7 മിനിറ്റില്‍ ലാന്‍ഡിങ്ങെന്ന് അവസാന സന്ദേശം; അടിയന്തര അറിയിപ്പില്ല: പിന്നാലെ ദുരന്തം
Mail This Article
ന്യൂഡല്‍ഹി∙ കൂനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിച്ച ഹെലികോപ്റ്ററില്‍നിന്ന് എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ക്ക് (എടിസി) അടിയന്തര സന്ദേശമൊന്നും ലഭിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഏഴ്-എട്ട് മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യുമെന്ന സന്ദേശമാണ് അവസാനം ലഭിച്ചത്. ഇതിനു ശേഷം ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയും പിന്നീട് അപകടം ഉണ്ടാകുകയുമായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ബുധനാഴ്ച രാവിലെ 11.48നാണ് ഹെലികോപ്റ്റര്‍ സുലൂരില്‍നിന്ന് പറന്നുയര്‍ന്നത്. 12.15-ന് വെല്ലിങ്ടനില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ 12.08-നാണ് എടിസിയുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. അപകടകാരണം സംബന്ധിച്ച് സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ അകലെവച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരിൽ സൈനിക വിമാനം തകർന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചു. മരിച്ചവരിൽ തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ എ. പ്രദീപും ഉൾപ്പെടുന്നു. പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.
കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് ഹെലികോപ്റ്റർ തകർന്നുവീണത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17വി5 ഹെലികോപ്റ്റർ തകർന്നത്.
English Summary: CDS chopper crash: No distress call, ATC contacted to confirm landing in 7–8 minutes