കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോർജ് ഓണക്കൂറിന്
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (മലയാളം) ജോർജ് ഓണക്കൂറിന്. ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. 1 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്കാണ്. നോവൽ– അവർ മൂവരും ഒരു മഴവില്ലും. 50,000 രൂപയാണു പുരസ്കാരത്തുക. യുവ പുരസ്കാരം (50,000 രൂപ) മോബിൻ മോഹൻ നേടി, നോവൽ–ജക്കറാന്ത.
1941 നവംബര്‍ 16ന് മൂവാറ്റുപുഴയ്ക്കടുത്ത് ഒാണക്കൂറിലാണ് ജോർജ് ഓണക്കൂർ ജനിച്ചു. നോവലിസ്റ്റ്, കഥാകാരൻ, സാഹിത്യ വിമർശകൻ ,തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. സംസ്ഥാന സർവ്വവിഞ്ജാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ.
‘ബാലകൈരളി’ വിജ്ഞാനകോശത്തിന്റെ ശില്പി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അഞ്ചു വർഷം നിസ്തുല സേവനം അർപ്പിച്ചതിന് ജവഹർലാൽ നെഹ്‌റു അവാർഡ്, ഗവേഷണ പ്രബന്ധത്തിന് ഇന്ത്യൻ സര്‍വകലാശാലകളിൽ സമർപ്പിച്ച മികച്ച കലാസാഹിത്യ പ്രബന്ധത്തിനുള്ള പുരസ്കാരം ,ഇന്ത്യൻ എഴുത്തുകാരനുള്ള യുറോ–അമേരിക്കൻ പ്രഥമ പ്രവാസി പുരസ്കാരം ,കേരള സാഹിത്യ അക്കാദമി അവാർഡ് (രണ്ടു തവണ–നോവലിനും യാത്രാവിവരണത്തിനും,) മദർ തെരേസ അവാർഡ്, കേരളശ്രീ അവാർഡ്, കേശവദേവ് ജന്മശതാബ്ദി പുരസ്കാരം, തകഴി അവാർഡ്, ദർശന അവാർഡ്, കെ സി ബി സി അവാർഡ്, സഹോദരൻ അയ്യപ്പൻ അവാർഡ്, കേശവദേവ് അവാർഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
English Summary : George Onakkoor bags Kendra Sahitya Akademi Awards