ഈ ജയന്തിക്ക് എന്തു പറ്റി? വരില്ലേ, ഇനിയും ഇതുവഴി..
Mail This Article
കോവിഡ് നിയന്ത്രണങ്ങളെല്ലാം ഏതാണ്ട് മാറി. നിർത്തലാക്കിയ ട്രെയിനുകളെല്ലാം പഴയ രൂപത്തിൽ തിരിച്ചു വന്നു. പക്ഷേ ദീർഘദൂര ട്രെയിനുകളെല്ലാം ഓടിത്തുടങ്ങിയിട്ടും പ്രധാനപ്പെട്ട ഒരാളെ മാത്രം കാണാനില്ല. പ്രിയപ്പെട്ട ജയന്തി അഥവാ കന്യാകുമാരി – മുംബൈ സിഎസ്ടിഎം (ട്രെയിൻ നമ്പർ 16381/82 ). എവിടെപ്പോയി എന്ന ചോദ്യത്തിന് റെയിൽവേയ്ക്ക് വ്യക്തമായ ഉത്തരവുമില്ല. അപ്രധാനമായ പല പ്രതിവാര ട്രെയിനുകളും മെമുവും പാസഞ്ചറുകളും സബേർബനും എല്ലാം ഓടിത്തുടങ്ങി. എല്ലാ വണ്ടികളും നിറഞ്ഞു കവിഞ്ഞാണിപ്പോൾ ഓട്ടം. എന്നിട്ടും ജയന്തി ജനത എന്ന പേരിൽ ഒരു കാലത്ത് സൂപ്പർ സ്റ്റാറായിരുന്ന കേരള ജനതയ്ക്ക് പ്രിയപ്പെട്ട ട്രെയിൻ മാത്രം എവിടെപ്പോയി?
ബോംബെ ജയന്തിക്ക് ഒരു ടിക്കറ്റ് ശരിയാക്കിത്തരാമോ എന്നതായിരുന്നു ഒരു കാലഘട്ടത്തിലെ മില്യൻ ഡോളർ ചോദ്യം. എംപിമാരോടോ റെയിൽവേ ഉന്നതന്മാരോടോ ചോദിച്ചാൽ പോലും ഉത്തരം ഒന്നു തന്നെയായിരുന്നു, ‘ ജയന്തിക്ക് മാത്രം ചോദിക്കല്ലേ, വേറെ ഏതു ട്രെയിനായാലും നോക്കാം ’
കല്യാണവും പാലുകാച്ചും ജയന്തിയുടെ ടിക്കറ്റും
കൊങ്കൺ പാത എന്ന എൻജിനീയറിങ് വിസ്മയം സഫലമാകും മുമ്പ് മലയാളികളുടെ മുംബൈ മോഹങ്ങളെല്ലാം ജയന്തിയിലേറിയായിരുന്നു. ഗൾഫിനു മുമ്പ് കേരളത്തിന്റെ ഗൾഫായിരുന്ന ബോംബെയിലേക്കെത്തി ജീവിതം കരുപ്പിടിക്കുകയായിരുന്നു മലയാളിയായ ഏതു ശരാശരി ചെറുപ്പക്കാരന്റെയും സ്വപ്നം. ബോംബെയിലെ വിസ്മയങ്ങളിലേക്കെത്തി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മലയാളി യൗവനത്തിന് ചിറകു നൽകിയത് ജയന്തി ജനതയാണ്.
ബോംബെയിലെ ‘കമ്പനി’ ജോലിക്കിടെ ലീവെടുക്കുന്നതും നാട്ടിലെത്തുന്നതും എന്തിന് വിവാഹത്തീയതി നിശ്ചയിക്കുന്നതു പോലും ജയന്തിയുടെ ടിക്കറ്റ് ശരിയാവുന്നതനുസരിച്ചായിരുന്നു. ബോംബെ മലയാളിയുടെ ഓണവും ക്രിസ്മസും പെരുന്നാളുമൊക്കെ ജയന്തിയുടെ ടിക്കറ്റ് എന്ന ലോട്ടറിയടിക്കുന്നതനുസരിച്ചായിരുന്നു. ‘ശുഭരാത്രി’ എന്ന മലയാള സിനിമയിൽത്തന്നെ കാണാം ഇതിന്റെ നേർക്കാഴ്ച. ട്രെയിൻ ടിക്കറ്റ് കിട്ടിയതനുസരിച്ച് ബോംബെ മലയാളികളായ നായികാ നായകന്മാരുടെ ആദ്യരാത്രി പോലും ട്രെയിനിലാക്കിയ കഥയ്ക്ക് അന്ന് ഒട്ടും അവിശ്വസനീയത ഉണ്ടായില്ല. കല്യാണത്തിനും വീടു കുടിയിരുപ്പിനുമൊക്കെ സമയം കാണുന്നതു പോലും ജ്യോതിഷം നോക്കിയല്ല, ജയന്തി ജനതയുടെ ടിക്കറ്റ് കൺഫേം ആവുന്നതനുസരിച്ചായിരുന്നു.
