പ്രദീപിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു; ഭാര്യയ്ക്ക് ജോലി നല്‍കും
Mail This Article
തിരുവനന്തപുരം∙ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ച വ്യോമസേനയുടെ ജൂനിയര്‍ വാറൻഡ് ഓഫിസര്‍ എ.പ്രദീപിന്റെ ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ജോലിക്കു പുറമേ ധനസഹായമായി അഞ്ച് ലക്ഷം രൂപ നല്‍കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്നു ലക്ഷം രൂപ പ്രദീപിന്റെ അച്ഛനു ചികിത്സാ സഹായം നല്‍കാനും തീരുമാനിച്ചു.
സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതർക്കാണ് ജോലി നൽകുന്നത്. പ്രദീപിനു പ്രത്യേക പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പ്രദീപ് കേരളത്തിനു നല്‍കിയ സേവനങ്ങള്‍ സര്‍ക്കാര്‍ വളരെ സ്‌നേഹത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുകയാണെന്നു റവന്യൂ മന്ത്രി കെ.രാജൻ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. 2004ല്‍ വ്യോമസേനയില്‍ ജോലി ലഭിച്ചതിനു ശേഷം സേനയുടെ വിവിധ മിഷനുകളില്‍ പ്രദീപ് അംഗമായി പ്രവര്‍ത്തിച്ചു. 2018ലെ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി.
പ്രദീപിന്റെ അച്ഛന്‍ ദീര്‍ഘനാളായി ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടുപോവുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കുന്നതിനും സര്‍ക്കാരിന്റെ സൈനിക ക്ഷേമ നിധിയില്‍നിന്ന് 5 ലക്ഷം രൂപ നല്‍കുന്നതിനും തീരുമാനിച്ചത്. ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലിയായിരിക്കും നല്‍കുകയെന്നും മന്ത്രി പറഞ്ഞു.
English Summary: Kerala Government offers job to Military officer Pradeep's wife