5 സംസ്ഥാനത്തെ വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കുമെന്ന് സൂചന
Mail This Article
ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സർട്ടിഫിക്കറ്റിൽനിന്നാണ് ചിത്രം ഒഴിവാക്കുക. ഈ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണിത്.
വാക്സീൻ സർട്ടിഫിക്കറ്റിൽനിന്നു മോദിയുടെ ചിത്രം മാറ്റുന്നതിന് ആവശ്യമായ നടപടികൾ കോവിൻ ആപ്പ് വഴി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 2021 മാർച്ചിൽ കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നപ്പോഴും ആരോഗ്യ മന്ത്രാലയം ഇത്തരത്തിൽ നടപടി സ്വീകരിച്ചിരുന്നു.
ചില രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയതിനെ തുടർന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരമായിരുന്നു നടപടി. ഫെബ്രുവരി 10 മുതൽ മാർച്ച് ഏഴു വരെ വിവിധ ഘട്ടങ്ങളായാണ് അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് എല്ലായിടത്തും വോട്ടെണ്ണൽ.
English Summary: Covid vaccination certificates in 5 poll-bound states won’t have PM’s photo