ADVERTISEMENT

ഹിന്ദി ഹൃദയഭൂമിയിലെ ‘ദേവ ഭൂമി’യാണ് ഉത്തരാഖണ്ഡ്. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു വസിക്കുന്ന ഉത്തർ പ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കും ഡൽഹി, ചണ്ഡീഗഡ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമൊപ്പം ഹൃദയഭൂമിയുടെ പകിട്ട് ഉത്തരാഖണ്ഡിനുമുണ്ട്. ‘ഹൃദയഭൂമി കീഴടക്കി ഇന്ത്യ പിടിക്കാൻ’ കോപ്പുകൂട്ടുന്ന ദേശീയ പാർട്ടികളെ മോഹിപ്പിക്കുന്നു ഉത്തരാഖണ്ഡ്. കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം എന്ന നിലയ്ക്കു രാജ്യം ഉറ്റുനോക്കുന്ന ഇവിടെ, മറ്റു പ്രാദേശിക കക്ഷികൾക്കു കാര്യമായ വേരോട്ടമില്ല.

അതേസമയം, കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി ഉൾ‌പ്പെടെയുള്ള ഒട്ടേറെ പുരാതന തീർഥാടന കേന്ദ്രങ്ങളുടെ ‘തറവാടു’ കൂടിയാണ് ഉത്തരാഖണ്ഡ്. ഗംഗാനദിയുടെ ഉദ്ഭവ സ്ഥാനം, 12 വർഷം കൂടുമ്പോൾ കുംഭമേളയ്ക്ക് ആതിഥ്യമരുളുന്ന ഹരിദ്വാർ... ഇവയെല്ലാം ചേരുമ്പോൾ ഉത്തരാഖണ്ഡ് ദേവഭൂമിയുമാണ്.

സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രത്തിലും ഈ ‘ഇരട്ട സ്വഭാവ’ത്തിന്റെ സവിശേഷതകൾ കാണാം. 2002 ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ കോൺഗ്രസും ബിജെപിയും ഇവിടെ മാറി മാറി ഭരിക്കുന്നു. ഭരണത്തുടർച്ച എന്നൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. 70 അംഗ നിയമസഭയിൽ 53 പ്രതിനിധികൾ ഉണ്ടെങ്കിലും ബിജെപിയുടെ ‘പഞ്ചാബാണ്’ ഉത്തരാഖണ്ഡ്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം 2 തവണ ബിജെപി ഇവിടെ മുഖ്യമന്ത്രിമാരെ മാറ്റി. അവസരത്തിലും അനവസരത്തിലുമുള്ള നേതാക്കളുടെ പ്രതികരണവും ‘പാളയത്തിലെ പട’യുമാണു ബിജെപിയുടെ പ്രധാന കീറാമുട്ടികൾ. 70 സീറ്റിൽ 60 എണ്ണം പിടിക്കുക എന്ന ‘ടാസ്കാണു’ കേന്ദ്രമന്ത്രി അമിത് ഷാ ഇക്കുറി സംസ്ഥാന ബിജെപി ഘടകത്തിനു നൽകിയിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിലാദ്യത്തെ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണു ബിജെപി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

നിലവിലെ പ്രാതിനിധ്യം ഒൻപതു സീറ്റിൽ ഒതുങ്ങുമെങ്കിലും സംസ്ഥാനത്തു കോൺഗ്രസിനെ എഴുതിത്തള്ളുന്നതു മൗഢ്യമാണെന്ന കാര്യത്തിൽ ബിജെപിക്കും തർക്കമുണ്ടാകില്ല. പാർട്ടിയിലെ 14 എംഎൽഎമാർ നേരത്തേ കോൺഗ്രസ് വിട്ടു വന്നവരാണ് എന്നതുതന്നെ കാരണം. നിയമസഭാംഗവും മുൻ മന്ത്രിയും ദലിത് നേതാവുമായ യശ്പാൽ ആര്യ കഴിഞ്ഞ വർഷം മകൻ സഞ്ജീവ് ആര്യയ്ക്കൊപ്പം ബിജെപിയിൽനിന്നു മടങ്ങിയെത്തിയത് കോൺഗ്രസിന് ഊർജമാണ്.

