മൂവാറ്റുപുഴയിൽ ജാമ്യം നേടി വീട്ടിലെത്തിയ നഗരസഭാ കൗൺസിലർക്കെതിരെ ആക്രമണം
Mail This Article
മൂവാറ്റുപുഴ ∙ സിപിഎം-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ ശേഷം ജാമ്യം നേടി വീട്ടിലെത്തിയ നഗരസഭ കൗൺസിലർക്കെതിരെ ആക്രമണം. മൂവാറ്റുപുഴ നഗരസഭ 24-ാം വാർഡ് കൗൺസിലർ അമൽ ബാബുവിനു (27) നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ അമൽ ബാബുവിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് അമൽ ബാബു പൊലീസിനു മൊഴി നൽകി. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് കടാതിയിൽ അമൽ തനിച്ചു താമസിക്കുന്ന വീട്ടിൽ എത്തിയ ആറംഗ സംഘം ആക്രമണം നടത്തിയത്. കൈകൾ പുറകിൽ കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് അമൽ പറഞ്ഞു.
ഇടുക്കിയിൽ എൻജിനീയറിങ് വിദ്യാർഥി ധീരജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബുധനാഴ്ച നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ കോൺഗ്രസും സിപിഎമ്മും ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ അമൽ ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച ജാമ്യത്തിലിറങ്ങിയ അമലിനെ നഗരസഭ ചെയർമാൻ പി.പി.എൽദോസാണ് വീട്ടിലെത്തിച്ചത്. എൽദോസ് പോയ ശേഷമാണ് ആക്രമണം ഉണ്ടായത്.
സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ കോൺഗ്രസ്– സിപിഎം പാർട്ടി നേതാക്കളുമായി ആർഡിഒ ചർച്ച നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട് ആക്രമണങ്ങളും പ്രതിഷേധ പ്രകടനങ്ങളും ഉണ്ടാകില്ലെന്നു ഇരുകൂട്ടരും ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നഗരസഭ കൗൺസിലർ ആക്രമിക്കപ്പെട്ടത്.
Content highlights: Muvattupuzha CPM-Congress Conflit