ADVERTISEMENT

തൃശൂർ∙ സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറന്റ് ഓഫീസർ എ. പ്രദീപിന്  ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.‘പ്രദീപിന്റെ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നു. 2018-ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിന്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. പ്രദീപിനു ആദരാഞ്ജലികൾ’– മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പ്രദീപിന്റെ വീട്ടിലെത്തി. സംസ്കാര ചടങ്ങുകളെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ‘കോയമ്പത്തൂർ കലക്ടറുമായും എയർഫോഴ്സ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിരുന്നു. എങ്കിലും അവസാന അഭിപ്രായം പറയാനായില്ലെന്നാണ് മനസ്സിലാകുന്നത്. മരിച്ചവരുടെ ഡിഎൻഎ പരിശോധന നിർബന്ധമായും നടത്തേണ്ട സാഹചര്യമുള്ളതായി പറയുന്നു. ഏതൊക്കെ സ്ഥലങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ മൃതദേഹങ്ങൾ കൊണ്ടുപോകുമെന്ന് വ്യക്തമല്ല.അതുകൊണ്ട് അന്ത്യകർമങ്ങൾ സംബന്ധിച്ച് കൃത്യമായ സമയം പറയാനാകില്ല.’–മന്ത്രി കെ.രാജൻ പറഞ്ഞു.

തൃശൂര്‍ പൊന്നൂക്കര സ്വദേശിയാണ് എ.പ്രദീപ്. ഡല്‍ഹിയില്‍ പ്രണാമം അര്‍പ്പിച്ച ശേഷമെ നാട്ടില്‍ എത്തിക്കൂവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സഹോദരനും ബന്ധുക്കളും ഭൗതികശരീരം ഏറ്റുവാങ്ങാന്‍ തമിഴ്നാട്ടില്‍ പോയിരുന്നു. പക്ഷേ, ഡല്‍ഹിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി കൊണ്ടുപോകുമെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മൃതദേഹം പൊന്നൂക്കരയിലെ വീട്ടിലേക്ക് പിന്നീട് കൊണ്ടുവരും. പുത്തൂര്‍ ഗവണ്‍മെന്റ് സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പാറമേക്കാവ് ശാന്തിഘട്ടിലാകും അന്ത്യചടങ്ങുകള്‍. അച്ഛന്‍ പൂര്‍ണമായും കിടപ്പിലാണ്. ഇപ്പോഴും മരണവിവരം അറിയിച്ചിട്ടില്ല. 

ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ വീട്ടില്‍ എത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഔദ്യോഗിക ബഹുമതികളോടെ അന്ത്യചടങ്ങുകള്‍ നടത്താന്‍ വേണ്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 2004ലായിരുന്നു പ്രദീപ് വ്യോമസേനയില്‍ ചേര്‍ന്നത്. രണ്ടു വര്‍ഷം കൂടി സേവനം അനുഷ്ഠിച്ച ശേഷം വിരമിക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്.

English Summary: Gen Bipin Rawat Chopper Crash: A. Pradeep Final rites likely to delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com