മോറിസ് കോയിൻ: തട്ടിയെടുത്ത 1200 കോടിയിൽ ഭൂരിഭാഗവും വിദേശത്തേക്ക് കടത്തി
Mail This Article
മലപ്പുറം∙ ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍റെ പേരില്‍ തട്ടിയെടുത്ത 1200 കോടിയില്‍ നല്ലൊരു ഭാഗം വിദേശത്തേക്ക് കടത്തിയതായി സൂചന. മോറിസ് കോയിൻ വാഗ്ദാനം ചെയ്തു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 1200 കോടി രൂപയുടെ തട്ടിപ്പു നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയിൽ ആണ് കണ്ടെത്തിയത്.
മോറിസ് ക്രിപ്റ്റോ കറന്‍സി ഇന്ത്യയില്‍ വിനിമയം നടത്താന്‍ അനുമതി ഉടന്‍ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കേരളത്തിലെ മോറിസ് കോയിൻ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ കളിയിടുക്കൽ നിഷാദും സംഘവും കൂടുതല്‍ പണം കീശയിലാക്കിയത്. പൊതു സ്വീകാര്യതയുള്ളവര്‍ക്ക് ഒപ്പമുളള ചിത്രങ്ങള്‍ പ്രചരിപ്പിച്ചും സാധാരണക്കാരുടെ വിശ്വാസം നേടി. കോവിഡ് കാലത്ത് തമിഴ്നാട്ടിലും കമ്പനി വ്യാപകമായ തട്ടിപ്പാണ് നടത്തിയത്.
അമേരിക്കൻ എക്സ്ചേഞ്ചിന്‍റെ പട്ടികയില്‍ മോറിസ് കോയിനെ ചേര്‍ത്തുവെന്ന് അമേരിക്കയുടെ സാമ്പത്തിക രംഗത്തെ പ്രധാനി പറയുന്നതുപോലെ നാടകമുണ്ടാക്കി പ്രചരിപ്പിച്ച ശേഷമാണ് ഇന്ത്യയും ക്രിപ്റ്റോ കറന്‍സിക്ക് അംഗീകാരം നല്‍കുന്നുവെന്ന വാചകക്കസര്‍ത്ത് നടത്തിയത്. രാജ്യത്തെ കടകളിലെല്ലാം മോറിസ് കോയിന്‍ വിനിമയം നടത്താന്‍ ഉടന്‍ അനുമതി ആകുമെന്നായിരുന്നു പ്രചാരണം.
ഇങ്ങനെ തട്ടിയ കോടികളില്‍ നല്ലൊരു ഭാഗം വിദേശത്ത് എത്തിച്ചു. ഹവാല മാര്‍ഗമാണ് പണം കടത്തിയതെന്നാണ് സൂചന. പിന്നാലെ നിഷാദ് കിളിയിടുക്കലും ഗള്‍ഫിലേക്ക് കടന്നു. തമിഴ്നാട്ടില്‍ നിന്നു പോലും അന്‍പതിനായിരത്തില്‍ അധികം പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. മോറിസ് കോയിന്‍റെ പേരില്‍ അഞ്ചു കോടി രൂപ വരെ നഷ്ടമായവര്‍ കൂട്ടത്തിലുണ്ട്. പരാതിയുമായി എത്തുന്നവരെ പൊലീസ് ഗൗനിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
English Summary: Morris Coin fraud worth Rs 1200 cr unearthed; more revelation