ADVERTISEMENT

കോഴിക്കോട്∙ ഹരിത മുന്‍ നേതാക്കളുടെ പരാതിയില്‍ മുസ്‌ലിം ലീഗ് നേതൃത്വം എംഎസ്എഫ് മിനിറ്റ്സ് തിരുത്താൻ ഇടപെട്ടുവെന്ന് സൂചന. ആവശ്യമെങ്കില്‍ മിനിറ്റ്സ് തിരുത്തേണ്ടി വരുമെന്ന് മുസ്‍ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ.സലാം പറയുന്നതിന്‍റെ ശബ്ദരേഖ പുറത്തുവന്നു. മിനിറ്റ്സ് ആബിദ് ഹുസൈൻ തങ്ങള്‍ എംഎല്‍എ ഇടപെട്ട് മാറ്റിയെന്ന് മുന്‍ എംഎസ്എഫ് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ വെള്ളയില്‍ പൊലീസിന് മൊഴി നല്‍കി.

മുസ്‍ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ.സലാമിന്‍റെ ശബ്ദരേഖയാണ് ലീഗ് നേതൃത്വത്തിന് കുരുക്കായത്. നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ മിനിറ്റ്സ് തിരുത്തേണ്ടി വരുമെന്നാണ് പി.എം.എ.സലാം പറയുന്നത്. എന്നാല്‍ തിരുത്തണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കുന്നുമില്ല. ഇതോടെ ഹരിത മുന്‍ നേതാക്കളെ അപമാനിച്ച എംഎസ്എഫ് യോഗത്തിലെ മിനിറ്റ്സ് ലീഗ് നേതൃത്വം ഇടപെട്ടു തിരുത്തിയിട്ടുണ്ടാകുമെന്ന സൂചനകള്‍ ശക്തമായി.

മിനിറ്റ്സ് എംഎസ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിന്‍റെ കയ്യില്‍ നിലവില്‍ ഇല്ല. ഒറിജിനൽ മിനിറ്റ്സ് ആബിദ് ഹുസൈൻ തങ്ങളെ ഏൽപ്പിച്ചിരുന്നുവെന്നും പൊലീസിനു കൈമാറുമെന്ന വാക്ക് പാലിക്കപ്പെട്ടിരുന്നില്ലെന്നും ലത്തീഫ് തുറയൂർ പറയുന്നു. മിനിറ്റ്സ് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് വെള്ളയില്‍ പൊലീസ് നല്‍കിയ നോട്ടിസിനും ലത്തീഫ് തുറയൂർ നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു.

ഹരിത വിവാദത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ രംഗത്തെത്തിയതിനെ തുടർന്നാണ് ലത്തീഫ് തുറയൂരിനെ സ്ഥാനത്തുനിന്നു നീക്കിയത്. ഹരിത വിഷയത്തിൽ പി.കെ.നവാസ് വിരുദ്ധ പക്ഷത്തായിരുന്ന ലത്തീഫ് തുറയൂരിനു പകരം ആബിദ് ആറങ്ങാടിക്കാണ് ചുമതല നൽകിയത്. ഹരിത വിവാദത്തിൽ എംഎസ്എഫിന്റെ മിനിറ്റ്സ് തിരുത്താൻ പി.എം.എ.സലാം ആവശ്യപ്പെട്ടിരുന്നുവെന്നും താനതിന് തയാറായിരുന്നില്ലെന്നുമാണ് ലത്തീഫ് പറഞ്ഞത്.

തിരുത്തിയ മിനിറ്റ്സാണ് പൊലീസിനു നൽകുന്നതെങ്കിൽ യഥാർഥ മിനിറ്റ്സിന്റെ പകർപ്പ് പൊലീസിനു കൈമാറുമെന്നും ലത്തീഫ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ലത്തീഫ് അടക്കമുള്ള പി.കെ.നവാസ് വിരുദ്ധ ചേരിയിലെ മൂന്ന് പേരെയും പാർട്ടിയിൽ നിന്നടക്കം സസ്പെൻഡ് ചെയ്യാൻ നേതൃത്വം തീരുമാനിച്ചത്. ഒരു വിശദീകരണം പോലും ചോദിക്കാതെയാണു തന്നെ പുറത്താക്കിയതെന്നു ലത്തീഫ് പ്രതികരിച്ചു. നടപടിയെടുത്തുവെങ്കിലും പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തികളായി തുടരുമെന്നാണ് ഇവരുടെ പ്രഖ്യാപനം.

English Summary: Allegation of MSF leader against PMA Salam forces Muslim League on back foot
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com