‘അപകടത്തിൽ വീഴ്ച പൈലറ്റിന്റേതെന്ന് ഡിജിസിഎ നിഗമനം; അന്വേഷണം നടക്കുന്നു’
Mail This Article
കൊച്ചി∙ ഹെലികോപ്റ്റർ അപകടത്തിൽ വീഴ്ച പൈലറ്റിന്‍റേതാണെന്നാണ് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) നിഗമനമെന്ന് എം.എ.യൂസഫലി. പ്രതികൂല കാലാവസ്ഥ കൈകാര്യം ചെയ്യുന്നതിലും പൈലറ്റിന് പിഴവുണ്ടായി. കൂടുതല്‍ അന്വേഷണം നടക്കുന്നതായും യൂസഫലി മനോരമ ന്യൂസിനോട് പറഞ്ഞു. കുമ്പളത്ത് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ സഹായത്തിനെത്തിയ കുടുംബത്തെ സന്ദർശിക്കാനെത്തിയതായിരുന്നു യൂസഫലി.
ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ തനിക്ക് അത്യാഹിതം സംഭവിച്ചുവെന്നാണ് കേട്ടവർ വിചാരിച്ചതെന്നും എന്നാൽ വലിയ ഭാഗ്യവും ദൈവാനുഗ്രഹവും തുണച്ചുവെന്നും യൂസഫലി പറഞ്ഞു.
പനങ്ങാട് ഫിഷറീസ് കോളജ് ഗ്രൗണ്ടിൽ ആയിരുന്നു ഹെലികോപ്റ്റർ ഇറങ്ങാൻ നിശ്ചയിരുന്നത്. എന്നാൽ ലാൻഡിങ്ങിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിച്ചു. ഇതോടെ പനങ്ങാട് പൊലീസ് സ്റ്റേഷനോടു ചേർന്നു നിൽക്കുന്ന ചതുപ്പിൽ ഇടിച്ചിറക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സമീപവാസിയായ രാജേഷും ഭാര്യ ബിജിയുമാണ് എത്തിയത്. ഇവരാണ് പ്രാഥമിക ശുശ്രൂഷ നൽകിയത്. വാഹനമെത്തി ആശുപത്രിയിലേക്കു മാറ്റുന്നതുവരെ ഇവരുടെ വീട്ടിലാണ് യൂസഫലി കഴിഞ്ഞത്. നന്ദി പറയാനാണ് എത്തിയതെന്ന് യൂസഫലി പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 11നായിരുന്നു സാങ്കേതിക തകരാർ മൂലം യൂസഫലിയുടെ ഹെലികോപ്റ്റർ കുമ്പളത്ത് ചെളിനിറഞ്ഞ സ്ഥലത്ത് ഇടിച്ചിറങ്ങിയത്. ലേക്‌ഷോർ ആശുപത്രിയിലേക്കു പോകുന്ന വഴിയാണ് അപകടം നടന്നത്. ദൈവമാണ് രക്ഷിച്ചത്. അപകടത്തിൽ രക്ഷിച്ചവരെ കാണാൻ എത്തുമെന്ന് നേരത്തെ അറിയിച്ചതാണ്. അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ എഡബ്ല്യു 109 എന്ന ഇരട്ട എൻജിൻ 6+2 സീറ്റ് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. മലയാളികള്‍ക്ക് ജോലി കൊടുക്കുകയെന്നത് തന്റെ കടമയാണെന്നും സമ്പാദ്യത്തിന്‍റെ നല്ലൊരു ഭാഗം കേരളത്തിനു വേണ്ടി ചെലവഴിക്കുമെന്നും യൂസഫലി പറഞ്ഞു.
English Summary: Yusuf Ali visits the family who rushed to rescue when his helicopter crash-landed