സൈജുവിന്റെ കൂട്ടാളികളെ കുടുക്കാൻ പൊലീസ്; മിനുവും അമലും ഉൾപ്പെടെ മുങ്ങി
Mail This Article
കൊച്ചി ∙ മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ ഉൾപ്പെടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ കൂടുതൽ കൂട്ടാളികൾക്കെതിരെ കേസെടുക്കാൻ പൊലീസ് ഒരുങ്ങുന്നു. നിലവിൽ പൊലീസ് കേസെടുത്ത പലരും ഒളിവിലാണ്. സൈജുവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
സൈജു നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുത്ത 17 പേർക്കെതിരെയാണ് ഇപ്പോൾ കേസുള്ളത്. ഇയാളുടെ മൊബൈലിൽനിന്നു ലഭിച്ച ദൃശ്യങ്ങളിൽ, ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയവർക്കെതിരെയാണ് കേസ്. ഇവർ ഓരോരുത്തരെയായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം. പലരും ആദ്യഘട്ട ചോദ്യംചെയ്യലിനു ഹാജരായ ശേഷം ഫോൺ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണ്.
അപകടത്തിനു മുമ്പ് മോഡലുകളുടെ വാഹനത്തെ പിന്തുടരാൻ സൈജു ഉപയോഗിച്ച ആഡംബരക്കാറിന്റെ ഉടമ ഫെബി പോളിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സൈജുവിന്റെ മുഖ്യ കൂട്ടാളികളിൽ ഒരാളാണ് ഫെബിയെന്നാണ് പൊലീസ് പറയുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലും ഇടുക്കിയിൽ നടത്തിയ ലഹരിവിരുന്നിലും ഫെബിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് കോഴിക്കോടുള്ള ബിസിനസിന്റെ മറവിലും ലഹരി പാർട്ടികളും മറ്റും നടത്തിയിരുന്നെന്നും കോഴിക്കോട്ടു നടന്ന ലഹരി പാർട്ടികൾക്കു ചുക്കാൻ പിടിച്ചത് ഫെബിയാണെന്നും തിരിച്ചറിഞ്ഞതായാണ് വിവരം. ഇവയുടെ ദൃശ്യങ്ങൾ ശേഖരിക്കുന്ന മുറയ്ക്ക് കൂടുതൽ പേരിലേക്ക് അന്വേഷണം നീളും.
കൊച്ചിയിൽ പപ്പടവട ഹോട്ടൽ നടത്തിയിരുന്ന മിനു പോൾ, ഭർത്താവ് അമൽ പപ്പടവട തുടങ്ങിയവർക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്നും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാൽ ചോദ്യംചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല. ഒളിവിലാണെന്നാണു സൂചന. ചുരുങ്ങിയ കാലംകൊണ്ട് ഇവർ വൻ തോതിൽ സ്വത്തു സമ്പാദിച്ചത് ലഹരി ഇടപാടിലൂടെയാണോ എന്നത് ഉൾപ്പെടെ പരിശോധിക്കും.
നേരത്തേ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെ പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ മിനു പോസ്റ്റിട്ടിരുന്നു. ഇത് പൊലീസിൽ സംശയം ജനിപ്പിച്ചിരുന്നു. പിന്നീടാണ് വിഡിയോ ദൃശ്യങ്ങളിലൂടെ ഇവരുടെ വിവരങ്ങൾ പൊലീസിനു ലഭിക്കുന്നതും റിമാൻഡ് റിപ്പോർട്ടിൽ പേര് വിവരങ്ങൾ പരാമർശിക്കുന്നതും. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരെയും വരും ദിവസങ്ങളിൽ, ചുമതലയുള്ള എസ്എച്ച്ഒമാർ ചോദ്യം ചെയ്യും.
സൈജുവിന്റെ സുഹൃത്തുക്കളെന്നു പറയുന്നവർ ആരൊക്കെയാണെന്നു തിരിച്ചറിയാനാണ് വീണ്ടും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത്. പേരും മറ്റു വിവരങ്ങളും ലഭിച്ച 17 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യും. റോയിക്കെതിരായ കേസിൽ വിഡിയോ ദൃശ്യങ്ങളിൽനിന്നു കാര്യമായ വിവരങ്ങൾ ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ അധികം വൈകാതെ കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം. സൈജുവിനെതിരായ കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് പറഞ്ഞു.
English Summary: Models Death Case: Police to Register Case Against More People