ADVERTISEMENT

‘കരസേന, നാവികസേന, വ്യോമസേന എന്നിവ ഉൾപ്പെടുന്ന സംയുക്ത പ്രതിരോധ സേനയുടെ ആസ്ഥാനമാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കരസേനാ ദക്ഷിണ കമാൻഡിന്റെ ആസ്ഥാനമായ പുണെ ആകും’– 2016 ൽ ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല, ജനറൽ ബിപിൻ റാവത്ത് തന്നെയാണ്! അന്ന്, ദക്ഷിണ കമാൻഡിനെ നയിച്ചിരുന്നത് ജനറൽ റാവത്താണ്. ഇന്ത്യൻ കരസേനയുടെ അവിഭാജ്യ ഘടകമായ ദക്ഷിണ കമാൻഡിന്റെ ചുമതല വഹിക്കെയാണ് ഈ ആശയം അദ്ദേഹം മുന്നോട്ടുവച്ചത്. 

പിന്നീട്, 2020 ജനുവരിയിൽ, സംയുക്ത സേനാ മേധാവിയായി ചുമതല ഏറ്റെടുത്തതിനു ശേഷം, ഘട്ടംഘട്ടമായി സേനയെ ഉടച്ചുവാർക്കുന്ന പ്രക്രിയ നടപ്പാക്കിയ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ലോകശക്തികളിൽ മാത്രമുള്ള ‘തിയറ്റർ കമാൻഡ്’ ഇന്ത്യയിലും നടപ്പാക്കുകയെന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം തിയറ്റർ കമാൻഡിലൂടെ സേനയെ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ക്കു ചുക്കാൻ പിടിക്കവെയാണു ജനറൽ റാവത്തിന്റെ ആകസ്മിക നിര്യാണം. കര, നാവിക, വ്യോമ സേനാമേധാവികൾക്ക് ഇതു സംബന്ധിച്ച നിർദേശങ്ങൾ നൽകിയിരുന്ന അദ്ദേഹം, 2022–23 വർഷത്തോടെ തിയറ്റർ കമാൻഡ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലായിരുന്നു. റാവത്തിന്റെ വിയോഗത്തോടെ, ഈ സ്വപ്നപദ്ധതിക്കു കൂടിയാണ് താൽക്കാലിക വിരാമമായിരിക്കുന്നത്. 

∙ എന്തുകൊണ്ടു പുണെ തിയറ്റർ കമാൻഡിന്റെ ആസ്ഥാനം? 

2016 ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെ, പുണെ ആസ്ഥാനമായ ദക്ഷിണ കമാൻഡിന്റെ കമാൻഡിങ് ഇൻ ചീഫ് ഓഫിസറായിരുന്നു ജനറൽ റാവത്ത്.  സംയുക്ത സേനാ വിഭാഗത്തിന്റെ ആസ്ഥാനമാകാൻ പുണെ അനുയോജ്യമെന്നാണു ജനറൽ റാവത്ത് മുൻപു പറഞ്ഞത്. ശത്രുരാജ്യത്തിനെതിരെ കൂടുതൽ ക്രിയാത്മക ചെറുത്തുനിൽപ്പു നടത്താൻ ഇതിലൂടെ സാധിക്കുമെന്നായിരുന്നു വാദം.  

∙ എന്താണു തിയറ്റർ കമാൻഡ് ?

കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്നു ഘടകങ്ങളും ഉൾപ്പെടുന്ന കരുത്തുറ്റ ഒരൊറ്റ വിഭാഗമായി സേനയെ മാറ്റുന്ന പ്രക്രിയയാണ് തിയറ്റർ കമാൻഡ്. സേനയിലെ വിഭവങ്ങളെ ഏറ്റവും ക്രിയാത്മകമായ രീതിയിൽ പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കും. യുദ്ധമുഖങ്ങളിലും രക്ഷാദൗത്യങ്ങളിലും സേനയിലെ 3 വിഭാഗത്തിന്റെയും കരുത്തും വിഭവങ്ങളും പരമാവധി പ്രയാജനപ്പെടുത്താനും സാധിക്കും. സേനയുടെ മൂന്നു വിഭാഗങ്ങളിലായി 17 കമാൻഡുകളാണ് ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ളത്. മേഖലകളുടെ അടിസ്ഥാനത്തിൽ, മൂന്നു വിഭാഗങ്ങളും ഉൾപ്പെടുന്ന 4 കമാൻഡുകളായി ഇതിനെ ചുരുക്കുക എന്നതു സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള ഏറ്റവും നിർണായക നീക്കമായിരിക്കുമെന്ന് ജനറൽ റാവത്ത് തന്നെ മുൻപു പറഞ്ഞിട്ടുണ്ട്.