കൊങ്കൺ വന്നു, ഗ്ലാമർ പോയി
കാലം മാറി കൊങ്കൺ പാത വന്നതോടെ ജയന്തിയുടെ ഗ്ലാമർ കുറഞ്ഞു. പകുതി സമയം കൊണ്ട് എത്തിച്ചേരാൻ പുതിയ പാത വഴിയൊരുക്കിയതോടെ കുർളയിലേക്കു പുതിയ ട്രെയിനുകൾ എത്തി. സമീപ പ്രദേശങ്ങളായ പൻവേലും വസായിയും വഴി ഡൽഹിയിലേക്കുള്ള ട്രെയിനുകളും എത്തി. ഇതോടെ ജയന്തിയിലെ ടിക്കറ്റ് ‘വിലപിടിപ്പ്’ ഉള്ളതല്ലാതായി. എങ്കിലും ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാനാവാത്ത പോലെ, വികസനം കുതിച്ചെത്തിയ പുണെയിലെ മലയാളികൾക്ക് കൈവിടാനാവാതെ ജയന്തി തലയുയർത്തിത്തന്നെ നിന്നു. മലയിടിച്ചിലും മൺസൂൺ ടൈംടേബിളുമൊക്കെ കൊങ്കൺ മേഖലയെ പിടിച്ചുലയ്ക്കുമ്പോൾ പാമ്പും പഴയതു തന്നെ നല്ലതെന്ന മട്ടിൽ മുംബൈ മലയാളികൾ ജയന്തിയെ ഓർത്തു.
1973 ജനുവരി ആറു മുതൽ 5 സംസ്ഥാനങ്ങൾ കടന്ന് 2136 കിലോമീറ്റർ കുതിച്ചിരുന്ന ജയന്തിക്ക് ചുവപ്പുകൊടി കാണേണ്ടി വന്നത് കോവിഡ് മഹാമാരിയെ തുടർന്ന് ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ്. രാജ്യത്തെ എല്ലാ ട്രെയിനുകളും നിശ്ചലമായപ്പോൾ ജയന്തിയുടെ ശബ്ദവും നിന്നു. പക്ഷേ, ഏതാണ്ട് മറ്റെല്ലാ സർവീസുകളും പുനരാരംഭിച്ചിട്ടും ജയന്തിയുടെ പഴയ ചൂളം വിളി മാത്രം ഇനിയും ഉയരുന്നില്ല.
വരില്ലേ, ഇനിയും ഇതുവഴി ?
വരുമോ വീണ്ടും ജയന്തി ? ഉത്തരം പോസിറ്റീവായി കേൾക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം എവിടെയൊക്കെയോ ഉടക്കി നിൽക്കുന്നു. വന്നാലും ജയന്തി പഴയ ജയന്തിയാവുമോ എന്നു സംശയം. ഇനി പഴയതു പോലെ മുംബൈയിലേക്ക് പോകുമോ? ഇല്ലെന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. കന്യാകുമാരി – പുണെ എക്സ്പ്രസായി പുനർജനിച്ച് പുണെയിൽ സർവീസ് അവസാനിക്കുന്ന രീതിയിൽ ഓടാനാണ് സാധ്യത. ഇതിനെതിരെ യാത്രക്കാരുടെ ശബ്ദം ഉയരുന്നുണ്ടെങ്കിലും മുംബൈ സിഎസ്ടിഎമ്മിലേക്ക് ഇനി ജയന്തി എത്തിക്കാനുള്ള റെയിൽവേയുടെ താൽപര്യക്കുറവാണ് സർവീസ് തുടങ്ങാൻ വൈകുന്നതിനു പ്രധാന കാരണം.
മുംബൈയിലേക്ക് തന്നെ ജയന്തി ഓടേണ്ടത് മലയാളിയുടെ ആവശ്യമാണ്. തിരുപ്പതിയിലും സോളാപൂരിലും പുണെയിലും കല്യാണിലും ദാദറിലും എത്താനുള്ള മലയാളിയുടെ മാർഗമാണ് ജയന്തി മുടങ്ങിപ്പോയാൽ അടയുന്നത്. ഒരു തലമുറയുടെ ചരിത്രം പേറുന്ന സർവീസിനെ ഇല്ലാതാക്കാൻ കോവിഡ് വ്യാപനം അവസരമായി എടുക്കാമോ എന്നാണ് ചോദ്യം.
പുണെയ്ക്ക് പിന്നെ ഏതു വഴി ?
മലയാളികൾ ഏറെ ചേക്കേറിയ നഗരമായ പുണെയിലേക്ക് ഇപ്പോൾ കേരളത്തിൽ നിന്ന് ഒരു പ്രതിദിന ട്രെയിൻ പോലുമില്ല. പ്രതിദിന ട്രെയിനായ ജയന്തിയായിരുന്നു എന്നും മലയാളികളുടെ ആശ്രയം. ആഴ്ചയിലൊരിക്കലുള്ള എറണാകുളം –പുണെ പൂർണ എക്സ്പ്രസ് മാത്രമാണിപ്പോളുള്ള മാർഗം. ആഴ്ചയിൽ രണ്ടു ദിവസം പൻവേൽ വഴി പോകുന്ന പുണെ എക്സ്പ്രസ് എറണാകുളത്തു നിന്നുണ്ടെങ്കിലും 250 കിലോമീറ്ററോളം കൂടുതലാണീ റൂട്ടിൽ. കോവിഡ് കാലത്ത് നിലച്ചു പോയ പാലക്കാട് വഴി പോയിരുന്ന തിരുവനന്തപുരം – മുംബൈ പ്രതിവാര എക്സ്പ്രസും ( 16331/32) പുനരാരംഭിക്കാൻ ഇനിയും ഒരു നടപടിയുമില്ല. പാലക്കാടു നിന്ന് ഇപ്പോൾ പുണെയ്ക്ക് ഒരു ട്രെയിനുമില്ല. അതുകൊണ്ടു തന്നെ ജയന്തിക്കായി കാത്തു കാത്തിരിക്കുന്നു കേരളം.
English Summary: Relationship between Jayanthi Janata Express and Kerala