ADVERTISEMENT

ന്യൂഡൽഹി∙ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്ററുമായി ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മരിച്ച എല്ലാവരുടെയും  ഭൗതികശരീരം ഡൽഹിയിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിൽ രാജ്യസഭയിലും ലോക്സഭയിലും പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.

11.48ന് കോപ്റ്റർ സുലൂരിൽനിന്ന് പുറപ്പെട്ടു. 12.15ന് വെല്ലിങ്ടണിൽ എത്തേണ്ടതായിരുന്നു. 12.08ന് കോപ്റ്ററുമായി ആശയവിനിമയം നഷ്ടമായി. അപകടത്തിൽ 13 പേർ മരിച്ചു. എല്ലാവരുടെയും ഭൗതികശരീരം ഡൽഹിയിൽ എത്തിക്കും. കോപ്റ്റർ അപകടം സംയുക്ത സംഘം അന്വേഷിക്കും. എയർമാർഷൽ മാനവേന്ദ്രസിങ് അന്വേഷണത്തിനു നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന കേന്ദ്രമന്ത്രിമാരുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തും. അമിത് ഷാ, രാജ്‌നാഥ് സിങ്, പ്രഹ്ലാദ് ജോഷി, നിർമല സീതാരാമൻ, അനുരാഗ് സിങ് ഠാക്കൂർ എന്നിവർ പങ്കെടുക്കും. 

ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, ഹവിൽദാർ സത്പാൽ, നായികുമാരായ ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായികുമാരായ വിവേക് കുമാർ, ബി.സായ് തേജ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇവർ സ‍ഞ്ചരിച്ചിരുന്ന മി 17 വി 5 എന്ന ഹെലികോപ്റ്റർ ഇന്നലെ ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീഴുകയായിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് തകർന്നുവീണത്. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര.

English Summary: Rajnath Singh's statement on Army Chopper Crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com