കള്ളപ്പണം വെളുപ്പിക്കൽ: പോപ്പുലർ ഫിനാൻസിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
Mail This Article
കൊച്ചി∙ പോപ്പുലർ ഫിനാൻസിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 33.84 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. നിക്ഷേപകരെ വഞ്ചിച്ചതായി കേരള പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫിനാൻസിനെതിരെ ഇഡി അന്വേഷണം നടത്തിയത്.
നിക്ഷേപകരെ വഞ്ചിച്ചു 2000 കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസിൽ കമ്പനി എംഡി തോമസ് ഡാനിയേലിന്റെയും മകൾ റിനു മറിയം തോമസിന്റെയും പേരിലുള്ള 31.2 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ ഇഡി നേരത്തേ കണ്ടുകെട്ടിയിരുന്നു. ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ 2000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്നാണു പ്രതികളുടെ സ്വത്ത് താൽക്കാലികമായി കണ്ടുകെട്ടാനുള്ള നടപടികൾ ഇഡി സ്വീകരിച്ചത്.
തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, 3 മക്കൾ എന്നിവരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു ഹൈക്കോടതി അന്വേഷണച്ചുമതല സിബിഐക്കു കൈമാറുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന സംശയം ഉയർന്നതോടെയാണ് ഇഡി അന്വേഷണം ഏറ്റെടുത്തത്.
English Summary: ED attaches 33.84 crore of Popular Finance group