കൊടും വരൾച്ചയിൽ ജീവനറ്റ് ആറ് ജിറാഫുകൾ; കരളലിയിക്കുന്ന കെനിയ
Mail This Article
നയ്റോബി ∙ കെനിയയിലെ വരൾച്ചയുടെ തീക്ഷ്‌ണത വെളിവാക്കുന്ന ചിത്രം കണ്ടതിന്റെ ഞെട്ടലിലാണ് ലോകം. വാജിറിലെ സബൂളി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ കൊടും ചൂടത്ത് ജീവനില്ലാതെ കിടന്ന ആറു ജിറാഫുകളുടെ ചിത്രമാണ് ഏവരെയും വേദനിപ്പിക്കുന്നത്. ഗെറ്റി ഇമേജസിന് വേണ്ടി എഡ് റാം ആണ് ചിത്രം പകർത്തിയത്.
സമീപത്തെ ജലാശയത്തിൽ വെള്ളം കുടിക്കാൻ പോകവേ ചെളിയിൽ പുതഞ്ഞുവീണതാണ് മരണകാരണം. ഏറെക്കുറെ വറ്റിവരണ്ട നിലയിലാണ് ജലാശയം കാണപ്പെട്ടത്. കടുത്ത വരൾച്ചയിൽ ജലം കിട്ടാതെ ജിറാഫുകൾ മരിച്ച സംഭവം കെനിയയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
വരൾച്ച രൂക്ഷമായതിനെ തുടർന്നു കെനിയയുടെ വടക്കു-കിഴക്കൻ പ്രദേശമായ സബൂലിയിലേക്ക് ജിറാഫുകളെ മാറ്റി പാർപ്പിച്ചിരുന്നു. സാധാരണ ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് അളവു മഴ മാത്രമാണ് രാജ്യത്തു ലഭിച്ചത്. ഇതാണു കൊടും വരൾച്ചയ്ക്കു കാരണമായതെന്നു വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. വരൾച്ച ഇനിയും തുടർന്നാൽ സമീപ പ്രദേശമായ ഗരിസ്സയിലെ 4,000 ജിറാഫുകൾ മരണഭീഷണി നേരിടുമെന്ന് കെനിയൻ ദിനപ്പത്രം മുന്നറിയിപ്പ് നൽകി.
2021 സെപ്റ്റംബറിൽ വരൾച്ചയെ ദേശീയ ദുരന്തമായി കെനിയൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ടു ദശലക്ഷത്തിലധികം വരുന്ന കെനിയൻ സ്വദേശികൾ പട്ടിണിയിലാണെന്നും ഇത് രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയിലധികം വരുമെന്നും സർക്കാർ വിലയിരുത്തുന്നു.
English Summary: Killed by drought: The deadly toll on Kenyan giraffes captured in devastating photo