നേമം ടെർമിനൽ: ഡിപിആർ ‘പഠിക്കുന്നതിൽ’ റെക്കോർഡ് തീർത്ത് റെയിൽവേ ബോർഡ്
Mail This Article
കൊച്ചി∙ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) പഠിക്കാനെടുക്കുന്ന സമയത്തിൽ പുതിയ റെക്കോർഡ് തീർത്ത് റെയിൽവേ ബോർഡ്. നേമം ടെർമിനൽ സംബന്ധിച്ച റിപ്പോർട്ടാണ് ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്നും പഠിച്ചതിനു ശേഷം തീരുമാനമെടുക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അടൂർ പ്രകാശ് എംപിയെ അറിയിച്ചത്.
പദ്ധതിയുടെ വിശദമായ രൂപരേഖയും റിപ്പോർട്ടും 2019 നവംബർ 2നാണ് ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിന് സമർപ്പിച്ചത്. 2021 കഴിയാറായിട്ടും റെയിൽവേ ബോർഡിൽ പദ്ധതികളുടെ ചുമതലയുള്ള മെമ്പർ ഇൻഫ്രാസ്ട്രക്ചറിന്റെ ഓഫിസിൽ ഈ ഫയൽ തീരുമാനമാകാതെ കിടക്കുകയാണ്. ഈ ഓഫിസിൽ നിന്നു ഫയൽ മന്ത്രി അശ്വിനി വൈഷ്ണവിനു മുന്നിലെത്തി അദ്ദേഹം അംഗീകാരം നൽകിയാൽ മാത്രമേ എസ്റ്റിമേറ്റിന് അനുമതി ലഭിക്കൂ. 2 വർഷം മുൻപെത്തിയ ഫയലാണു ഉദ്യോഗസ്ഥർ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്നു മന്ത്രി മറുപടി നൽകിയത്.
2019 മാർച്ചിൽ അന്നത്തെ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പദ്ധതിക്ക് തറക്കല്ലിട്ട കാര്യം റെയിൽവേ ബോർഡ് ഇനിയും അറിഞ്ഞിട്ടുണ്ടോയെന്നു വ്യക്തമല്ല. എസ്റ്റിമേറ്റിന് അനുമതി ലഭിക്കാത്ത പദ്ധതിക്കാണു അന്ന് തറക്കല്ലിട്ടത്. തിരുവനന്തപുരത്തു നിന്നു പുതിയ ട്രെയിനുകൾ ലഭിക്കാൻ വഴിയൊരുക്കി നേമം വരുന്നുവെന്നായിരുന്നു പ്രഖ്യാപനം.
ശിലാസ്ഥാപന ചടങ്ങിലെ പിയൂഷ് ഗോയലിന്റെ പ്രസംഗത്തിൽ നിന്ന്: ‘ നേമം ടെർമിനൽ വളരെയേറെ കാലമായുള്ള കേരളത്തിന്റെ ആവശ്യമാണ്. തിരുവനന്തപുരം, കൊച്ചുവേളി സ്റ്റേഷനുകളിൽ ഉപയോഗ ശേഷിയിൽ കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യുന്നുണ്ട്. നേമത്തെ പദ്ധതി യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരത്തു യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും ’. എന്നാൽ പിന്നീട് പദ്ധതിയിൽ ഒന്നും സംഭവിച്ചില്ല.
നേമത്ത് ഇപ്പോൾ നടക്കുന്ന ജോലികൾ കന്യാകുമാരി–തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള പ്ലാറ്റ്ഫോം നിർമാണമാണ്. എന്നാൽ പലരും ഇത് ടെർമിനൽ നിർമാണമായാണു തെറ്റിദ്ധരിച്ചിരിക്കുന്നത്. പദ്ധതിക്കായി ഭൂമിയേറ്റെടുക്കാൻ റെയിൽവേ അപേക്ഷ നൽകിയിരുന്നെങ്കിലും അതിനു പണം വകയിരുത്തുകയോ എസ്റ്റിമേറ്റിന് അന്തിമ അനുമതി നൽകുകയോ ചെയ്തിട്ടില്ല. 117 കോടി രൂപയാണു പുതുക്കിയ എസ്റ്റിമേറ്റ് തുക. സാധാരണ ഗതിയിൽ ഒരു എസ്റ്റിമേറ്റിന് അംഗീകാരം നൽകാൻ 6 മാസം മതി. ഭരണകക്ഷി സംസ്ഥാനങ്ങളിലെ പദ്ധതികളാണെങ്കിൽ പെട്ടെന്നു കാര്യം നടക്കും. എന്നാൽ നേമത്തിന്റെ കാര്യത്തിൽ 2 കൊല്ലമായിട്ടും നടപടിയില്ല.
