ADVERTISEMENT

തിരുവനന്തപുരം∙ സ്വന്തം ഭാവിയെപ്പറ്റിയുള്ള ചിന്തയും ആഗ്രഹങ്ങളും നിലപാടുകളെ സ്വാധീനിക്കാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് പി.ടി.തോമസ് എംഎൽഎ പോലെ മറ്റൊരു മാതൃകയില്ലെന്ന് കോൺഗ്രസ് നേതാവ് ഡോ.എസ്. എസ്.ലാൽ. പി.ടി.തോമസ് എംഎൽഎയുടെ പത്ത് ദിവസം മുൻപുള്ള ചിത്രം പങ്കുവച്ചായിരുന്നു ലാലിന്റെ വൈകാരിക കുറിപ്പ്. ‘അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു അന്ന്. വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും ജന്മദിനം ഓർമിക്കാനുള്ള മകൻ വിവേകിന്റെ ആവശ്യത്തിന് അദ്ദേഹം വഴങ്ങി. രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കി പി.ടി. എനിക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ചിരിക്കുകയും ചെയ്തു. ഇതാണ് പി.ടി. ഇതായിരുന്നു പി.ടി.’– എസ്.എസ്.ലാൽ കുറിച്ചു. 

ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം

പി.ടി. യുടെ പത്ത് ദിവസം മുൻപുള്ള ചിത്രമാണിത്. അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു അന്ന്. വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും ജന്മദിനം ഓർമ്മിക്കാനുള്ള മകൻ വിവേകിന്റെ ആവശ്യത്തിന് അദ്ദേഹം വഴങ്ങി. രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കി പി.ടി. എനിക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ചിരിക്കുകയും ചെയ്തു. ഇതാണ് പി.ടി. ഇതായിരുന്നു പി.ടി.

1982-ൽ അദ്ദേഹം കെഎസ്‌ പ്രസിഡന്റ് ആയപ്പോൾ പരിചയപ്പെട്ടത് മുതൽ മനസിനെ തൊട്ടറിയുന്ന നേതാവ്. ജ്യേഷ്ഠ സഹോദരൻ. സുഹൃത്ത്. തികഞ്ഞ നിസ്വാർഥൻ. ഒരു തലമുയിലെ യുവാക്കളെ കെഎസ്‌യുവിലൂടെ നല്ല മനുഷ്യരായി വാർത്തെടുത്തത് അദ്ദേഹമാണ്. സ്വന്തം ഭാവിയെപ്പറ്റിയുള്ള ചിന്തയും ആഗ്രഹങ്ങളും നിലപാടുകളെ സ്വാധീനിക്കാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് അദ്ദേഹത്തെ പോലെ മറ്റൊരു മാതൃകയില്ല. ആ സ്വാധീനമാണ് പി.ടി. അവശേഷിപ്പിക്കുന്നത്.

പി.ടി. ഒരിക്കലും എന്നെ ലാലേ എന്ന് വിളിച്ചതായി ഓർമ്മയില്ല. 1982ൽ പരിചയപ്പെട്ടത് മുതൽ നീ എന്നും എടാ എന്നും ഒക്കെ വിളിക്കും. അത് കേൾക്കുമ്പോൾ എനിക്കൊരു കൊച്ചനിയനാകാൻ കഴിയും. സംരക്ഷിക്കാൻ ഒരു വല്യേട്ടൻ ഉണ്ടെന്ന വിശ്വാസവും കിട്ടും. കഴിഞ്ഞ ദിവസങ്ങളിൽ പലപ്പോഴും മരുന്നുകളുടെ മയക്കത്തിലായിരുന്ന പി.ടി. പെട്ടെന്ന് ഉണർന്നാൽ അടുത്തിരിക്കുന്ന എന്നോടുൾപ്പെടെയുള്ളവരോട് ചോദിക്കുന്നത് ഞങ്ങളുടെ കുടുംബാംഗങ്ങളുടെയോ മറ്റേതെങ്കിലും സുഹൃത്തിന്റെയോ കാര്യമായായിരിക്കും. അല്ലാതെ സ്വന്തം രോഗത്തിന്റെയോ ചികിത്സയുടെയോ കാര്യമല്ല. 

അദ്ദേഹത്തിന്റെ ശക്തി അദ്ദേത്തിന്റെ കുടുംബവും ലോകം മുഴുവനുമുള്ള സുഹൃത്തുക്കളുമാണ്. പി.ടി. യുടെ ഭാര്യ ഉമയും മക്കൾ വിഷ്ണുവും വിവേകും സ്വന്തം ശരീരത്തിലെ രോഗം പോലെയാണ് പി.ടി യുടെ രോഗത്തെ കണ്ടത്. ഒരു കുടുംബത്തിന് ഇതിൽ കൂടുതൽ ചെയ്യാൻ കഴിയില്ല. രാഷ്ടീയത്തിരക്കിനിടയിലും ഇങ്ങനെ സുദൃഢ ബന്ധമുള്ള ഒരു കുടുംബത്തെക്കൂടി വാർത്തെടുക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ല.

വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രി ലോകോത്തര ചികിത്സയാണ് അദ്ദേഹത്തിനു നൽകിയത്. ചികിത്സ നയിച്ച ഡോക്ടർ ടൈറ്റസ് മഹാരാജാസ് കോളേജിൽ പഠിച്ചയാളായിരുന്നു. വെല്ലൂരിലെ മലയാളികളായ ഡോക്ടർ സുകേശും ഡോ: അനൂപും ഒക്കെ കുടുംബാംഗങ്ങളെപ്പോലെയാണ് അദ്ദേഹത്തെ നോക്കിയത്. അമേരിക്കയിലെ പ്രശസ്തരായ മലയാളി ഡോക്ടർമാരായ ജെയിം എബ്രാഹം ഉൾപ്പെടെയുള്ളവർ ചികിത്സയ്ക്ക് ഉപദേശകരായി ഉണ്ടായിരുന്നു. 

കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ സന്ദർശിക്കുകയും നിരന്തരം വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. മറ്റു പാർട്ടി നേതാക്കളും അദ്ദേഹത്തിന്റെ കാര്യത്തിൽ വലിയ ശ്രദ്ധ കാണിച്ചു. അദ്ദേഹത്തിന്റെ വേർപാടിന്റെ നഷ്ടം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല. കേരളത്തിന് മൊത്തത്തിലാണ്. കേരളത്തിലെ നന്മയുടെ ലോകത്തിലാണ് വലിയ വിടവുണ്ടായിരിക്കുന്നത്.എടാ എന്ന് വിളിക്കുന്ന ഒരു നേതാവിന്റെ, ജ്യേഷ്ഠന്റെ, വിടവ് എന്നെയും തുറിച്ചു നോക്കുന്നുണ്ട്.പി.ടി യുടെ ഓർമ്മകളും നിലപാടുകളും മരിക്കില്ല. ഒരേയൊരു പി.ടി. 

English Summary: A vibrant and dedicated  Personality: SS Lal remembers PT Thomas 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com