ADVERTISEMENT

ന്യൂഡൽഹി∙ അപ്രതീക്ഷിതമായെത്തിയ ഹെലികോപ്റ്റർ ദുരന്തത്തിൽ രാജ്യത്തിനു നഷ്ടമായത് സംയുക്ത സേനാ മേധാവിയെയും ധീരസൈനികരെയുമാണെങ്കിൽ കൃതികയ്ക്കും താരുണിക്കും നഷ്ടമായത് അവരുടെ മാതാപിതാക്കളെയാണ്. ബുധനാഴ്ച കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മക്കളാണ് കൃതികയും താരുണിയും.

INDIA-DEFENCE-ACCIDENT
സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ മക്കളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.PRAKASH SINGH / AFP

ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടിൽനിന്നു യാത്രതിരിച്ച മാതാപിതാക്കൾ ഒരുദിവസത്തിനുശേഷം, വ്യാഴാഴ്ച രാത്രി ചേതനയറ്റ ശരീരമായാണ് ഡൽഹിയിലെത്തിയത്. ദേശീയപതാക പുതപ്പിച്ച അവരുടെ മൃതദേഹത്തിൽ കൃതികയും താരുണിയും ആദരാഞ്‍ജലികൾ അർപ്പിച്ചപ്പോൾ രാജ്യം മുഴുവൻ ഒപ്പം വിതുമ്പി. ഡൽഹി പാലം വിമാനത്താവളത്തിലെത്തിയാണ് ഇരുവരും മാതാപിതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചത്. ഇവിടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ഇരുവരെയും ആശ്വസിപ്പിച്ചു.

INDIA-DEFENCE-ACCIDENT
ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹത്തിനു മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്ന മക്കൾ.PRAKASH SINGH / AFP

വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, പത്നി മധുലിക, മലയാളിയായ ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപ് എന്നിവരടക്കമുള്ളവരുടെ മൃതദേഹങ്ങൾ പാലം വ്യോമതാവളത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അവിടെയെത്തി അഭിവാദ്യമർപ്പിച്ചു.

റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച 11 മുതൽ 1.30 വരെ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സേനാ കന്റോൺമെന്റിലുള്ള ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്കു വിലാപയാത്രയായി എത്തിക്കും. ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ മൃതദേഹം രാവിലെ ഒൻപതിനു ബ്രാർ സ്ക്വയറിൽ സംസ്കരിക്കും.

English Summary: Daughters of CDS Bipin Rawat and Madhulika Rawat pay tribute to their parents' mortal remains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com