ADVERTISEMENT

പാലക്കാട്∙ കോൺഗ്രസ് വിട്ടെന്നറിയിച്ച് നേതൃത്വത്തിന് രാജിക്കത്ത് നൽകിയ പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥ് പാര്‍ട്ടിയിലേക്ക് മടങ്ങുമെന്ന് സൂചന. പെരിങ്ങോട്ടുകുറിശ്ശി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണ ചടങ്ങിൽ ഗോപിനാഥ് മുഴുവൻ സമയവും പങ്കെടുത്തു. ഗോപിനാഥിനുള്ള ജനപിന്തുണ ആര്‍ക്കും വിസ്മരിക്കാനാകില്ലെന്നായിരുന്നു ഉദ്ഘാടകനായ മുൻ എംഎൽഎ സി.പി. മുഹമ്മദിന്റെ പ്രതികരണം. 

ഗോപിനാഥ് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ പെരിങ്ങോട്ടുകുറിശ്ശിയിലെ കോൺഗ്രസ് നേതൃത്വം ഔദ്യോഗിക പരിപാടികളിൽനിന്ന് ഭാഗികമായി വിട്ടുനിൽക്കുന്ന സ്ഥിതിയായിരുന്നു. കരുത്തറിയിക്കുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് ഗോപിനാഥിനെ മുൻനിർത്തി കെ.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചതെന്നാണ് വിവരം. അതേസമയം, പ്രവർത്തകരുടെ അഭ്യർഥന മാനിച്ചാണ് പരിപാടിയിൽ പങ്കെടുത്തതെന്നും തന്റെ മടങ്ങിവരവായി ഇതിനെ കാണേണ്ടതില്ലെന്നും ഗോപിനാഥ് പറഞ്ഞു.

‘പരിപാടി ഔദ്യോഗികമാണോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംശയമുള്ളവരോട്, ഇത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ അനുസ്മരണ പരിപാടിയാണ്’ എന്നായിരുന്നു സി.പി.മുഹമ്മദിന്റെ മറുപടി. കയ്യാലപ്പുറത്തിരിക്കാതെ ഏതെങ്കിലും ഭാഗത്തേക്ക് മറിയണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജയശങ്കർ പ്രസംഗത്തിനിടെ ഗോപിനാഥിനെ ഉപദേശിക്കുകയും ചെയ്തു. ചടങ്ങിൽ പി.ടി.തോമസിനും ആദരം അർപ്പിച്ചു.

ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങൾക്കു പിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവും ആലത്തൂർ മുൻ എംഎൽഎയും കെപിസിസി സംസ്ഥാന സമിതി അംഗവുമായിരുന്ന എ.വി. ഗോപിനാഥ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചത്. എ.വി.ഗോപിനാഥിനെ പാലക്കാട് ഡിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവർ രംഗത്തെത്തിയിരുന്നു.

English Summary: AV Gopinath likely to return to congress 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com