എന്നാൽ മുഖ്യമന്ത്രിക്കസേര ലക്ഷ്യംവച്ചു പ്രബല നേതാക്കൾ നീക്കം തുടങ്ങിയത് കോൺഗ്രസ് പാളയത്തെയും വലയ്ക്കുന്നു. 24 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ‘ഒരു മുഴം’ മുൻപേ എറിഞ്ഞ് ആം ആദ്മി പാർട്ടിയും കളം പിടിക്കാനൊരുങ്ങുമ്പോൾ ഉത്തരാഖണ്ഡിന്റെ മനസ്സ് ആർക്കൊപ്പമെന്നതു പ്രവചനാതീതം.

Pushkar-Singh-Dhami-uttarakhand-cm-1248
മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി.

∙ 5 വർഷം, മുഖ്യമന്ത്രിമാർ 3

ഫെബ്രുവരി 14 നാണ് സംസ്ഥാനത്തു വോട്ടെടുപ്പ്. ബിജെപിക്ക് 60 സീറ്റ് ഉറപ്പാണെന്നും ബാക്കി എത്രകിട്ടുമെന്നു മാത്രം നോക്കിയാൽ മതിയെന്നും തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ഉത്തരാഖണ്ഡിൽ ബിജെപിക്കു കാര്യങ്ങൾ അത്ര ഈസിയല്ലെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. കാരണങ്ങൾ പലതാണ്.

ചുമതലയേറ്റ് നാലു മാസത്തിൽ താഴെ മാത്രം സമയമായപ്പോഴാണു സംസ്ഥാനത്തെ പാർട്ടിയുടെ മുഖമായ തീരഥ് സിങ് യാദവിന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നത്. തീരഥിന്റെ പിൻഗാമിയായി സ്ഥാനമേറ്റ പുഷ്കർ സിങ് ധാമിയാണ് ഈ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നത്. മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനു പകരം, കഴിഞ്ഞ മാർച്ചിലായിരുന്നു തീരഥ് സിങ് സ്ഥാനമേറ്റത്. സർക്കാർ ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിക്കേണ്ടി വന്നതും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിശ്വാസം നഷ്ടമായതുമാണു ത്രിവേന്ദ്ര റാവത്തിന്റെ രാജിക്കു കാരണമായത്. നാലു വർഷത്തെ ഭരണത്തിനിടെ അദ്ദേഹം ആർഎസ്എസിനും അനഭിമതനായി.

പാർട്ടിയിൽ തമ്മിലടി രൂക്ഷമായതിനു പിന്നാലെ, കാര്യങ്ങൾ പിടിവിട്ടുപോകുമെന്ന ഘട്ടത്തിലാണ് കേന്ദ്ര നേതൃത്വം റാവത്തിന്റെ രാജി ചോദിച്ചു വാങ്ങിയത്. പിന്നാലെ, മുതിർന്ന നേതാവ് മദൻ കൗശിക്കിനെ സംസ്ഥാന അധ്യക്ഷനായി കേന്ദ്ര നേതൃത്വം നിയമിച്ചു. സംസ്ഥാനത്തെ വിഭാഗീയത അവസാനിപ്പിക്കുന്ന എന്നതായിരുന്നു ദൗത്യം.

ആർഎസ്‌എസ് നിർദേശിച്ച ധൻ സിങ് റാവത്തിനെയും കേന്ദ്രമന്ത്രി അമിത് ഷാ നിർദേശിച്ച അനിൽ ബാലുനിയെയും മറികടന്ന്, എംപിയായ തീരഥ് സിങ്ങിനെ മുഖ്യമന്ത്രിയായി നിയമിച്ചതും സംസ്ഥാനത്തെ വിഭാഗീയത അവസാനിപ്പിക്കാനാണ്. ബിജെപിയിലെ ഒരു വിഭാഗത്തിനൊപ്പവും നിലകൊള്ളാതിരുന്നതാണു തീരഥ് സിങ്ങിനു നറുക്കു വീഴാൻ കാരണം. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ കാര്യമായ സ്വാധീനം ഇല്ലാതിരുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കിയത് ബിജെപിക്കു കാര്യമായി ഗുണം ചെയ്തില്ല. 

