ധീരസ്മൃതിയായി ജനറൽ റാവത്തും പത്നിയും; ചിതയ്ക്ക് തീ പകർന്ന് പെൺമക്കൾ: സല്യൂട്ട്
Mail This Article
ന്യൂഡൽഹി ∙ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും പത്നി മധുലിക റാവത്തിനും ആദരവോടെ വിടചൊല്ലി രാജ്യം. ബ്രാർ സ്ക്വയറില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് 17 ഗൺ സല്യൂട്ടോടെ ഇരുവരുടെയും സംസ്കാര ചടങ്ങുകൾ നടത്തി. മൃതദേഹങ്ങള്‍ വിലാപയാത്രയായാണു ബ്രാർ സ്ക്വയറിലേക്കെത്തിച്ചത്.
3.30 മുതൽ 4 വരെ ബ്രാര്‍ സ്ക്വയറിൽ പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് വിവിഐപികൾ അന്ത്യാഭിവാദ്യം അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബ്രാർ സ്ക്വയറിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മതപരമായ ചടങ്ങുകൾക്കായി വൈകിട്ട് 4.45 ഓടെ മൃതദേഹങ്ങൾ ഒരേ ചിതയിലേക്കെടുത്തു. മക്കളായ കൃതികയും തരിണിയും അന്ത്യകർമങ്ങൾ നിർവഹിച്ചു. 17 ഗൺ സല്യൂട്ട് നല്‍കി സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കി. എണ്ണൂറോളം സേനാ ഉദ്യോഗസ്ഥരാണ് സംസ്കാര ചടങ്ങുകളുടെ ഭാഗമാകാനെത്തിയത്.
ബ്രിഗേഡിയർ റാങ്കിലുള്ള 12 ഉദ്യോഗസ്ഥർ ചടങ്ങുകൾക്കു നേതൃത്വം നൽകി. ‘ഭാരത് മാതാ കീ ജയ്’ വിളികളുമായി ആയിരങ്ങളാണ് ബ്രാർ സ്ക്വയറിന് സമീപം തടിച്ചു കൂടിയത്.ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാൻഡർമാരും വിദേശ നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ വീട്ടിലെത്തി റാവത്തിനും ഭാര്യയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചു.
കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, മൻസുഖ് മാണ്ഡവ്യ, സ്മൃതി ഇറാനി, സർബാനന്ദ സോനോവാൾ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, എ.കെ.ആന്റണി, മല്ലികാർജുൻ ഖർഗെ തുടങ്ങിയവരും റാവത്തിന് അന്തിമോപചാരം അർപ്പിച്ചു. ഇവരെക്കൂടാതെ, ഭാരത് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.
ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയാണ് ബിപിൻ റാവത്ത്. 2020 ജനുവരി ഒന്നിനാണ് റാവത്ത് ചുമതലയേറ്റത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണത്. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചു. മരിച്ചവരിൽ തൃശൂർ പുത്തൂർ സ്വദേശിയായ വാറന്റ് ഓഫിസർ എ.പ്രദീപും ഉൾപ്പെടുന്നു. പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
English Summary: 17-Gun Salute For Gen Bipin Rawat, 800 Service Personnel At Funeral