∙ ഏങ്ങനെ പ്രയോജനപ്പെടുത്തും ഇന്ത്യയിൽ ?

പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നതാകും പുതിയ ആശയപ്രകാരം നിലവിൽവരുന്ന പശ്ചിമ തിയറ്ററിന്റെ ദൗത്യം. ചൈനീസ് അതിർത്തിയിലെ കാര്യങ്ങൾ വടക്കൻ തിയറ്റര്‍ നിയന്ത്രിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ ചുമതല 3–ാം കമാൻഡായ ‘നേവി ഹെവി കമാൻഡിൽ’ നിക്ഷിപ്തമായിരിക്കും. ഇതിനു പുറമേ, നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആൻഡമാൻ നിക്കോബാർ കമാൻഡിനെ 4–ാം തിയറ്ററായി (ഐലൻഡ് കമാൻഡ്) പ്രയോജനപ്പെടുത്തും. കിഴക്കൻ മേഖലയുടെയും, അതോടൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിന്റെയും സംരക്ഷണമാകും ചുമതല.  

Bengaluru: Chief of Army Staff Gen Bipin Rawat waves as he boards the Light Combat Aircraft 'Tejas' for a sortie on the 2nd day of the 12th edition of Aero India 2019 air show at Yelahanka air base in Bengaluru, Thursday, Feb 21, 2019. (PTI Photo/Shailendra Bhojak) (PTI2_21_2019_000072B)
ബിപിൻ റാവത്ത്

∙ നിലവിലെ 17 കമാൻഡുകൾ ഏതൊക്കെ?

വ്യോമസേനയ്ക്കും കരസേനയ്ക്കും ഏഴു വീതവും നാവികസേനയ്ക്കു മൂന്നും കമാൻഡാണു നിലവിലുള്ളത്. കരസേനയുടെ വടക്കൻ, പശ്ചിമ, പശ്ചിമ–ദക്ഷിണ, ദക്ഷിണ കമാൻഡുകൾക്കു നിലവിൽ പാക്കിസ്ഥാനെതിരെ പ്രതിരോധം തീർക്കാനുള്ള ചുമതലയാണ്. വ്യോമസേനയിലെ പശ്ചിമ എയർ കമാൻഡ്, പശ്ചിമ–ദക്ഷിണ കമാൻഡ്, ദക്ഷിണ കമാൻഡ് എന്നിവയുടെയും നാവിക സേനയിലെ പശ്ചിമ, ദക്ഷിണ കമാൻഡുകളുടെയും പ്രധാന ചുമതല ഇതുതന്നെ. സേനയുടെ ഒൻപതു കമാൻഡുകള്‍ നിലവിൽ പാക്കിസ്ഥാനെതിരെ പ്രതിരോധം തീർക്കുന്നു.

ചൈനയെ പ്രതിരോധിക്കാനും ഇത്തരത്തിൽ വിവിധ കമാന്‍ഡുകളുണ്ട്. ചൈനയെയും പാക്കിസഥാനെയും പ്രതിരോധിക്കുക എന്നതാണ് അലഹാബാദിലെ മധ്യ എയർ കമാൻഡിന്റെ ദൗത്യം. അതുപോലെതന്നെ, ഷില്ലോങ്ങിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ എയർ കമാൻഡിനും പശ്ചിമ മേഖലയുടെ ചുമതല കൂടിയുണ്ട്. ഇത്തരത്തിൽ സേനയുടെ പല കമാൻഡുകൾക്കും നിലവിൽ അധിക ദൗത്യങ്ങളുണ്ട്. 

∙ തിയറ്റർ കമാൻഡിൽ മാറ്റം എങ്ങനെ?