സംസ്ഥാനത്തെ പാർട്ടിയിൽ വിഭാഗീയതയ്ക്ക് അറുതി വരുത്തുന്നതിൽ കൗശിക്– തീരഥ് സഖ്യം ഒരു പരിധി വരെ വിജയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ ത്രിവേന്ദ്ര റാവത്തും അനുയായികളും കോൺഗ്രസ് വിട്ടുവന്ന 14 എംഎൽഎമാരും മാത്രമാണു സംസ്ഥാന നേതൃത്വവുമായി പ്രത്യക്ഷത്തിൽ ഇടഞ്ഞുനിന്നത്. 

മാർച്ച് 10നാണു തീരഥ് സിങ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ഉത്തരാഖണ്ഡ് നിയമസഭയിൽ അംഗമല്ലാതിരുന്ന തീരഥിന് സെപ്റ്റംബർ 10നു മുൻപു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടേണ്ടത് അനിവാര്യമായിരുന്നു. മാർച്ച് 29നു നടന്ന ഉപതിരഞ്ഞെടുപ്പിൽ സാൾട്ട് മണ്ഡലത്തിൽനിന്നു മത്സരിക്കാനാകാതെ പോയത് തീരഥിനു തിരിച്ചടിയായി. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോവിഡ് ബാധിച്ചതും ഗർവാൾ മേഖലയിൽനിന്നുള്ള തീരഥിനെ കുമയൂണിലെ സീറ്റിൽ മത്സരിപ്പിക്കുന്നതിൽ കേന്ദ്ര നേതൃത്വം പ്രകടിപ്പിച്ച ആത്മവിശ്വാസക്കുറവുമാണു വിനയായത്. മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ ത്രിവേന്ദ്ര റാവത്തും അനുയായികളും തീരഥിനെ കാലുവാരുമെന്ന ഭയവും കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരുന്നു. 

ബിജെപി എംഎൽഎ ഗോപാൽ സിങ് റാവത്തിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന ഹൽദ്വാനി, കോൺഗ്രസ് എംഎൽഎ ഇന്ദിര ഹൃദയേഷിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന ഗംഗോത്രി എന്നീ സീറ്റുകളിലൊന്നിൽ മത്സരിക്കുക എന്നതായി തീരഥിനു പിന്നീടുള്ള പോംവഴി. എന്നാൽ കോവിഡ് വ്യാപനം വർധിക്കുകയും നിയമസഭയുടെ കാലാവധി അവസാനിക്കാറാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഉപ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാഞ്ഞതോടെ, നാലു മാസത്തിനു ശേഷം തീരഥിനു രാജിവച്ചൊഴിയേണ്ടി വന്നു. പിന്നാലെയാണ് പുഷ്കർ സിങ് ധാമിയെ മുഖ്യമന്ത്രിയായി കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുന്നത്. സംസ്ഥാന മന്ത്രിസഭയിൽ മുൻപ് ഒരു തവണ പോലും അംഗമായിട്ടില്ലാത്ത പുഷ്കർ സിങ് ധാമി അങ്ങനെ മുഖ്യമന്ത്രിയായി.

തീരഥ് സിങ് റാവത്ത്
മുൻ മുഖ്യമന്ത്രിയും എംപിയുമായ തീരഥ് സിങ് റാവത്ത്.

