ലാലുവിന്റെയും സുശീലിന്റെയും ചിത്രത്തിന് പകരം മൃഗങ്ങൾ; പ്രതിഷേധിച്ച് അണികൾ
Mail This Article
പട്ന ∙ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും ബിജെപി നേതാവ് സുശീൽ കുമാർ മോദിയുടെയും വിക്കിപീഡിയ പേജുകളിൽ മൃഗങ്ങളുടെ ചിത്രങ്ങൾ വന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദം. ലാലുവിന്റെ പേജിലാണ് ആദ്യം ‘കടുംവെട്ട്’ നടന്നത്. ലാലുവിന്റെ ഫോട്ടോയ്ക്കു പകരം നായക്കുട്ടിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടു.
രാഷ്ട്രീയ എതിരാളികൾ ലാലുവിനെ അപമാനിക്കുകയാണെന്ന് ആർജെഡി നേതാക്കൾ ആരോപിച്ചു. വൈകാതെ നായക്കുട്ടിയുടെ ചിത്രം മാറ്റി ലാലുവിന്റെ ഫോട്ടോ പുനഃസ്ഥാപിച്ചു. ഇതിനു പിന്നാലെയാണ് സുശീൽ മോദിയുടെ ഫോട്ടോയ്ക്കു പകരം പന്നിയുടെ ചിത്രം വിക്കിപീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടത്.
ഏറെ സമയത്തിനു ശേഷം സുശീൽ മോദിയുടെ ഫോട്ടോയും പേജിൽ തിരിച്ചെത്തി. സൈബർ അതിക്രമത്തെ കുറിച്ച് ആർജെഡി – ബിജെപി സൈബർ പോരാളികൾ തമ്മിൽ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വാഗ്വാദവും പരിഹാസവും നടന്നു.
English Summary: Someone tampered Lalu Yadav's and Sushil Kumar Modi's Wikipedia page, replaced their photos with animals