ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് കാലത്തെ മരുന്നു വാങ്ങലിൽ വൻ അഴിമതി നടന്നതായി ആരോപണം ഉയർന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെഎംഎസ്‌സിഎൽ) 5 വർഷത്തിനിടെ എംഡിയായി എത്തിയത് 8 ഐഎഎസ് ഉദ്യോഗസ്ഥർ. ഒരാൾക്കു പോലും ഒരു വർഷം തികയ്ക്കാൻ കഴിഞ്ഞില്ല. 

ഐഎഎസ് ഉദ്യോഗസ്ഥർക്കു മാത്രമേ എംഡി സ്ഥാനം നൽകാവൂ എന്നു 2017ൽ  വിജിലൻസ് ശുപാർശ നൽകിയിട്ടും, എംഡിമാർ മാറിയ കാലയളവുകളിൽ പലതിലും ജനറൽ മാനേജർമാർക്ക് എംഡിയുടെ അധിക ചുമതല നൽകി. കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിൽനിന്ന് മരുന്നു കാണാതായ വിഷയത്തിൽ യഥാസമയം നടപടി സ്വീകരിക്കാത്ത ജനറൽ മാനേജർ ഡോ.ദിലീപ് കുമാറിനെതിരെ വകുപ്പുതല നടപടിക്കു വിജിലൻസ് ശുപാർശ ചെയ്തിരുന്നു. എന്നാൽ, നടപടി സ്വീകരിക്കാതെ ജനറല്‍ മാനേജർ സ്ഥാനത്തു തുടരാൻ അനുവദിച്ചതോടൊപ്പം എംഡിയുടെ ചുമതലയും നൽകി. വീണാ ജോർജ് മന്ത്രിയായശേഷമാണ് ദിലീപിനെ മാറ്റിയത്. ദീലീപ് ജനറൽ മാനേജറായിരുന്ന കാലത്തു സ്ഥാപനം നൽകിയ ടെണ്ടറുകളെ കുറിച്ചാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരിക്കുന്നത്.

medical-corp

2016 മുതൽ 2021വരെ മാസങ്ങളുടെ ഇടവേളകളില്‍ ഉദ്യോഗസ്ഥർ മാറി വന്നു. ചട്ട വിരുദ്ധമായി സാധനങ്ങൾ വാങ്ങുന്നതിനെതിരെ നിലപാടെടുത്തവർക്കെല്ലാം ഉടനടി സ്ഥാനം നഷ്ടമായതായാണ് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ സംസാരം. മിൻഹാജ് ആലം, ഗോകുൽ ആർ., കേശവേന്ദ്രകുമാർ, വീണാ മാധവൻ, നവജ്യോത് ഖോസ, ശർമിള മേരി ജോസഫ്, നവജ്യോത് ഖോസ, അജയകുമാർ (അഡീ. സെക്രട്ടറി), ബാലമുരളി എന്നിവരാണ് എംഡി സ്ഥാനത്തിരുന്നത്. ബാലമുരളി ഐഎഎസ് രണ്ടാഴ്ചത്തെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. കോവിഡ് ഒന്നാം തരംഗം മുതലാണ് ടെണ്ടറോ ക്വട്ടേഷനോ വിളിക്കാതെ കോടികണക്കിനു രൂപയുടെ മരുന്നുകൾ വാങ്ങിയത്. ഇതു സംബന്ധിച്ച ഡിജിറ്റൽ ഫയലുകൾ കാണാതായും വിവാദമായിരുന്നു. വിജിലൻസ് ശുപാർശയിൽ അധികൃതർ യഥാസമയം നടപടിയെടുത്തിരുന്നെങ്കിൽ വെട്ടിപ്പുകൾ ഒഴിവാക്കാമായിരുന്നു.

English Summary: Corruption on Kerala Medical Services Corporation Limited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com