∙ വെല്ലുവിളികൾ പലത്

ഓരോ അഞ്ചു വർഷം കൂടുമ്പോഴും കക്ഷികൾ മാറി മാറി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരം തന്നെയാണു ബിജെപിയുടെ പ്രധാന വെല്ലുവിളി. തൊഴിലില്ലായ്മയും സർക്കാരിന്റെ കെടുകാര്യസ്ഥതയും കോൺഗ്രസ് പ്രചാരണ വിഷയമാക്കുന്നു. ഇതിനൊപ്പം അഞ്ചു വർഷത്തിനിടെ മൂന്നു തവണ മുഖ്യമന്ത്രിമാരെ മാറ്റാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് ഉത്തരാഖണ്ഡിൽ മാത്രമല്ല, തിരഞ്ഞെടുപ്പു നടക്കുന്ന യുപി, പഞ്ചാബ്, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിലും ബിജെപിക്കു വിശദീകരിക്കേണ്ടിവരും.

∙ ചാർധാം ദേവസ്ഥാനം ഭരണസമിതി ബിൽ, പ്രതിഷേധം

ചാർധാം ബോർ‌ഡിനെതിരെ വ്യാപക പ്രതിഷേധവുമായി തെരുവിലിറങ്ങിയ ക്ഷേത്ര പുരോഹിത കൂട്ടായ്മ തങ്ങളുടെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താൻ പോന്നതാണെന്ന തിരിച്ചറിവ് ബിജെപിക്ക് ഉണ്ട്. 2019 ഡിസംബറിലാണ് ചാർധാം ക്ഷേത്ര ഭരണ ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ആദ്യമായി ചർച്ച ചെയ്തത്. കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ചാർധാം തീർഥാടന കേന്ദ്രങ്ങളുടെയും മറ്റു 49 ക്ഷേത്രങ്ങളുടെയും ഭരണം ഒരു ബോർഡിനു കീഴിൽ കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം.

ബില്ലിന് അംഗീകാരം ലഭിച്ചതിനു പിന്നാലെ അന്നത്തെ ത്രിവേന്ദ്ര സിങ് റാവത്ത് സർക്കാർ ഉത്തരാഖണ്ഡ് ചാർധാം ദേവസ്ഥാനം ബോർഡ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയർമാനായ ബോർഡിൽ ഗംഗോത്രി, യമുനോത്രി എന്നീ നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരും ചീഫ് സെക്രട്ടറിയും അംഗങ്ങളായിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ബോർഡിന്റെ സിഇഒ.

എന്നാൽ, ക്ഷേത്ര ഭരണം നടത്തേണ്ടത് ഹിന്ദു സംഘടനകളാണെന്നും ഇതിൽ സർക്കാർ ഇടപെടേണ്ട കാര്യമില്ലെന്നും വാദമുയർത്തി വിശ്വഹിന്ദു പരിഷത്തും വിവിധ ക്ഷേത്രങ്ങളിലെ പൂജാരിമാരും സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. സമരക്കാർക്കു കോൺഗ്രസ് പിന്തുണയും പ്രഖ്യാപിച്ചു.  

ബില്ലിനെതിരെ പ്രതിഷേധവുമായി വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികളും അണിനിരന്നു. ബിൽ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും എത്രയും വേഗം നിർത്തലാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

പ്രതിഷേധം കനക്കുന്നതിനിടെ, മുഖ്യമന്ത്രിയായി ചുമതലയേറ്റ പുഷ്കർ സിങ് ധാമി ചാർധാം ദേവസ്ഥാനം ഭരണസമിതി ബിൽ പിൻവലിച്ചു. എങ്കിലും മേഖലയിലെ പുരോഹിതരുടെ അമർഷം ഇനിയും പൂർണമായി കെട്ടടങ്ങിയിട്ടില്ല. എന്നാൽ പ്രതിഷേധം അവസാനിപ്പിക്കാനായതും ചാർധാം ക്ഷേത്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചാർധാം ഹൈവേ പദ്ധതിക്ക് സുപ്രീം കോടതിയു‍ടെ അംഗീകാരം ലഭിച്ചതും മുതൽക്കൂട്ടാകുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. 

trivendra-singh-rawat-kumbh-mela
മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് കുംഭമേളയ്ക്കിടെ.

