ഹെലികോപ്റ്റർ അപകടം: വിദഗ്ധ ചികിത്സയ്ക്കായി വരുൺ സിങ്ങിനെ ബെംഗളൂരുവിലേക്ക് മാറ്റി
Mail This Article
ന്യൂഡൽഹി∙ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽനിന്നു രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. വരുൺ സിങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ അറിയിച്ചു.
സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർക്കാണ് ഊട്ടിക്കടുത്ത് കൂനുരിൽ ഇന്നലെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമായത്. കഴിഞ്ഞ ഓഗസ്റ്റിൽ ശൗര്യ ചക്ര ബഹുമതി നേടിയ വ്യോമസേന ഉദ്യോഗസ്ഥനാണ് വരുൺ. സാങ്കേതിക തകരാറുമൂലം അപകടത്തിലായ തേജസ് യുദ്ധവിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിനായിരുന്നു ബഹുമതി.
ജനറൽ ബിപിൻ റാവത്തിനെ അനുഗമിച്ചാണ് വരുൺ സുലൂരിൽനിന്ന് വെല്ലിങ്ടണിലേക്ക് പോയത്. ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിലെ വിദ്യാർഥികളെയും അധ്യാപകരേയും അഭിസംബോധന ചെയ്യാനാണ് ബിപിൻ റാവത്ത് വെല്ലിങ്ടണിലേക്ക് തിരിച്ചത്. ഉദ്യോഗസ്ഥരെ നയിച്ചിരുന്നത് ക്യാപ്റ്റൻ വരുൺ ആയിരുന്നു.
ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശിയാണ്. വരുണിന്റെ പിതാവ് കെ.പി.സിങ് ആർമി കേണൽ ആയിരുന്നു. കോൺഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിങ് ബന്ധുവാണ്.
English Summary: Helicopter Crash: Group Captain Varun Singh is stable