വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം ∙ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിനു ബലക്ഷയമില്ലെന്ന് കണ്ടെത്തൽ. സർക്കാർ നിയോഗിച്ച വിദഗ്ധസമിതി വിജിലൻസിനു റിപ്പോർട്ട് കൈമാറി. തുടർനടപടികൾ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസിന്റെ ഭാഗമായാണ് വടക്കാഞ്ചേരി ലൈഫ് പദ്ധതിയും വിവാദത്തിലായത്.
യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി ചെലവാക്കിയാണ് 140 ഫ്ലാറ്റുകൾ നിർമിക്കാൻ പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിര്‍മിക്കുമെന്നായിരുന്നു കരാർ. 2019 ജൂലൈ 11നാണ് കരാർ ഒപ്പുവച്ചത്. പദ്ധതിയുടെ പേരിൽ 4.48 കോടി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്നു കരാറുകാരനായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചതോടെ സർക്കാർ വിജിലൻസ് അന്വേഷണത്തിനു നിർദേശം നൽകി.
ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താണ് കമ്മിഷൻ നൽകിയതെന്നായിരുന്നു വിജിലൻസ് സംശയിച്ചത്. 2020 സെപ്റ്റംബറിൽ വിജിലൻസിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ സ്പെഷല്‍ യൂണിറ്റ് 1 കേസെടുത്തു. കോട്ടയം വിജിലൻസ് എസ്പി വി.ജി.വിനോദ് കുമാറിനായിരുന്നു അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാർ, യൂണിടാക് കമ്പനി എങ്ങനെ കരാറിന്റെ ഭാഗമായി, കമ്മിഷനായി എത്രരൂപ നൽകി, കരാറിൽ സ്വർണക്കടത്തു കേസിലെ പ്രതികളുടെ പങ്ക് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനായിരുന്നു നിർദേശം.
സമുച്ചയത്തിന്റെ തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് തുടങ്ങിയവ നടത്തി. തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധരും, ക്വാളിറ്റി കൺട്രോളർ (എറണാകുളം), പിഡബ്ല്യൂഡി ബിൽഡിങ് എക്സിക്യൂട്ടിവ് എൻജിനീയർ തുടങ്ങിയവരടങ്ങുന്ന സംഘമാണ് വിദഗ്ധ സമിതിയിലുണ്ടായിരുന്നത്.
English Summary: Expert panel gives clean chit to flats under Life Mission in Wadakkanchery