‘സർ സമാധാനിക്കൂ, ഞങ്ങൾ രക്ഷപ്പെടുത്തും’; അദ്ദേഹം തിരിഞ്ഞുനോക്കി: ‘വാട്ടർ പ്ലീസ്....’
Mail This Article
ഊട്ടി∙ കുനൂരിൽ മരത്തിലിടിച്ച് കത്തിയമർന്ന ഹെലികോപ്റ്ററിനകത്ത് രാജ്യത്തിന്റെ സംയുക്തമേധാവി ബിപിൻ റാവത്ത് ആണെന്നു മനസ്സിലായത് മൂന്നു മണിക്കൂറിനു ശേഷമാണെന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ശിവകുമാർ. അദ്ദേഹത്തെ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും തന്നോട് വെള്ളം ചോദിച്ചെന്നും ശിവകുമാർ പറഞ്ഞു.
‘കൂനൂർ ടൗണിലാണ് എന്റെ താമസം. ഇവിടെ ബന്ധുവിന്റെ വീട്ടിൽ വന്നതാണ്. ഹെലികോപ്റ്റർ മരത്തിലിടിച്ച് വീണതായി വരുന്ന വഴിക്കു തന്നെ ബന്ധു വിളിച്ചുപറഞ്ഞിരുന്നു. സംഭവസ്ഥലത്ത് എത്തുമ്പോൾ ഹെലികോപ്റ്റർ കത്തിയമരുന്ന കാഴ്ചയാണ് കണ്ടത്. ഏകദേശം 20 അടി ഉയരത്തിൽ തീ ആളിക്കത്തുകയായിരുന്നു. ഹെലികോപ്റ്ററിനകത്ത് ഗ്യാസ് പോലുള്ള എന്തെങ്കിലും അപകടകരമായ എന്തെങ്കിലും ഉണ്ടെങ്കിൽ പൊട്ടിത്തെറിക്കുമോ എന്നു ഭയന്ന് രക്ഷാപ്രവർത്തനത്തിൽനിന്നു മാറിനിന്നു.
അപകടസമയത്തു മൂന്നു പേർ ഹെലികോപ്റ്ററിൽനിന്നും പുറത്തുചാടിയതായി ബന്ധു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പിന്നീടു ഞങ്ങൾ പരിസരത്ത് തിരച്ചിൽ ആരംഭിച്ചു. ഞാൻ ഒറ്റയ്ക്കായിരുന്നു താഴേക്ക് ഇറങ്ങിയത്. മൂന്നുപേർ ജീവനോടെ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം അവിടെ എത്തിയ ടൗൺ ഇൻസ്പെക്ടറെ വിവരം അറിയിച്ചു.
ആദ്യം കണ്ടയാൾ വേദനയിൽ തളർന്നിരിക്കുകയായിരുന്നു. സാറിനെ ഞങ്ങൾ രക്ഷപ്പെടുത്തുമെന്ന് പറഞ്ഞ് അദ്ദേഹത്തെ സമാധാനപ്പെടുത്തി. അദ്ദേഹം തിരിഞ്ഞുനോക്കി ‘വാട്ടർ പ്ലീസ്’ എന്നു പറഞ്ഞു. പക്ഷേ അദ്ദേഹം ഏറ്റവും താഴെയായതിനാൽ പെട്ടെന്ന് മുകളിൽ എത്തി വെള്ളവുമായി തിരിച്ചുപോകാനാകില്ല. ഇൻസ്പെക്ടർ കത്തിയും ബെഡ്ഷീറ്റുമായി എത്തി. അദ്ദേഹത്തെ ബെഡ്ഷീറ്റിൽ പൊതിഞ്ഞാണ് ഞങ്ങൾ മുകളിലേക്ക് കൊണ്ടുവന്നത്.
പിന്നീട് മൂന്നു മണിക്കൂറിനു ശേഷം ഒരു സൈനിക ഉദ്യോഗസ്ഥൻ എന്റെ തോളിൽതട്ടി ഒരു ഫോട്ടോയും കാണിച്ചുതന്നു. നിങ്ങൾ രക്ഷപ്പെടുത്തിയത് സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ ആണെന്ന് അദ്ദേഹം പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം ആയി. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന വലിയൊരു ഉദ്യോഗസ്ഥൻ കുടിക്കാൻ വെള്ളം ചോദിച്ചിട്ട് കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത് ഒരുപാടു വേദനിച്ചു. അദ്ദേഹം മരിച്ചതറിഞ്ഞപ്പോൾ രാത്രിയൊന്നും ഉറങ്ങാനായില്ല.’– ശിവകുമാർ പറഞ്ഞു.
English Summary: "He Asked For Water...": Eyewitness Claims He Saw General Rawat After Crash