തിയറ്റർ കമാൻഡുകൾ പ്രവർത്തന സജ്ജമാകുമ്പോൾ, ഇപ്രകാരമാകും മാറ്റമെന്നു ജനറൽ റാവത്ത് പറഞ്ഞിട്ടുണ്ട്. ‘പാക്കിസ്ഥാനെതിരെ പ്രതിരോധ  ചുമതലയുള്ള സംയുക്ത കമാൻഡിന് ഒരു തലവനുണ്ടാകും. അതു കരസേനയിൽനിന്നോ, നാവിക സേനയിൽനിന്നോ വ്യോമസേനയിൽനിന്നോ ആകാം. ഏറ്റവും അനുയോജ്യനായ ആളെയാകും നിയമിക്കുക. മറ്റു സേനാ വിഭാഗങ്ങളിൽനിന്നുള്ള 2 പേർ അദ്ദേഹത്തിനു കീഴിൽ പ്രവർത്തിക്കും. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സേനാവിഭാഗത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്യത്തിൽ, കമാൻഡർക്ക് ഇവർ ഉപദേശങ്ങൾ നൽകും. 

കാലക്രമേണ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിനെ (സിഎപിഎഫ്) കരസേനയുടെ ദൗത്യങ്ങളിൽ സഹകരിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. കരസേനയ്ക്കൊപ്പം തന്നെയാണു സിഎപിഎഫ് പരിശീലിക്കുന്നത്. അത്യാധുനിക യുദ്ധോപകരണങ്ങളും അവരുടെ പക്കലുണ്ട്. അതുകൊണ്ടുതന്നെ, പ്രതിരോധ പ്രവർത്തനങ്ങളിൽ സിഎപിഎഫിനെ സഹകരിപ്പിക്കാനായാൽ, കരസേനയ്ക്ക് എതിരാളികളെ നേരിടുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാകും’– ജനറൽ റാവത്തിന്റെ വാക്കുകളാണിത്. 

സമാനമായ രീതിയിൽ, ചൈനയിൽനിന്നുള്ള ഭീഷണി നേരിടാനുള്ള ചുമതലയും ഒരു തിയറ്റർ കമാൻഡിനാകും. കിഴക്കൻ നേവൽ കമാൻഡും വ്യോമസേനാ കമാൻഡും ഈ വടക്കൻ തിയറ്ററിനു കീഴിലാകും. നിലവിലെ നാവികസേനാ പശ്ചിമ കമാൻഡും കിഴക്കൻ കമാൻഡും ഒരു ആസ്ഥാനത്തിനു കീഴിലാകും. ദേശീയ മാരിടൈം കമാൻഡ് എന്നാകും ഇത് അറിയപ്പെടുക. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖല എന്നിവയുടെ ചുമതല ഈ കമാൻഡ് വഹിക്കും.  

ഇന്ത്യയിലെ ദ്വീപുകളുടെ സംരക്ഷണമാണു നാലാമത്തെ തിയറ്ററിന്റെ ദൗത്യം. ‘ഐലൻഡ് ഓഫ് റെസിസ്റ്റൻസ്’ എന്നാകും ഇത് അറിയപ്പെടുക. ആന്‍ഡമാൻ നിക്കോബാർ ദ്വീപിൽ ഇന്ത്യൻ പ്രതിരോധ സേന നിലവിൽത്തന്നെ സംയുക്ത തിയറ്റർ കമാൻഡ് സ്ഥാപിച്ചിട്ടുണ്ട്. കമാൻഡർ ഇൻ ചീഫ് ഓഫ് ആൻഡമാൻ ആൻഡ് നിക്കോബാറാണു കമാൻഡിന്റെ തലവൻ. 

