കോൺഗ്രസ് വിട്ട് തൃണമൂലിൽ എത്തി; ഒരു മാസത്തിനുള്ളിൽ അലക്സോ വീണ്ടും കോൺഗ്രസിലേക്ക്
Mail This Article
പനജി∙ കോൺഗ്രസിൽനിന്ന് തൃണമൂൽ കോൺഗ്രസിലെത്തിയ മുൻ ഗോവ എംഎൽഎ തൃണമൂൽ വിട്ടു. അലക്സോ റെജിനാൾഡോ ലൗറെൻകോ ആണ് പാർട്ടിയിലെത്തി ഒരു മാസം തികയുന്നതിനു മുന്‍പേ തൃണമൂൽ വിടുന്നതായി പ്രഖ്യാപിച്ചത്. ഡിസംബറിൽ, കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കർടൊറിം മണ്ഡലത്തിലെ എംഎൽഎയും പിസിസി വർക്കിങ് പ്രസിഡന്റുമായ അലക്സോ കോൺഗ്രസ് വിട്ട് മമതാ ബാനർജി ക്യാംപിൽ എത്തിയത്.
തൃണമൂൽ വിടുന്നതുമായി ബന്ധപ്പെട്ട് അലക്സോ മമത ബാനർജിക്ക് അയച്ച കത്തിൽ വിശദീകരണങ്ങളോ കാരണങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. ബിജെപിയിൽനിന്നു കോൺഗ്രസിൽ എത്തിയ മൈക്കിൽ ലോബോയുടെ ക്ഷണത്തിനു പിന്നാലെയാണ് അലക്സോയുടെ മനംമാറ്റം എന്നാണ് വിവരം. ഗോവ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനും 2022ൽ ഗോവയിൽ കോണ്‍ഗ്രസ് സർക്കാർ അധികാരത്തിൽ എത്തുന്നതിനും നിങ്ങൾ കോണ്‍ഗ്രസിലേക്ക് തിരികെ എത്തണമെന്ന് അഭ്യർഥിക്കുന്നു എന്നാണ് ലോബോ ഞായറാഴ്ച വൈകിട്ടോടെ ട്വീറ്റ് ചെയ്തത്.
അലക്സോയുടെ രാജി പ്രസ്താവനയായി ലഭിച്ചെന്നും അത് അംഗീകരിക്കുന്നെന്നും ഗോവയുടെ ചുമതലയുള്ള തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര അറിയിച്ചു. കോൺഗ്രസിലേക്ക് തിരികെയെത്തിയ അലക്സോ, കർടൊറിം മണ്ഡലത്തിൽനിന്നു തന്നെ ജനവിധി തേടുമെന്നാണ് വിവരം.
English Summary : Ex Goa Congress Leader Quits Trinamool Within A Month, Gets An Offer