈസ് സയൻസിൽ ബിരുദ വിദ്യാർഥിനിയാണ്.
22മത് ഇംപ്രസാരിയോ മിസ് കേരള മത്സരത്തിൽ സംവിധായകൻ ജീത്തു ജോസഫ്, സംഗീത സംവിധായകൻ ദീപക് ദേവ്, ഗായകൻ അനൂപ് ശങ്കർ, അനീഷ ചെറിയാൻ, ശോഭ വിശ്വനാഥൻ, നടിമാരായ ഇനിയ, വീണ നായർ, ദീപ തോമസ് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. 25 മത്സരാർഥികൾ പങ്കെടുത്തു.
വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെയും റണ്ണറപ്പ് അഞ്ജന ഷാജിയുടെയും ഓർമകൾക്കു മുന്നിൽ പ്രാർഥനകളോടെയായിരുന്നു ഇന്നലെ ഇവരുടെ പിൻഗാമികൾക്കായുള്ള മൽസര ഷോ ആരംഭിച്ചത്. പുതിയ കാലത്തിന്റെ ശാപമായി മാറുന്ന ലഹരി ഇത്രയധികം വ്യാപകമാകുന്നതിൽ ആർക്കാണ് ഉത്തരവാദിത്തം എന്നതായിരുന്നു മൽസരാർഥികൾക്കുള്ള അവസാന ചോദ്യം. ഇതിന് ഏറ്റവും മികച്ച ഉത്തരം നൽകിയതും ഗോപികയെ ജേതാവാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.
English Summary: Gopika suresh won the title of Miss Kerala 2021