**EDS: FILE IMAGE** New Delhi: In this file image dated Tuesday, Sept. 18, 2017, Army Chief Gen Bipin Singh Rawat along with his wife Madhulika Rawat attends the funeral of Marshal of the Indian Air Force, Arjan Singh at Brar Square in New Delhi. An Indian Air Force helicopter with Chief of Defence Staff General Bipin Rawat on board crashed in Tamil Nadu's Coonoor on Wednesday, Dec. 8, 2021. (PTI Photo/Kamal Singh)(PTI12_08_2021_000137B)
ബിപിൻ റാവത്ത്, ഭാര്യ മധുലിക

∙ സുരക്ഷ ഉറപ്പാക്കാൻ രണ്ടു തിയറ്ററുകൾ കൂടി

മേഖലകളുടെ അടിസ്ഥാനത്തിലുള്ള നാലു തിയറ്ററുകൾക്കു പുറമേ, രണ്ടു തിയറ്ററുകൾ കൂടി ജനറൽ റാവത്ത് വിഭാവനം ചെയ്തിരുന്നു. ഇന്ത്യയുടെ വിമാന അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് ഇവയിൽ ഒന്ന്. പൈലറ്റിനെ വഹിക്കുന്നതും അല്ലാത്തതുമായ യുദ്ധവിമാനങ്ങൾ, മിസൈലുകൾ, റോക്കറ്റുകൾ, ഷെല്ലുകൾ അടക്കമുള്ളവ ഈ തിയറ്ററിൽ ഉണ്ടാകും.

ഭാവിയിൽ ലോക രാഷ്ട്രങ്ങൾക്കു വെല്ലുവിളിയാകും എന്നു വിലയിരുത്തപ്പെടുന്ന സൈബർ യുദ്ധമുറകളുടെ ചുമതല വഹിക്കുക എന്നതാകും ആറാമത്തെയും അവസാനത്തെയും തിയറ്ററിന്റെ ദൗത്യം. സ്പേസ് ഏജൻസികളെയും ഇതിനായി പ്രയോജനപ്പെടുത്തും. 

∙ നിലവിൽ വരിക 2022–2023 ൽ ?

ഇന്ത്യയിൽ ഇത്തരത്തിൽ തിയറ്റർ കമാൻഡുകൾ 2022–23 വർഷത്തോടെ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലാണു നിലവിൽ പ്രതിരോധ സേന.

സേനയിലെ തിയറ്റർവൽകരണ പദ്ധതി തയാറാക്കുന്നതിനായി ജനറൽ ബിപിൻ റാവത്തിനു കീഴിൽ, കഴിഞ്ഞ ജൂണിൽ കേന്ദ്ര സർക്കാർ എട്ടംഗ സമിതി രൂപീകരിച്ചിരുന്നു. ഇതു സംബന്ധിച്ച് നിർണായക ഉത്തരവാദിത്തങ്ങൾ സേനയുടെ വിവിധ വിഭാഗങ്ങളുടെ മേധാവികൾക്കു നേരത്തേ നൽകിയിരുന്നു. 

ഇതിന്റെ ഏകോപനത്തിനായി, ഓരോ സേനാ വിഭാഗവും മുതിർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു. തിയറ്റർ വിഭാഗങ്ങളുടെ സംഘടനാ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് അടുത്ത വർഷത്തോടെ വിശദമായ റിപ്പോർട്ട് സമര്‍പ്പിക്കുക എന്നതാണ് ഇവരുടെ ചുമതല. എന്നാൽ സേനയിലെ തിയറ്റർ മോഡല്‍ ഏകീകൃത സ്വഭാവത്തിലെത്താൻ അഞ്ചു വർഷം വരെ വേണ്ടിവന്നേക്കാമെന്നും സേനാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം, ഇന്ത്യൻ കരസേനയുടെ വടക്കൻ കമാൻഡിനു മാത്രമാകും തിയറ്റർ സംവിധാനത്തിനു പുറത്തു സ്വതന്ത്ര നിലനിൽപ്പുണ്ടാകുക. വടക്കൻ മേഖലയിൽ, പാക്കിസ്ഥാനുമായും ചൈനയുമായുമുള്ള അതിർത്തി കാക്കുന്ന ചുമതല വഹിക്കുന്നത് ഉഥംപുർ ആസ്ഥാനമായുള്ള കരസേനയുടെ വടക്കൻ കമാന്‍ഡാണ്. ജമ്മു കശ്മീർ കേന്ദ്രീകരിച്ചുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കു പ്രതിരോധം തീർക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നതും കരസേനയുടെ വടക്കൻ കമാൻഡാണ്. 

English Summary: What is Theater Command and dreams of Bipin Rawat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com