ജ്വലിക്കുന്ന ഓർമയായി എ.പ്രദീപ്; വിടചൊല്ലി നാട്, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
Mail This Article
തൃശൂർ ∙ തമിഴ്നാട് കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭൗതികശരീരം സംസ്കരിച്ചു. തൃശൂർ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്കൂളിലും വീട്ടിലും പൊതുദർശനത്തിനുവച്ച ശേഷമായിരുന്നു സംസ്കാരം.
സുലൂർ വ്യോമതാവളത്തിൽനിന്നു വിലാപയാത്രയായാണ് മൃതദേഹം ജന്മനാടായ പൊന്നൂക്കരയിൽ എത്തിച്ചത്. ഉച്ചയ്ക്കു 12.30യ്ക്കു വിലാപയാത്ര വാളയാർ അതിർത്തിയിൽ എത്തിയപ്പോൾ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.രാജൻ, കെ.രാധാകൃഷ്ണൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. ദേശീയപാതയുടെ ഇരുവശത്തും ആദരാഞ്ജലികൾ അർപ്പിക്കാൻ ദേശീയപതാകയുമായി നിരവധിപേര്‍ കാത്തുനിന്നു.
ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ രാവിലെ 11 മണിയോടെയാണ് പ്രദീപിന്റെ മൃതദേഹം സുലൂർ വ്യോമതാവളത്തിൽ എത്തിച്ചത്. ഇവിടെവച്ചു ടി.എൻ.പ്രതാപൻ എംപി ആദരാഞ്ജലി അർപ്പിച്ചു. ടി.എൻ.പ്രതാപനും കേന്ദ്രമന്ത്രി വി.മുരളീധരനും ആംബുലൻസിനെ സുലൂരിൽനിന്നു അനുഗമിച്ചു.
മരണവിവരം അറിഞ്ഞയുടൻ പ്രദീപിന്റെ സഹോദരൻ പ്രസാദ് മൃതദേഹം ഏറ്റുവാങ്ങാൻ കോയമ്പത്തൂരിലേക്ക് പോയിരുന്നു. എന്നാൽ ഡൽഹിയിലേക്ക് കൊണ്ടുപോയ ശേഷം മാത്രമേ വിട്ടുനൽകൂ എന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സഹോദരൻ തൃശൂരിലേക്ക് തിരിച്ചെത്തുകയായിരുന്നു.
വെന്റിലേറ്ററിൽ കഴിയുന്ന പിതാവിനോട് പ്രദീപിന്റെ മരണവിവരം അറിയിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണു വ്യോമസേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.
2018ലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ സംഘത്തിൽ പ്രദീപുണ്ടായിരുന്നു. അന്നു സ്വയം സന്നദ്ധനായി ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രദീപ് ഉൾപ്പെട്ട ദൗത്യസംഘത്തിനു രാഷ്ട്രപതിയുടെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസയും ലഭിച്ചു. 6 മാസം മുൻപാണു കോയമ്പത്തൂർ സുലൂരിലെത്തിയത്.
English Summary: Helicopter crash: Last rites of Pradeep