∙ കുഭമേള, കോവിഡ് വ്യാപനം

കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ വീശിയടിച്ച കഴിഞ്ഞ ഏപ്രിലിൽ, കുറഞ്ഞത് 60 ലക്ഷം പേരാണ് കുഭമേളയോട് അനുബന്ധിച്ച് ഹരിദ്വാറിൽ ഗംഗാസ്നാനം നടത്തിയത്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കുംഭമേളയിൽ പങ്കെടുത്ത തീർഥാടകർക്ക് കോവിഡിന്റെ പ്രാദേശിക വകഭേദവും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ, പൊതുവിടങ്ങളിൽ ഒത്തുചേരലിന് അവസരമുണ്ടാക്കിയതിന് ഉത്തരാഖണ്ഡ് ഹൈക്കോടതി സർക്കാരിനെ രൂക്ഷമായ ഭാഷയിലാണു വിമർശിച്ചത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഇതു ബിജെപിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിനും ഉപയോഗിച്ചിരുന്നു.  

∙ പാളയത്തിൽ പട

45 കാരനായ പുഷ്കർ സിങ് ധാമിക്ക് പാർട്ടിക്കുള്ളിൽനിന്നുതന്നെ കാര്യമായ എതിർപ്പുണ്ടെന്നു രാഷ്‍ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ധാമി ചുമതലയേറ്റതിനു ശേഷമാണു യശ്പാൽ ആര്യ കോൺഗ്രസിലേക്കു മടങ്ങിയത്. സംസ്ഥാന മന്ത്രിസഭയിലെ അംഗമായ ഹരേക് സിങ് റാവത്ത് കഴിഞ്ഞ നവംബർ മുതൽ പാർട്ടിയിൽ കലാപക്കൊടി ഉയർത്തി നിൽക്കുന്നു. രണ്ടു തവണ രാജി ഭീഷണി മുഴക്കിയ ഇദ്ദേഹത്തെ ബിജെപി അനുനയിപ്പിച്ചു കൂടെ നിർത്തിയ‌െങ്കിലും ആശങ്ക പൂർണമായും അകന്നിട്ടില്ല. ധാമിയും ഹരേക്കും സംസ്ഥാനത്തെ ഭൂരിപക്ഷമായ ‘ഠാക്കുർ’ വിഭാഗത്തിൽ നിന്നുള്ളവരാണ്.  

ഹരീഷ് റാവത്ത്
ഹരീഷ് റാവത്ത്.

∙ കാര്യങ്ങൾ ‘വരുതിയിലാക്കാൻ’ കോൺഗ്രസ്

മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഹരീഷ് റാവത്തിന്റെ കയ്യിലാണു തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കടിഞ്ഞാൺ. ബിജെപി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമാണെന്നും ആരോപിക്കുമ്പോഴും കോൺഗ്രസിലും കാര്യങ്ങൾ അത്ര വെടിപ്പല്ല. മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം ഉയർത്തിക്കാട്ടാനുള്ള ഹരീഷ് റാവത്തിന്റെ ശ്രമത്തിൽ മറ്റു മുതിർന്ന നേതാക്കൾ അസംതൃപ്തരാണ്. ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദേവേന്ദ്ര യാദവും ഇത്തരം സാധ്യതകളെ തള്ളി രംഗത്തെത്തി. 

പ്രതിപക്ഷ നേതാവും ഉത്തരാഖണ്ഡ് മുൻ പിസിസി അധ്യക്ഷനുമായ പ്രീതം സിങ്ങും പല വിഷയങ്ങളിലും ഹരീഷ് റാവത്തിനെ പരസ്യമായി വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പാർട്ടിയുടെ പിന്തുണ ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹരീഷ് റാവത്തിന്റെ ട്വീറ്റിനു പിന്നാലെ കഴിഞ്ഞ മാസം, എഐസിസി നേതൃത്വം സംസ്ഥാനത്തെ എല്ലാ മുതിർന്ന നേതാക്കളെയും ഡൽഹിക്കു വിളിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടേണ്ടതില്ല എന്നുമാണു നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ, ഹരീഷ് റാവത്തിനെയും പിസിസി പ്രസിഡന്റ് ഗണേഷ് ഗോഡിയാലിനെയും ഒരു വിഭാഗം പ്രവർത്തകർ പിന്തുണയ്ക്കുന്നതായും പ്രീതം സിങ്ങിനെയും ദേവേന്ദ്ര യാദവിനെയും മറ്റൊരു വിഭാഗവും പിന്തുണയ്ക്കുന്നതുമായാണ് അണിയറ സംസാരം. 

ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ്, ബിജെപിയെക്കാളേറെ കോൺഗ്രസിനാണു നിർണായകം. ചാർധാം ഹൈവേ ഉൾപ്പെടെ ഒട്ടേറെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും പതിവായി സംസ്ഥാനം സന്ദർശിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ അൽപം അയഞ്ഞ മട്ടാണ്. രാഹുൽ ഗാന്ധി നയിച്ച ഒരേയൊരു പൊതുറാലിയാണു സംസ്ഥാനത്തു കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. വരും ദിവസങ്ങളിൽ പ്രചാരണത്തിനു ശക്തി കൂട്ടി ബിജെപിയെ കടന്നാക്രമിക്കാനാണു കോൺഗ്രസ് തയാറെടുപ്പ്. 

∙ പ്രഖ്യാപനങ്ങളുമായി ആം ആദ്മി പാർട്ടി

അധികാരത്തിലെത്തിയാൽ, 18നു മുകളിൽ പ്രായമുള്ള ഉത്തരാഖണ്ഡിലെ എല്ലാ വനിതകൾക്കും പ്രതിമാസം 1000 രൂപവീതം ബാങ്ക് അക്കൗണ്ടിൽ നൽകുമെന്നു തിരഞ്ഞെടുപ്പു റാലിയില്‍ പരസ്യമായി പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ സംസ്ഥാനത്തു ലക്ഷ്യമിടുന്നത് അദ്ഭുതങ്ങൾ തന്നെ. 

തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ 24 നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്ന ആം ആദ്മി പാർട്ടിക്കും പ്രതിസന്ധികളേറെ. 

പാർട്ടിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റ് അനന്ത് റാം ചൗധരി കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നതു നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. പാർട്ടി നേതൃത്വം തന്നെ വിശ്വാസത്തിലെടുക്കാത്തതിനാലാണു രാജിയെന്നാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ ചൗഹാന്റെ പ്രതികരണം. ഗർവാൾ മേഖലയുടെ ചുമതല ഉണ്ടായിരുന്ന ചൗഹാന്‍ ആ മേഖലയിൽനിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചാലും അദ്ഭുതമില്ല. 

∙ ഗർവാൾ– കുമയൂൺ പോരാട്ടം

മുൻ വർഷങ്ങളിലേതിനു സമാനമായി ഗർവാൾ– കുമയൂൺ മേഖലകൾ തമ്മിലുള്ള പോരാട്ടത്തിനാണ് ഉത്തരാഖണ്ഡിൽ അരങ്ങൊരുങ്ങുന്നത്. കോൺഗ്രസിന്റെ കരുത്തുറ്റ നേതാക്കളായ എൻ.ഡി. തിവാരിയും ഹരീഷ് റാവത്തും കുമയൂൺ മേഖലയിൽനിന്നുള്ളവരാണ്;  ബിജെപിയുടെ പ്രധാന നേതാക്കളായ ഭുവൻ ചന്ദ്ര ഖണ്ഡൂരി, രമേഷ് പൊഖ്രിയാൽ നിഷാങ്ക്, ത്രിവേന്ദ്ര സിങ് റാവത്ത് എന്നിവർ ഗർവാളിൽനിന്നുള്ളവരും. നേർക്കുനേർ പോരാട്ടത്തിൽ ജയം ആർക്കൊപ്പമാകും? കാത്തിരിക്കാം!

 

English Summary: BJP, Congress and AAP sharpens moves to conquor Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com