ADVERTISEMENT

ആലപ്പുഴ∙ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസന്റെ കൊലപാതകത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിലെന്നു സൂചന. കസ്റ്റഡിയിലുള്ളവരിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളയാളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലുള്ള രണ്ടുപേർ ആലപ്പുഴ സ്വദേശികളാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുകയാണ്. 

രൺജീത് വധത്തിൽ ഇതുവരെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള ഒരാളും അറസ്റ്റിലായിട്ടില്ല. അറസ്റ്റിലായ അഞ്ച് എസ്ഡിപിഐ പ്രവർത്തകരും തെളിവു നശിപ്പിക്കൽ, പ്രതികളെ സഹായിക്കുക എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടവരാണ്. അതേസമയം എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ മുഖ്യ പ്രതികളടക്കമുള്ളവർ പിടിയിലായിക്കഴിഞ്ഞു. ഇനി ഗൂഢാലോചനയിൽ പങ്കാളികളായ ചിലർ മാത്രമാണ് അറസ്റ്റിലാകാനുള്ളത്.

രൺജീത് വധക്കേസിലെ പ്രതികളെ എല്ലാം തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതികൾ കേരളം വിട്ടെന്നും ഇവരെ ഉടനടി കണ്ടെത്താൻ സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ക്രമസമാധാനനില തകരാതിരിക്കുന്നതിനായാണ് വ്യാപക പരിശോധനകൾ നടത്തുന്നതെന്നും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ സാധിക്കില്ലെന്നും എഡിജിപി പറഞ്ഞിരുന്നു.

ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസിനെ (45) അക്രമികൾ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിൽവച്ചാണ് വെട്ടിക്കൊന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകൾക്കകമായിരുന്നു രൺജീതിന്റെ കൊലപാതകം.

English Summary: Ranjith Srinivas murder case, Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com