ADVERTISEMENT

കോഴിക്കോട്∙ ലിംഗസമത്വത്തിനായുള്ള പോരാട്ടങ്ങൾക്കും ജെ‍ൻഡർ ന്യൂട്രൽ യൂണിഫോമിനുമൊക്കെ വലിയ പ്രാധാന്യം കൈവരുന്ന ഇക്കാലത്തു പെൺകുട്ടികൾക്കു കൂടി പ്രവേശനം തേടിയുള്ള ഒരു സ്കൂളിന്റെ നിവേദനം ഫയലിൽ കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ചാലപ്പുറം ഗവ.ഗണപത് ഹൈസ്കൂളിലാണു പെൺകുട്ടികൾക്കു കൂടി പഠിക്കാൻ അവസരം ചോദിക്കുന്നത്.

ഗേൾസ് ഒൺലി, ബോയ്സ് ഒൺലി സ്കൂളുകൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന മിക്സഡ് സ്കൂളുകളാക്കാൻ പിടിഎ തീരുമാനം മാത്രം മതിയെന്നു മന്ത്രി വി.ശിവൻകുട്ടി പറയുമ്പോഴും ചാലപ്പുറം ഗവ.ഗണപത് സ്കൂളിലെ സ്ഥിതി മറ്റൊന്നാണ്. 5 വർഷമായി പിന്നാലെ നടന്നിട്ടും സ്കൂളിൽ പെൺകുട്ടികൾക്കു പ്രവേശനാനുമതി ലഭിച്ചിട്ടില്ല. പിടിഎയും സ്കൂൾ അധികൃതരും ചേർന്ന് 5 വർഷം മുൻപെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ സ്കൂളിൽ പഠിക്കുന്ന 33 പെൺകുട്ടികളുടെ ഭാവിയും ആശങ്കയിലാണ്.

ഒരു നൂറ്റാണ്ടിലേറെ പഴക്കവും സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ പശ്ചാത്തലവുമൊക്കെ പറയാനുള്ള സ്കൂളിന്റെ മറ്റൊരു ചരിത്രപരമായ ചുവടുവയ്പ്പിനു ചുവപ്പുനാട തടസ്സമാവുകയാണ്. 1886ൽ ഗണപത് റാവുവാണ് സ്കൂൾ സ്ഥാപിക്കുന്നത്. ആദ്യകാലത്തു പെൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു. പിന്നീട് കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ ബോയ്സ് ഒൺലി, ഗേൾസ് ഒൺലി എന്നിങ്ങനെ തിരിക്കുകയായിരുന്നു. വി.കെ.കൃഷ്ണമേനോൻ, കെ.പി.കേശവമേനോൻ, എസ്.കെ.പൊറ്റെക്കാട്ട് തുടങ്ങി ഒട്ടേറെ മഹാരഥന്മാർ പഠിച്ചിറങ്ങിയ സ്കൂളാണിത്.

പെൺകുട്ടികൾക്കു കൂടി പ്രവേശനം നൽകാമെന്നു 2016ലാണു പിടിഎ ജനറൽ കൗൺസിൽ തീരുമാനമെടുത്തത്. അന്നത്തെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ വാക്കാലുള്ള സമ്മതവും ഇതിനുണ്ടായിരുന്നു. 33 പെൺകുട്ടികൾക്ക് ആ വർഷം സ്കൂളിൽ പ്രവേശനം നൽകി. ഈ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തിയാണ് അത്തവണത്തെ അധ്യാപക തസ്തികകളും തീരുമാനിച്ചത്. പെൺകുട്ടികൾക്കായി ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കി. പുസ്തകം, ഉച്ചക്കഞ്ഞി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പെൺകുട്ടികൾക്കും ലഭിക്കുന്നുണ്ട്.

പിന്നീടു വന്ന വിദ്യാഭ്യാസ ഉപഡയറക്ടർക്കും സമാനമായ നിലപാടായിരുന്നു. ആൺകുട്ടികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നൊരു നിയമം ഇല്ലെന്നാണ് അന്ന് ഡിഡിഇ പറഞ്ഞത്. എന്നാൽ, ഇത്തരത്തിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കാൻ പാടില്ലെന്ന നിലപാടാണു നിലവിലെ വിദ്യാഭ്യാസ ഉപഡയറക്ടർ സ്വീകരിക്കുന്നത്. ഇതോടെ സ്കൂളിൽ പ്രവേശനം നേടിയ പെൺകുട്ടികളുടെ പഠനം ആശങ്കയിലായി. ഈ വർഷം പ്രവേശനം നേടിയ 7 പെൺകുട്ടികൾക്കു ടിസി കൊടുത്തു പറഞ്ഞുവിട്ടു. നിലവിൽ പത്താം ക്ലാസിലും പെൺകുട്ടികൾ പഠിക്കുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഇവരുടെ പത്താം ക്ലാസ് പരീക്ഷയുടെ റജിസ്ട്രേഷൻ അനിശ്ചിതത്വത്തിലാകും.

മിക്സഡ് സ്കൂളാക്കാൻ അപേക്ഷ നൽകിയ വടകര മടപ്പള്ളി ഗവ.സ്കൂളിന് ഇതേ കാലയളവിൽ അനുമതി നൽകുകയും ചെയ്തു. പെൺകുട്ടികൾക്കു കൂടി പ്രവേശനാനുമതി നൽകണമെന്നാവശ്യപ്പെട്ടു സ്കൂൾ അധികൃതരും രക്ഷിതാക്കളും മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ കണ്ടിരുന്നു. എല്ലാവരും അനുകൂല നിലപാട് സ്വീകരിച്ചിട്ടും അനുമതി ലഭിക്കുന്നില്ല എന്നതാണു വസ്തുത.

നിലവിൽ ഇതു സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെയും (ഡിഇഒ) പ്രധാനാധ്യാപകന്റെയും റിപ്പോർട്ട് തേടിയിട്ടുണ്ട്. അനുമതിയില്ലാതെ പെൺകുട്ടികൾക്ക് എന്തുകൊണ്ടു പ്രവേശനം നൽകി എന്നു വ്യക്തമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഇഒയുടെ റിപ്പോർട്ട് എന്താകുമെന്നു പരിശോധിക്കുകയാണു പിടിഎയും സ്കൂൾ അധികൃതരും. അപേക്ഷ നിരസിക്കുകയാണെങ്കിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.

English Summary: Conversion to Co-educational school: Ganapath PTA’s wait continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com