5 സ്റ്റേബിളിങ് ലൈനുകൾ, 2 പ്ലാറ്റ്ഫോം ലൈനുകൾ, ഷണ്ടിങ് ലൈനുകൾ എന്നിവയാണു ഒന്നാം ഘട്ടത്തിൽ നേമത്തു വരേണ്ടത്. 4 പിറ്റ്‌ലൈനുകൾ, പവർ കാർ ഷെഡ്, സിക്ക് ലൈനുകൾ എന്നിവയാണു രണ്ടാം ഘട്ടത്തിൽ നിർമിക്കേണ്ടത്. ഇതിൽ ഒന്നാം ഘട്ടത്തിന്റെ എസ്റ്റിമേറ്റ് പാസാക്കി കിട്ടാനാണു കേരളം ഇപ്പോഴും കാത്തിരിക്കുന്നത്.
2011ൽ റെയിൽവേ നേമത്തോടൊപ്പം പ്രഖ്യാപിച്ച മറ്റൊരു ടെർമിനൽ പദ്ധതിയാണു ഉത്തർപ്രദേശിലെ മൗ ജംക്‌ഷനിലേത്. 3 വർഷം മുൻപു അവിടെ ട്രെയിൻ അറ്റകുറ്റപ്പണി സൗകര്യം നിലവിൽ വന്നു. 8 പുതിയ ട്രെയിനുകളും സർവീസ് ആരംഭിച്ചു. നേമം ടെർമിനൽ വന്നില്ലെങ്കിൽ മാർച്ചിൽ കമ്മിഷൻ ചെയ്യുന്ന കോട്ടയം വഴിയുള്ള ഇരട്ടപ്പാത കൊണ്ടു കേരളത്തിനു കാര്യമായ നേട്ടമുണ്ടാകില്ല. ഇരട്ടപ്പാത വരുമ്പോൾ ട്രെയിൻ നൽകാമെന്നു പറഞ്ഞ റെയിൽവേ ഉടനെ തന്നെ കാലുമാറും. പുതിയ ട്രെയിൻ എവിടെ കൊണ്ടു പോയി വയ്ക്കുമെന്ന ചോദ്യം ചോദിച്ചു കൈമലർത്തും.
അടൂർ പ്രകാശ് എംപി തന്നെ കുറച്ചു വർഷങ്ങൾക്കു മുൻപു വാരണാസി ട്രെയിൻ ചോദിച്ചിരുന്നു. അന്ന് ടെർമിനൽ അപര്യാപ്തത മൂലം ട്രെയിൻ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു നിലപാട്. വർഷങ്ങൾ കഴിഞ്ഞിട്ടും തിരുവനന്തപുരത്തെ സ്ഥിതിക്കു മാറ്റമൊന്നുമില്ല. നേമം ടെർമിനലിനായി അടൂർ പ്രകാശ് മാത്രമാണു ഇപ്പോൾ ശബ്ദമുയർത്തിയിരിക്കുന്നത്. എന്നാൽ ഈ പദ്ധതി കേരളത്തിനു മൊത്തം വേണ്ട പദ്ധതിയാണെന്നു മറ്റുള്ള എംപിമാർ കൂടി തിരിച്ചറിയേണ്ടതുണ്ട്. കാരണം നേമം ടെർമിനൽ വന്നാൽ മാത്രമേ അവർക്കും പുതിയ ട്രെയിനുകൾ ചോദിച്ചാൽ കിട്ടൂ.
നേമത്തിനു പുറമേ എസ്റ്റിമേറ്റ് അനുമതി കാക്കുന്ന 3 പദ്ധതികൾ കൂടിയുണ്ട് കേരളത്തിൽ. എറണാകുളം–കുമ്പളം, കുമ്പളം–തുറവൂർ, തുറവൂർ–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ പദ്ധതിയാണത്. ഭൂമി ഏറ്റെടുക്കാൻ പണം കെട്ടി വച്ച ശേഷം എസ്റ്റിമേറ്റിന് അനുമതിയില്ലെന്ന കാരണത്താൽ ഈ പദ്ധതിയിൽ ടെൻഡർ വിളിക്കാൻ കഴിയാത്ത ഗതികേടിലാണു ദക്ഷിണ റെയിൽവേ. ഹൈബി ഈഡൻ എംപി റെയിൽവേ മന്ത്രിക്കു കത്തു നൽകിയതു മാത്രമാണു ഇക്കാര്യത്തിൽ കേരളത്തിന്റെ ഭാഗത്തു നിന്നുള്ള ഇടപെടൽ. എംപിമാർ ഒറ്റക്കെട്ടായി റെയിൽവേ മന്ത്രിയെ കണ്ടാൽ എസ്റ്റിമേറ്റ് അനുമതിയില്ലാതെ ഈ 3 പദ്ധതികൾക്കും അനുമതി വാങ്ങിയെടുക്കാൻ കഴിയും. അതിനു കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ എംപിമാരും തയാറാകുമോ എന്നാണ് അറിയേണ്ടത്.
Content Highlight: Nemom Railway Terminal Construction